കാസര്‍കോട്: ചെമ്മനാട് മാവില പേറവളപ്പില്‍ സ്വത്ത് സംബന്ധമായ വഴക്കിനിടെ ജ്യേഷ്ഠനെ വെട്ടിക്കൊന്ന സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച അനുജനെ ചോദ്യം ചെയ്തുവരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് മേല്‍പ്പറമ്പ് പൊലീസ് പറഞ്ഞു.
ചെമ്മനാട് മാവില പേറവളപ്പില്‍ കുമാരന്‍ നായരുടെ മകന്‍ എ. ചന്ദ്രന്‍ നായര്‍(52) ആണ് കൊല്ലപ്പെട്ടത്. ചന്ദ്രന്‍ നായരുടെ ഇളയ സഹോദരന്‍ ഗംഗാധരന്‍ നായരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രി 7.30 മണിയോടെയാണ് സംഭവം. കൂലിപ്പണി കഴിഞ്ഞ് ചന്ദ്രന്‍ നായര്‍ വീട്ടിലെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ഗംഗാധരന്‍ നായര്‍ സ്വത്തിനെ ചൊല്ലി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും ഇതിനിടെയില്‍ ഗംഗാധരന്‍ നായര്‍ ചന്ദ്രന്‍ നായരെ തേങ്ങ പൊതിക്കുന്ന കത്തികൊണ്ട് വെട്ടുകയായിരുന്നുവെന്നും പറയുന്നു. വീട്ടുകാര്‍ ബഹളം വെച്ചതോടെ സമീപവാസികളെത്തി ചന്ദ്രന്‍നായരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഗംഗാധരന്‍ നായരെ പിടികൂടാനുള്ള ശ്രമത്തിനിടെയുണ്ടായ അക്രമത്തില്‍ പേറവളപ്പിലെ മണികണ്ഠന്‍(48), ഗോപിനാഥന്‍(49) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആസ്പത്രിയില്‍ ചികിത്സ തേടി. ഗംഗാധരന്‍ നായരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏറെക്കാലമായി നാട്ടിലില്ലാതിരുന്ന ഗംഗാധരന്‍ ഈയിടെയാണ് തിരിച്ചെത്തിയത്. മദ്യപിച്ചെത്തി സ്വത്തിന്റെ പേരിലുംമറ്റും ഗംഗാധരന്‍ വഴക്കുകൂടുക പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു.
പരേതയായ ജാനകിയാണ് അമ്മ. രമണിയാണ് ചന്ദ്രന്‍ നായരുടെ ഭാര്യ. മക്കള്‍: മാളവിക, ശിവമായ. നാരായണന്‍ നായര്‍ മറ്റൊരു സഹോദരനാണ്. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.