കാലപ്പഴക്കം ചെന്ന ജീപ്പ് പണിമുടക്കുന്നു, പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലവുമില്ല; പരിശോധനക്കിറങ്ങാന്‍ കുമ്പള എക്‌സൈസിന് ആശങ്കയുണ്ട്

കുമ്പള: കാലപ്പഴക്കം ചെന്ന ജീപ്പ് പണിമുടക്കുന്നതും പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതും കാരണം കുമ്പള എക്‌സൈസ് സംഘത്തിന്റെ പരിശോധന കുറയുന്നു. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ജീപ്പിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അപകടം മുന്നില്‍കണ്ട് പരിശോധനക്കിറങ്ങുന്നത്. അബ്കാരി കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ എക്‌സൈസ് ഓഫീസിന്റെ കോമ്പൗണ്ടിന് അകത്തും ഓഫീസിന് സമീപത്തുമായി നിറഞ്ഞുനില്‍ക്കുകയാണ്. ഇത്തരം വാഹനങ്ങള്‍ പുറത്ത് നിര്‍ത്തിയിട്ടാല്‍ വാഹനത്തില്‍ നിന്ന് ടയറുകളും ബാറ്ററികളുമൊക്കെ മോഷണം പോകുന്ന ഭയം ഉദ്യോഗസ്ഥര്‍ക്കുണ്ട്. കാലപ്പഴക്കം ചെന്ന എക്‌സൈസ് ജീപ്പിന്റെ പല ഭാഗങ്ങളും അടര്‍ന്നിരിക്കുകയാണ്. ശക്തമായ […]

കുമ്പള: കാലപ്പഴക്കം ചെന്ന ജീപ്പ് പണിമുടക്കുന്നതും പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതും കാരണം കുമ്പള എക്‌സൈസ് സംഘത്തിന്റെ പരിശോധന കുറയുന്നു. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ജീപ്പിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അപകടം മുന്നില്‍കണ്ട് പരിശോധനക്കിറങ്ങുന്നത്. അബ്കാരി കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ എക്‌സൈസ് ഓഫീസിന്റെ കോമ്പൗണ്ടിന് അകത്തും ഓഫീസിന് സമീപത്തുമായി നിറഞ്ഞുനില്‍ക്കുകയാണ്. ഇത്തരം വാഹനങ്ങള്‍ പുറത്ത് നിര്‍ത്തിയിട്ടാല്‍ വാഹനത്തില്‍ നിന്ന് ടയറുകളും ബാറ്ററികളുമൊക്കെ മോഷണം പോകുന്ന ഭയം ഉദ്യോഗസ്ഥര്‍ക്കുണ്ട്. കാലപ്പഴക്കം ചെന്ന എക്‌സൈസ് ജീപ്പിന്റെ പല ഭാഗങ്ങളും അടര്‍ന്നിരിക്കുകയാണ്. ശക്തമായ മഴയുണ്ടായാല്‍ ജീപ്പ് ചോര്‍ന്നൊലിക്കുന്നത് കാരണം പലപ്പോഴും മരത്തിന് കീഴിലാണ് നിര്‍ത്തിയിടാറ്. ഇറക്കത്തില്‍ പലപ്രാവശ്യം ജീപ്പ് നിയന്ത്രണം വിട്ട് ഓടിയതായി ഡ്രൈവര്‍മാര്‍ പറയുന്നു. മഞ്ചേശ്വരം, സുങ്കതകട്ട, ആനക്കല്ല്, ബായാര്‍, പെര്‍മുദെ, സീതാംഗോളി ഭാഗങ്ങളില്‍ ലഹരിമരുന്നും മദ്യക്കച്ചവടവും സജീവമാകുമ്പോള്‍ ഈ ജീപ്പില്‍ ഇത്രയും ദൂരം ഓടി എത്താന്‍ പറ്റാത്തത് കാരണം പരിശോധന ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് എക്‌സൈസ് ജീവനക്കാര്‍. ലഹരിമരുന്നും മറ്റും കടത്തിക്കൊണ്ടുവരുന്ന ഇരുചക്രവാഹനങ്ങളെ പിന്തുടരാന്‍ പോലും ശേഷിയില്ലാത്ത ജീപ്പാണ് ഇവിടെയുള്ളത്. പ്രതികളെ കസ്റ്റഡിയിലെടുത്താന്‍ തന്നെ കൊണ്ടുപോകുന്ന വഴിക്ക് വാഹനം പണിമുടക്കിയാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്ന ഭയം ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. സമീപ കാലത്ത് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കുമ്പള എക്‌സൈസ് പരിധിയിലാണ്. ഒരു വര്‍ഷം മുമ്പ് കാറില്‍ കടത്തിയ രണ്ടുകോടി രൂപയുടെ കുഴല്‍ പണം പിടികൂടിയതും ഇതില്‍പെടും. പുതിയ വാഹനം അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ആക്ഷേപം.

Related Articles
Next Story
Share it