എന്റെ ഹൃദയത്തിന്റെ ഉടമ
സതീഷ് ബാബു പയ്യന്നൂര്‍ എനിക്കാരായിരുന്നു? എന്റെ ആത്മമിത്രമോ നാട്ടുകാരനോ, അനിയനോ, അഭ്യുദയകാംക്ഷിയോ, കുടുംബ സുഹൃത്തോ, സമാനമനസ്‌കനോ, ഒരു കാലത്തെ സന്തത സഹചാരിയോ, സര്‍ഗാത്മക സ്പര്‍ശമോ അതോ അതിനെല്ലാം ഉപരി എന്റെ ഹൃദയാംശമോ!… ഒരു പക്ഷേ, അതൊരു പൂര്‍വ ജന്മ സുകൃതമാവാം… ജന്മാന്തര ബന്ധമാവാം.കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി എന്റെ 'ബാബു' സ്വപ്‌നത്തിലും ജാഗ്രത്തിലും എന്നോടൊപ്പമുണ്ട്. ഒരു വിളിപ്പാടകലെയുണ്ട്. എന്നാണോ ആദ്യമായി കണ്ടുമുട്ടിയത്, ആ സന്മുഹൂര്‍ത്തത്തിലെ സ്‌നേഹവും മമതയും പരസ്പര വിശ്വാസവും അടുപ്പവും തരിമ്പും നഷ്ടപ്പെട്ടു പോകാതെ അതേ അളവില്‍ […]
സതീഷ് ബാബു പയ്യന്നൂര്‍ എനിക്കാരായിരുന്നു? എന്റെ ആത്മമിത്രമോ നാട്ടുകാരനോ, അനിയനോ, അഭ്യുദയകാംക്ഷിയോ, കുടുംബ സുഹൃത്തോ, സമാനമനസ്‌കനോ, ഒരു കാലത്തെ സന്തത സഹചാരിയോ, സര്‍ഗാത്മക സ്പര്‍ശമോ അതോ അതിനെല്ലാം ഉപരി എന്റെ ഹൃദയാംശമോ!… ഒരു പക്ഷേ, അതൊരു പൂര്‍വ ജന്മ സുകൃതമാവാം… ജന്മാന്തര ബന്ധമാവാം.കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി എന്റെ 'ബാബു' സ്വപ്‌നത്തിലും ജാഗ്രത്തിലും എന്നോടൊപ്പമുണ്ട്. ഒരു വിളിപ്പാടകലെയുണ്ട്. എന്നാണോ ആദ്യമായി കണ്ടുമുട്ടിയത്, ആ സന്മുഹൂര്‍ത്തത്തിലെ സ്‌നേഹവും മമതയും പരസ്പര വിശ്വാസവും അടുപ്പവും തരിമ്പും നഷ്ടപ്പെട്ടു പോകാതെ അതേ അളവില്‍ […]
സതീഷ് ബാബു പയ്യന്നൂര്‍ എനിക്കാരായിരുന്നു? എന്റെ ആത്മമിത്രമോ നാട്ടുകാരനോ, അനിയനോ, അഭ്യുദയകാംക്ഷിയോ, കുടുംബ സുഹൃത്തോ, സമാനമനസ്‌കനോ, ഒരു കാലത്തെ സന്തത സഹചാരിയോ, സര്‍ഗാത്മക സ്പര്‍ശമോ അതോ അതിനെല്ലാം ഉപരി എന്റെ ഹൃദയാംശമോ!… ഒരു പക്ഷേ, അതൊരു പൂര്‍വ ജന്മ സുകൃതമാവാം… ജന്മാന്തര ബന്ധമാവാം.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി എന്റെ 'ബാബു' സ്വപ്‌നത്തിലും ജാഗ്രത്തിലും എന്നോടൊപ്പമുണ്ട്. ഒരു വിളിപ്പാടകലെയുണ്ട്. എന്നാണോ ആദ്യമായി കണ്ടുമുട്ടിയത്, ആ സന്മുഹൂര്‍ത്തത്തിലെ സ്‌നേഹവും മമതയും പരസ്പര വിശ്വാസവും അടുപ്പവും തരിമ്പും നഷ്ടപ്പെട്ടു പോകാതെ അതേ അളവില്‍ ഞങ്ങളിരുവരും കാത്തു സൂക്ഷിച്ചു. ഇതു വരെ. ബാബു ഈ ഭൂമിയില്‍ നിന്നും എന്നെ കൈവിട്ട് മാഞ്ഞു പോകുന്നതുവരെ. മരണം എന്ന രംഗബോധമില്ലാത്ത കോമാളിയെക്കുറിച്ചോര്‍ത്ത് ഈ ഇരുട്ടില്‍, ഏകാന്തതയില്‍, ശൂന്യതയില്‍ നിസ്സഹായനും നിരാലംബനുമായി തേങ്ങിക്കരയുക മാത്രം.
