വ്രതശുദ്ധിയിലെ ആത്മചൈതന്യം

പരിശുദ്ധമാക്കപ്പെട്ട ഒരു റമദാന്‍ മാസം കൂടി നമ്മളിലേക്ക് സമാഗതമായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നമ്മുടെ കൂടെ ഉണ്ടായിരുന്ന ഉറ്റവരിലും ഉടയവരിലും ചിലര്‍ ഇന്നില്ല, ഈ റമദാനെ കൂടി വരവേല്‍ക്കാന്‍ നമുക്ക് തൗഫീഖ് ചെയ്തനുഗ്രഹിച്ച സര്‍വ്വലോക പരിപാലകന് ആയിരം സ്തുതി. അല്‍ഹംദുലില്ലാഹ്..മനുഷ്യന്‍ അറിയാത്ത ഒന്നിനെ പഠിപ്പിക്കാനും അവനെ സംസ്‌കരിക്കാനും പരിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ടത് ഈ പരിശുദ്ധ മാസത്തിലെ അവസാന പത്തിലെ ഒറ്റ രാവിലെ, ആയിരം മാസത്തേക്കാളും അനുഗ്രഹീതമായ ലൈലത്തുല്‍ ഖദ്ര്‍ (നിര്‍ണ്ണിത രാവ്) എന്നറിയപ്പെടുന്ന രാവിലാണല്ലോ! അത് കൊണ്ട് പുണ്യങ്ങളുടെ […]

