നിലാവ് പദ്ധതി ഗ്രാമങ്ങളിലും എത്തിക്കണം

സംസ്ഥാന സര്‍ക്കാരിന്റെ നിലാവ് പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ തെരുവ് വിളക്കുകളും വീടുകളിലെ പരമ്പരാഗത ഇലക്ട്രിക് ബള്‍ബുകളും മാറ്റി പകരം എല്‍.ഇ.ഡി. ബള്‍ബുകള്‍ മാറ്റി സ്ഥാപിക്കുന്നതാണ് നിലാവ് പദ്ധതി. ഇതിനകം ഒട്ടേറെ ജില്ലകളില്‍ വീടുകളില്‍ എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ ജില്ലകളിലും നഗരപ്രദദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ബള്‍ബുകള്‍ എത്തിക്കാന്‍ സംവിധാനം ഉണ്ടാവണം. വീടുകളിലെ വൈദ്യുതി ഉപയോഗം കുറക്കുന്നതിന് ഇത് ഉപകരിക്കും. സംസ്ഥാനത്തെ 16.24 ലക്ഷം തെരുവ് വിളക്കുകളില്‍ 10.5 ലക്ഷത്തിലും പരമ്പരാഗത ഇലക്ട്രിക് ബള്‍ബുകളാണ് […]