ബുധനാഴ്ച ഞങ്ങള്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ എത്തേണ്ടവരായിരുന്നു. വ്യാഴാഴ്ച അവിടെ നിന്ന് തൊഴുത് മടങ്ങാനും തീരുമാനിച്ചുറപ്പിച്ചതായിരുന്നു. പക്ഷേ, ബുധനാഴ്ച രാത്രി ബാബു ആരുമാരുമറിയാതെ ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് നടന്നു മറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച നീലേശ്വരത്ത് ശ്രീകുമാരന്‍ തമ്പിക്കു നല്‍കിയ 'സ്‌നേഹാദര'ത്തില്‍ ('ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം' പരിപാടിയില്‍) ബാബു സംബന്ധിക്കേണ്ടതായിരുന്നു. അന്നും ഞങ്ങള്‍ അവിടെ സംഗമിക്കാന്‍ തീരുമാനിച്ചതായിരുന്നു. ഓര്‍ക്കാപ്പുറത്ത് എന്തോ തിരക്കില്‍ പെട്ടതിനാല്‍ അന്നത്തെ വരവും മാറ്റിവെച്ചു.
മൂകാംബികയില്‍ താമസിക്കാന്‍ മഹാലക്ഷ്മി റസിഡന്‍സിയില്‍ മുറി ബുക്ക് ചെയ്തതായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് എന്നെ വിളിച്ചു പറഞ്ഞത്, ദേവി വിളിക്കാതെ എങ്ങനെയാണ് അങ്ങോട്ടു പോവുക? നമുക്ക് അടുത്ത ആഴ്ച പോകാം.
നീലേശ്വരത്ത് ശ്രീകുമാരന്‍ തമ്പിയെ വേദിയില്‍ അഭിമുഖം ചെയ്യേണ്ട പരിപാടിയായിരുന്നു. സതീഷ് ബാബുവിന്റെ സാന്നിദ്ധ്യം അനിവാര്യമായ ചടങ്ങ്. നിനച്ചിരിക്കാതെ എല്ലാം ചിതറിത്തെറിച്ച പോലെ ! അപ്പോഴേ എന്റെ മനസ്സ് വല്ലാതെ വ്യാകുലപ്പെടുകയായിരുന്നു. എന്തിനെന്നറിയാത്ത ഒരു ഉല്‍ക്കണ്ഠ, സന്ദേഹം, നീറ്റല്‍.
ആറാമിന്ദ്രിയം നല്‍കിയ ആ ആപല്‍സൂചന ശരിയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. തീര്‍ത്തും അനാഥനായ പോലെ തോന്നുന്ന ഒരു മാനസികാവസ്ഥ. ജീവിതമേ, നീ എന്ത് എന്ന ചോദ്യം പേര്‍ത്തും പേര്‍ത്തും ഉള്ളില്‍ ആര്‍ത്തിരമ്പുന്നതു പോലെ!
ഏറ്റവും പ്രിയപ്പെട്ടവര്‍ അടര്‍ന്നു വീഴുമ്പോള്‍ ജീവിതമെന്ന മഹാസമസ്യയുടെ മുന്നില്‍ സ്തംഭിച്ചു നില്‍ക്കുക മാത്രം.
സതീഷ് ബാബുവും ഞാനും തമ്മിലുള്ള ആത്മബന്ധത്തിന്റെ അപാരതയും അഗാധതയും കണ്ട് ഞങ്ങളെ അടുത്തറിയുന്ന എത്രയോ പേര്‍ അസൂയപ്പെട്ടിട്ടുണ്ട്, കൊതിപൂണ്ടിട്ടുണ്ട്, വിസ്മയം കൊണ്ടിട്ടുണ്ട്. ആ സൗഹൃദത്തിന്റെ കെമിസ്ട്രി പിടികിട്ടാതെ കൈ മലര്‍ത്തിയവരും ഒരു പാടുണ്ട്. 1980 മുതല്‍ നീണ്ടു നിന്ന ആ ഹൃദയബന്ധം വിട പറയും വരെ ഒരു പോറലുമേല്‍ക്കാതെ, ഊതിക്കാച്ചിയ പൊന്നുപോലെ നിലകൊണ്ടു.