പരിശുദ്ധമാക്കപ്പെട്ട ഒരു റമദാന്‍ മാസം കൂടി നമ്മളിലേക്ക് സമാഗതമായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നമ്മുടെ കൂടെ ഉണ്ടായിരുന്ന ഉറ്റവരിലും ഉടയവരിലും ചിലര്‍ ഇന്നില്ല, ഈ റമദാനെ കൂടി വരവേല്‍ക്കാന്‍ നമുക്ക് തൗഫീഖ് ചെയ്തനുഗ്രഹിച്ച സര്‍വ്വലോക പരിപാലകന് ആയിരം സ്തുതി. അല്‍ഹംദുലില്ലാഹ്..
മനുഷ്യന്‍ അറിയാത്ത ഒന്നിനെ പഠിപ്പിക്കാനും അവനെ സംസ്‌കരിക്കാനും പരിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ടത് ഈ പരിശുദ്ധ മാസത്തിലെ അവസാന പത്തിലെ ഒറ്റ രാവിലെ, ആയിരം മാസത്തേക്കാളും അനുഗ്രഹീതമായ ലൈലത്തുല്‍ ഖദ്ര്‍ (നിര്‍ണ്ണിത രാവ്) എന്നറിയപ്പെടുന്ന രാവിലാണല്ലോ! അത് കൊണ്ട് പുണ്യങ്ങളുടെ പൂക്കാലമായ, ഒന്നിന് എഴുപതു മുതല്‍ കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്ന, നോമ്പ് എനിക്കുള്ളതാണ്, അതിന്റെ പ്രതിഫലം ഞാന്‍ തന്നെ നല്‍കും എന്ന ജഗന്നിയന്താവിന്റെ അരുള്‍പ്പാടിനു പാത്രീഭൂതരാകാന്‍ നമ്രശിരസ്‌കനായി കണ്ണീര്‍പൊഴിച്ച് നമ്മളില്‍ അറിഞ്ഞും അറിയാതെയും വന്നുപോയ പാപക്കറ കഴുകിക്കളയാന്‍ നമസ്‌കാരവും താറാവീഹും ഖുര്‍ആന്‍ പാരായണം, തക്ബീര്‍, തസ്ബീഹ്, തഹ്മീദും കൊണ്ട് ധന്യമാക്കാന്‍ വിശ്വാസികള്‍ ബദ്ധശ്രദ്ധരായിരിക്കണം.
ആപല്‍ഘട്ടത്തില്‍ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ഥിക്കുകയും ശേഷം അല്ലാഹുവിനെ നിന്ദിച്ചു താന്താങ്ങളുടെ പാരമ്പര്യ ദൈവങ്ങളില്‍ കുടികൊള്ളുകയും ചെയ്ത ഒരു സമൂഹം നമുക്ക് മുമ്പ് കടന്നുപോയിട്ടുണ്ടെന്നു ചരിത്രം ഓര്‍മ്മിപ്പിക്കുന്നു. അല്ലാഹു അത്തരക്കാരില്‍ നിന്നും നാമെല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ.
ആമീന്‍...
സര്‍വ്വലോകനാഥന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശപ്രകാരം ഭൂമിയിലെ പ്രഥമ ആരാധനാലയമായ കഅ്ബ, നിര്‍മ്മാണാനന്തരം അല്ലാഹുവിന്റെ കൂട്ടുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇബ്രാഹിം (അ) മും മകന്‍ ഇസ്മായില്‍ (അ) അല്ലാഹുവേ.. ഞങ്ങളില്‍ നിന്നും ഈ സല്‍പ്രവര്‍ത്തി നീ സ്വീകരിക്കേണമേ നാഥാ.. തീര്‍ച്ചയായും നീയാണല്ലോ സകലതും കേള്‍ക്കുന്നവനും അറിയുന്നവനും എന്നു പ്രാര്‍ഥിച്ചതില്‍ നമുക്ക് പാഠമുണ്ട്.
പകലന്തിയോളം വിശപ്പും ദാഹവും ലൈംഗീകേച്ഛയും വെടിഞ്ഞു അനുഷ്ഠിച്ച വ്രതം റബ്ബിനറിയില്ലേ. പിന്നെന്തിനാണ് സ്വീകരിക്കാന്‍ ഒരു പ്രാര്‍ത്ഥന എന്ന ചെറിയ ഒരു സംശയം നമ്മളില്‍ നിഴലിച്ചേക്കാം.. ഇബ്രാഹിം നബിയും പുത്രനും ചെയ്ത സൂക്ഷ്മതയോളം വരില്ലല്ലോ നമ്മുടെ തഖ്വ, എന്നിട്ടും അവര്‍ ചെയ്ത സല്‍ക്കര്‍മ്മങ്ങള്‍ സ്വീകരിക്കാനും പാകപ്പിഴകള്‍ വന്നു പോയിട്ടുണ്ടെങ്കില്‍ പൊറുത്തു തരുവാനും പ്രാര്‍ത്ഥിക്കുന്നു, ഇത് ജീവിതത്തില്‍ പകര്‍ത്തേണ്ട മാതൃകയാണ്.
ആദ്യപിതാവിന്റെ സന്തതിയായ ഹാബീലും ഖാബീലും അല്ലാഹുവിങ്കല്‍ ഒരു നേര്‍ച്ച നേര്‍ന്നിട്ടുണ്ടായിരുന്നു. അവയില്‍ ഒരാളുടെത് മാത്രം സ്വീകരിക്കപ്പെട്ടു. നേര്‍ച്ച സ്വീകരിക്കപ്പെടാത്ത ഖാബീലിന്റെ പകയും അസൂയയും ഹാബീലിനോട് 'തന്നെ ഞാന്‍ കൊല്ലും' എന്ന് പറയുന്ന സഹോദരനോട് നിഷ്‌കളങ്കനായ ഹാബീല്‍ പറയുന്ന ഒരു മറുപടിയുണ്ട് 'തീര്‍ച്ചയായും അല്ലാഹു അമലുകള്‍ സ്വീകരിക്കുന്നത് ഭക്തന്മാരില്‍ നിന്നാണ്'.
നമ്മുടെ ഓരോ അമലുകളും ഭക്തിയിലും സൂക്ഷമതയിലുമായിരിക്കണമെന്നാണ് വിവക്ഷ, ഒരിക്കല്‍ പ്രവാചകപ്രഭു (സ) അരുളി, ഒരാളും അല്ലാഹുവിന്റെ കാരുണ്യം കൊണ്ടല്ലാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. സ്വഹാബികളില്‍ ഒരാള്‍ 'പ്രവാചകരേ.. താങ്കളും അങ്ങനെ തന്നെയാണോ?' എന്ന ചോദ്യത്തിന് 'അതേ' എന്ന് പ്രവാചകന്‍ (സ) പ്രതിവചിച്ചു.
അല്ലാഹു നമ്മുടെ വ്രതവും, പ്രാര്‍ത്ഥനകളും സല്‍ക്കര്‍മ്മങ്ങളും സ്വീകരിച്ചു നാളെ റമദാന്‍ മാസം നമുക്ക് അനുകൂലമായി സാക്ഷി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍പ്പെടുത്തുമാറാകട്ടേ... ആമീന്‍...


-അസീസ് പട്‌ള

Related Articles
Next Story
Share it