സംസ്ഥാന സര്‍ക്കാരിന്റെ നിലാവ് പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ തെരുവ് വിളക്കുകളും വീടുകളിലെ പരമ്പരാഗത ഇലക്ട്രിക് ബള്‍ബുകളും മാറ്റി പകരം എല്‍.ഇ.ഡി. ബള്‍ബുകള്‍ മാറ്റി സ്ഥാപിക്കുന്നതാണ് നിലാവ് പദ്ധതി. ഇതിനകം ഒട്ടേറെ ജില്ലകളില്‍ വീടുകളില്‍ എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ ജില്ലകളിലും നഗരപ്രദദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ബള്‍ബുകള്‍ എത്തിക്കാന്‍ സംവിധാനം ഉണ്ടാവണം. വീടുകളിലെ വൈദ്യുതി ഉപയോഗം കുറക്കുന്നതിന് ഇത് ഉപകരിക്കും. സംസ്ഥാനത്തെ 16.24 ലക്ഷം തെരുവ് വിളക്കുകളില്‍ 10.5 ലക്ഷത്തിലും പരമ്പരാഗത ഇലക്ട്രിക് ബള്‍ബുകളാണ് നിലവിലുള്ളത്. അവ മാറ്റി എല്‍.ഇ.ഡി. ബള്‍ബുകള്‍ സ്ഥാപിക്കുന്നതിലൂടെ തെരുവ് വിളക്കുകള്‍ക്ക് കൂടുതല്‍ മിഴിവും ഈട് നില്‍പ്പും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കിഫ്ബിയുടെ സഹായത്തോടെ 290 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതി രണ്ട് മാസത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശം. വൈദ്യുതി ഉപയോഗത്തില്‍ വലിയ വ്യതിയാനം ഉണ്ടാക്കാന്‍ ഈ പദ്ധതി കൊണ്ട് സാധിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപയാണ് തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് ചെലവഴിക്കുന്നത്. പകുതിയോളം തുക ഈയിനത്തില്‍ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും കുറച്ചുകൊണ്ടുവരാനാവും. നഗരപ്രദേശങ്ങളില്‍ മിക്കവാറും എല്ലായിടത്തും തെരുവ് വിളക്കുകള്‍ കത്തുന്നുണ്ട്. എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ മിക്ക സ്ഥലങ്ങളിലും തെരുവ് വിളക്കുകളില്ല. വൈദ്യുതി ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നതിനാല്‍ എല്ലാ പ്രദേശങ്ങളിലും തെരുവ് വിളക്കുകള്‍ എത്തിക്കാനാവണം. വൈദ്യുതിയുടെ ഊര്‍ജ്ജനഷ്ടം ഒഴിവാക്കാനാവുമെന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ ആശ്വാസമാവും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണത്തിന് വൈദ്യുതി ബോര്‍ഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യമുള്ളത്ര ബള്‍ബുകള്‍ വാങ്ങി സ്ഥാപിക്കുന്ന നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ആദ്യ ഘട്ടമായി 665 പഞ്ചായത്തുകളിലും 49 നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളില്‍ ബള്‍ബെത്തിച്ചു കൊടുക്കുന്നതിന്റെ ചുമതലയും വൈദ്യുതി ബോര്‍ഡിനാണ്. ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയാണ് എല്‍.ഇ.ഡി. ബള്‍ബുകള്‍ നല്‍കി വരുന്നത്. 60 രൂപയാണ് ഒരു ബള്‍ബിന്റെ വില. ഓപ്പണ്‍ മാര്‍ക്കറ്റിലെ ബള്‍ബിന്റ വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറഞ്ഞ വിലക്കാണ് ബോര്‍ഡ് വിതരണം ചെയ്യുന്നത്. ഒരു ഉപഭോക്താവിന് 10 മുതല്‍ 15വരെ ബള്‍ബുകള്‍ നല്‍കുന്നുണ്ട്. ഇതിന്റെ വില ഒന്നിച്ചടക്കുകയും വേണ്ട. മൂന്നോ നാലോ മാസത്തെ ബില്ലില്‍ ഗഡുക്കളായി അടച്ചാല്‍ മതിയാവും. ഉപഭോക്താവിന് ഇത് വലിയ ഭാരം ഉണ്ടാക്കുന്നുമില്ല. വീടുകളിലെ വൈദ്യുതി ഉപയോഗത്തിന്റെ തോതും കുറയുന്നതിനാല്‍ ഉപഭോക്താവിന് ആശ്വാസം ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വൈദ്യുതി എത്താത്ത പ്രദേശങ്ങള്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട്. ഗ്രാമ പ്രദേശങ്ങളാണ് ഇതില്‍ ഭൂരിഭാഗവും. നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തരം പ്രദേശങ്ങളില്‍ കൂടി വൈദ്യുതി എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. കേരളത്തില്‍ വൈദ്യുതിയുടെ ഉല്‍പ്പാദനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതില്‍ നിന്ന് ഒരു പടി കൂടി മുമ്പോട്ട് പോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പുതിയ പദ്ധതികള്‍ ഒന്നും ഉണ്ടാവുന്നില്ല. പരിസ്ഥിതി പ്രശ്‌നങ്ങളും പരിസ്ഥിതി വാദികളുടെ എതിര്‍പ്പും കാരണം തുടങ്ങി വെച്ച പദ്ധതികള്‍ തന്നെ പൂര്‍ത്തിയാക്കാനാവുന്നില്ല.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങുകയാണിപ്പോള്‍ ചെയ്യുന്നത്. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ വൈദ്യുതി തരാന്‍ തയ്യാറാണെങ്കിലും അത് എത്തിക്കുവാന്‍ സംവിധാനമില്ല. നിലവിലുള്ള ലൈനുകളില്‍ കൂടി ചുരുങ്ങിയ വൈദ്യുതി മാത്രമേ എത്തിക്കാനാവുന്നുള്ളൂ. കര്‍ണാടകയില്‍ നിന്നുള്ള പുതിയ ലൈനിന്റെ ജോലി തുടങ്ങിയിട്ടുണ്ട്. അവിടെ നിന്ന് വൈദ്യുതി മലപ്പുറത്തെ അഴിക്കോട് 450 കെ.വി. സബ്‌സ്റ്റേഷനില്‍ എത്തിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ വൈദ്യുതി എത്തിക്കാനായാല്‍ ഇവിടത്തെ വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമുണ്ടാക്കാനാവും.

Related Articles
Next Story
Share it