ആഴ്ചയില്‍ രണ്ടോ മൂന്നോ വിളിയില്ലാതെ ഇത്രയും കാലം കടന്നു പോയിട്ടേയില്ല. പിന്നെ ഇടയ്ക്കിടെയുള്ള ഒത്തുചേരലുകള്‍. ഏതു ദുഃഖവും രഹസ്യവും മടി കൂടാതെ കൈമാറാനുള്ള മാനസിക ഭാവം.
ഇരുവരും ഒത്തുചേര്‍ന്നുള്ള എത്രയോ യാത്രകള്‍. സര്‍ഗസംഗമങ്ങള്‍. ദേശാടനത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും എത്രയെത്ര അദ്ധ്യായങ്ങള്‍. മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ ആ സര്‍ഗപ്രതിഭയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഓര്‍മ്മകളുടെ, അനുഭവങ്ങളുടെ ഒരു കടലാണ് ഉള്ളില്‍ ഇരമ്പിയെത്തുന്നത്.
ചെറുപ്രായത്തിലേ പ്രതിഭത്തിളക്കം കൊണ്ട് ശ്രദ്ധേയനായിരുന്ന സതീഷ് ബാബു നാലു പതിറ്റാണ്ടു മുമ്പ് എപ്പോഴോ എന്റെ വീട്ടിലേക്ക് സൗഹൃദച്ചിരിയോടെ കയറി വന്ന രംഗം ഇന്നും മിഴിവാര്‍ന്നു നില്‍ക്കുന്നുണ്ട്.
അതുപോലെ 'വീക്ഷണം' ഓണപ്പതിപ്പുമായി ഞാന്‍ ബാബുവിന്റെ വീട്ടിലേക്കു കയറിപ്പോയ രംഗവും മായാത്ത ചിത്രമാണ്. കൊച്ചിയില്‍ 'വീക്ഷണം' പത്രാധിപ സമിതി അംഗമായിരിക്കെയായിരുന്നു അത്.
ആ വര്‍ഷത്തെ ഓണപ്പതിപ്പില്‍ ബാബു എഴുതിയ 'അനിതാ മഛൗനി ഞാന്‍ വരുന്നു' എന്ന നോവലെറ്റുണ്ടായിരുന്നു. എഴുത്തുകാരനെന്ന നിലയില്‍ ബാബുവിനെ ആദ്യം സാക്ഷ്യപ്പെടുത്തിയ രചനയായിരുന്നു അത്.
1984ല്‍ കാസര്‍കോട്ട് 'ഈയാഴ്ച' വാരികയുടെ എഡിറ്ററായി മാറുമ്പോഴേക്കും ബാബു നാടറിയുന്ന എഴുത്തുകാരനായിത്തീര്‍ന്നിരുന്നു. വളരെ പെട്ടെന്നായിരുന്നു ബാബുവിലെ സര്‍ഗാത്മകമായ ഉയര്‍ച്ച. അക്കാലത്ത് യശ:ശരീരനായ കെ.എം. അഹ്‌മദ്, ബാബുവിനെ ആഴത്തില്‍ സ്വാധീനം ചെലുത്തുകയുണ്ടായി. അഹ്‌മദ് മാഷിന്റെ പ്രേരണയും പ്രോത്സാഹനവും മാര്‍ഗ നിര്‍ദേശങ്ങളും ബാബുവിന് പകര്‍ന്നു കൊടുത്ത ആത്മവിശ്വാസവും ഊര്‍ജവും ഏറെയായിരുന്നു.
മാഷിന്റെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ സാധിച്ചതില്‍ ബാബു എക്കാലത്തും കൃതജ്ഞതയും കടപ്പാടും ആത്മനിര്‍വൃതിയും രേഖപ്പെടുത്തുമായിരുന്നു. ഒരു വേള, ബാബുവിന്റെ സര്‍ഗാത്മക ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ സന്ദര്‍ഭവും അനുഭവവുമായിരുന്നു ആ കാസര്‍ക്കോടന്‍ കാലം.
'വീക്ഷണ'ത്തില്‍ നിന്ന് നീണ്ട അവധിയെടുത്ത് ഞാനും ബാബുവിനോടൊപ്പം ആ സംരംഭത്തില്‍ പങ്കുചേര്‍ന്നു. പ്രൂഫ് നോക്കിയും കോളങ്ങള്‍ എഴുതിയും ബാബുവിന്റെ സഹായിയായി വര്‍ത്തിച്ചു. ഹ്രസ്വകാലമേ 'ഈയാഴ്ച'വാരിക നിലനിന്നുള്ളു. പക്ഷേ, മേഘ ജ്യോതിസ്സിനെപ്പോലെ അത് നാടെങ്ങും മിന്നിത്തിളങ്ങുക തന്നെ ചെയ്തു. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലുമെല്ലാം വ്യതിരിക്തവും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായിരുന്നു ആ വാരിക. 'മുഹൂര്‍ത്തം ജ്വലിതം ശ്രേയോ നതു: ധൂയായി തം ചിരം…' എന്ന സംസ്‌കൃത മന്ത്രത്തെ അന്വര്‍ത്ഥമാക്കും വിധമാണ് സാംസ്‌കാരിക കേരളത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഭാഗ്യമുണ്ടായ ആ വാരിക ക്ഷിപ്രവേഗത്തില്‍ നിലച്ചുപോയത്. കഴിവുറ്റ ഒരു പത്രാധിപരുടെ കൈയൊപ്പും ഹൃദയ മുദ്രയും പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് ചിരസ്മരണീയമായ സത്യം.
'ഈയാഴ്ച' നിലച്ചതിനു തൊട്ടുപിന്നാലെയാണ് ബാബു ബാങ്കിന്റെ ലോകത്തേക്ക് വഴിമാറിയത്. എന്നാല്‍ കണക്കിനേക്കാള്‍ അക്ഷരങ്ങളെയാണ് അദ്ദേഹം ആത്മാവിനോട് ചേര്‍ത്ത് വെച്ചത്.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ബാങ്ക് ഉദ്യോഗസ്ഥനായി നാടിന്റെ നാനാഭാഗങ്ങളിലായി വ്യാപരിക്കുമ്പോള്‍ കേരളത്തിലെ തലയെടുപ്പുള്ള കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിത്തിളങ്ങുകയായിരുന്നു. ജന്മസിദ്ധമായ വാസനയും പരിശ്രമ ശീലവും ബാബുവിന്റെ കൈമുതലായിരുന്നു. മലയാള മനോരമയുടെ അഖില കേരള ബാലജനസഖ്യത്തിന്റെ ഒരു 'പ്രോഡക്ട്' കൂടിയായിരുന്നു പരിശ്രമശീലനായിരുന ഈ സര്‍ഗധനന്‍ എന്ന് ഓര്‍ക്കേണ്ടതുണ്ട്.
എഴുത്തും പ്രസംഗവും സംഘാടന പാടവവും ബാബുവിനെ സ്ഫുടം ചെയ്‌തെടുത്തതിനു പിന്നില്‍ ആ ബാലജനസഖ്യകാലത്തിനു ചെറുതല്ലാത്ത പങ്കാണുള്ളത്. പങ്കെടുത്ത ഏത് സാഹിത്യ മത്സരങ്ങളിലും ബാബു ഒന്നാം സ്ഥാനക്കാരനായിരുന്നല്ലോ!
80കളുടെ ആദ്യം പ്രസിദ്ധീകരിച്ച 'ദൈവപ്പുര' എന്ന വിഖ്യാത നോവലിലൂടെയാണ് ബാബു മലയാള നോവല്‍ സാഹിത്യ ലോകത്ത് സ്വന്തം പീഠത്തിന് അര്‍ഹനാവുന്നത്.
കാസര്‍കോട് ജില്ലയുടെ തെക്കേ മുനമ്പിലെ കൊടക്കാട് ഗ്രാമത്തിലെ വിശ്വവിശ്രുതനായ നര്‍ത്തക രത്‌നം കണ്ണപ്പെരുവണ്ണാന്റെ ജീവിതപഥത്തിലേക്ക് ആണ്ടിറങ്ങുന്ന ആ നോവലിന്റെ പിറവിയ്ക്ക് കാരണക്കാരന്‍ ഞാനാണ്. ആ കൃതിയുടെ മുഖമൊഴിയില്‍ ബാബു ഇക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്.
തെയ്യവും തെയ്യം കലാകാരന്മാരും പ്രമേയമായ മലയാളത്തിലെ പ്രഥമ നോവല്‍ എന്ന വിശേഷണം 'ദൈവപ്പുര'ക്ക് മാത്രം അവകാശപ്പെട്ടതാണ്.
കൊടക്കാട് ഗ്രാമത്തിന്റെ ഹൃത്തടമായ വെള്ളച്ചാലില്‍ എന്റെ അയല്‍ വീട്ടുകാരനായിരുന്ന നര്‍ത്തക രത്‌നം കണ്ണപ്പെരുവണ്ണാനും അദ്ദേഹത്തിന്റെ കുടുംബവും പിന്നീട് ബാബുവിന്റെയും ഹൃദയത്തിന്റെ അയല്‍ക്കാരാവുകയായിരുന്നു. മലയാള കഥാപ്രപഞ്ചത്തില്‍ അതീവ ചാരുതയോടെ ആലേഖനം ചെയ്യപ്പെട്ട ബാബുവിന്റെ കഥയാണ് കാരൂര്‍ നീലകണ്ഠപിള്ള സ്മാരക പുരസ്സ്‌ക്കാരം നേടിയ 'ദൈവം'.
ഇത്തരത്തില്‍ ഉത്തരകേരളത്തിന്റെ ഹൃദയത്തുടിപ്പായ തെയ്യം ഞങ്ങള്‍ ഇരുവരുടെയും സര്‍ഗാത്മക ജീവിതത്തെ അത്രമേല്‍ ചൈതന്യ ഭാസുരമാക്കിയിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ 2010ലെ സീനിയര്‍ ഫെലോഷിപ്പിന് എന്നെ അര്‍ഹനാക്കിയതിന് പിന്നില്‍ മാന്ത്രിക കരാംഗുലീ സ്പര്‍ശമായി ഭവിച്ചത് കണ്ണപ്പെരുവണ്ണാനും സതീഷ് ബാബുവുമായിരുന്നു എന്ന കാര്യം ഇത്തരുണത്തില്‍ എനിക്ക് സ്മരിക്കാതെ വയ്യല്ലോ!…
സ്റ്റേറ്റ് ബാങ്കില്‍ ഉദ്യോഗസ്ഥനായി തലസ്ഥാന നഗരിയില്‍ ചേക്കേറിയതിന് ശേഷം ബാബുവിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകളും നേട്ടങ്ങളും ഒരു ഘോഷയാത്ര പോലെ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനേകം അംഗീകാരങ്ങള്‍, പുരസ്‌ക്കാരങ്ങള്‍. ഭാഷയ്ക്കും സാഹിത്യത്തിനും വിലമതിക്കാനാവാത്ത സംഭാവനകള്‍.
കേരളീയ സമൂഹത്തിന്റെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റാന്‍ പോന്ന ഓരോരോ സ്ഥാനമാനങ്ങള്‍. വടക്കന്‍ മണ്ണിന്റെ സുഗന്ധവും സൗന്ദര്യവും ചൂടും ചൂരുമുള്ള എത്രയെത്ര കഥാസമാഹാരങ്ങള്‍, നോവലുകള്‍, ലേഖനങ്ങള്‍, കുറിപ്പുകള്‍, തിരക്കഥകള്‍, യാത്രാനുഭവങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ലോകാന്തരങ്ങളിലെ എത്രയെത്ര യാത്രകള്‍!.
മലയാള കഥയില്‍ പുതിയൊരു ഭാവുകത്വമാണ് ബാബു സൃഷ്ടിച്ചത്. അതീവ ലളിതവും ഹൃദ്യവും ലാവണ്യമാര്‍ന്നതുമായ ഭാഷയിലൂടെ വായനക്കാരെ നെഞ്ചോട് ചേര്‍ത്തുവെക്കാന്‍ ഈ അനുഗൃഹീത എഴുത്തുകാരന് കഴിഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മണ്ണും മനുഷ്യരും കാലവും കലയും ജീവിതമുഹൂര്‍ത്തങ്ങളും ശാദ്വലതകളും ബാബുവിന്റെ കഥകളില്‍ പീലിവിടര്‍ത്തി നില്‍ക്കുന്നു.
പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വായനക്കാരുടെ ഉള്ളം തൊടുന്നതാണ് ഭാവ ഗീതാത്മകമായ ആ കഥകളും നോവലുകളും. അവയ്‌ക്കെല്ലാം അടിയൊഴുക്കായി തിളക്കുന്ന ലാവാപ്രവാഹത്തിന്റെ ഉള്‍ത്താപവുമുണ്ട്.
ആധുനിക ജീവിതത്തിന്റെ സമസ്യകള്‍, അന്യം നിന്നുപോവുന്ന നന്മകള്‍, കുടുംബ ബന്ധങ്ങളുടെ ശൈഥില്യം, ഒറ്റപ്പെടലിന്റെ ആകുലത-എന്നിവയെല്ലാം ബാബുവിന്റെ ഹൃദയം പകരുന്ന രചനകളില്‍ തുടിച്ചു നില്‍ക്കുന്നു.
ജീവിതത്തിന്റെ വ്യഥകളും സംഘര്‍ഷങ്ങളും കാലത്തിന്റെ നോവുകളും ലളിതമായ ആഖ്യാന ശൈലിയില്‍ ആവിഷ്‌കരിക്കുന്ന ഹൃദയസ്പര്‍ശിയായ ആ കഥകളിലും നോവലുകളിലും ഒപ്പം പ്രത്യാശകളും സ്വപ്‌നങ്ങളും ഇതള്‍ വിടര്‍ത്തുന്നു. മനുഷ്യാവസ്ഥകളുടെ പ്രശ്‌നസങ്കീര്‍ണമായ അനുഭവങ്ങളില്‍ നിന്നും ജീവിതത്തിന്റെ പച്ചപ്പുകള്‍ തേടുന്ന ആ രചനകളത്രയും സതീഷ് ബാബുവെന്ന മികവുറ്റ സാഹിത്യ പ്രതിഭയുടെ അനര്‍ഘ സംഭാവനകളാണ്. ഏറ്റവുമൊടുവില്‍ ബാബു അവതാരിക എഴുതിയത് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച എന്റെ 'ജ്ഞാനപ്പാന' എന്ന കഥാ സമാഹാരത്തിനാണ്. സെപ്തംബറില്‍ കൊടക്കാട് വെള്ളച്ചാലില്‍ നര്‍ത്തകരത്‌നം കണ്ണപ്പെരുവണ്ണാന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ പെരുവണ്ണാന്റെ ആത്മകഥയായ 'ചിലമ്പിട്ട ഓര്‍മ്മകള്‍' എന്ന കൃതിയുടെ പ്രകാശനം നിര്‍വ്വഹിച്ചതും സതീഷ് ബാബുവാണ്.
സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക സ്ഥാപനമായ തിരുവനന്തപുരത്തെ ഭാരത്ഭവന്റെ സെക്രട്ടറിയായിരുന്ന ബാബുവാണ് ആ സ്ഥാപനത്തിന്റെ അലകും പിടിയും മാറ്റി ശോഭയാര്‍ന്ന നവീന മുഖം പകര്‍ന്നു നല്‍കിയത്. അതെ, ഈ ഭൂമുഖത്ത് എത്ര കാലം ജീവിച്ചു എന്നതല്ലല്ലോ ഒരാളെ ഇവിടെ സാക്ഷ്യപ്പെടുത്തുന്നത്? 'ജീവിച്ചവര്‍ഷങ്ങളല്ല; വര്‍ഷിച്ച ജീവിതമാണ്'. ബാബു വര്‍ഷിച്ചത് അപ്രകരമുള്ളൊരു ജീവിതമല്ലോ!….'
അപൂര്‍ണമായ ആ മുഗ്ദ്ധ ചിത്രത്തെയാണ് കാലവും വിധിയും ചേര്‍ന്ന് നമ്മില്‍ നിന്ന് ഓര്‍ക്കാപ്പുറത്ത് കവര്‍ന്നെടുത്തത്. തോരാത്ത കണ്ണീരും മുറിവേറ്റ ഹൃദയത്തില്‍ നിന്നൊഴുകുന്ന ശോണ ബിന്ദുക്കളുമായി, ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടവനേ, നിന്റെ ദീപ്തസ്മരണകള്‍ക്കു മുന്നില്‍ എന്റെ തിലോദകം.
വി.വി പ്രഭാകരന്‍