പുണ്യ റബീഅ് പിറന്നു; ഇനി പ്രവാചക കീര്‍ത്തനങ്ങളില്‍ നിറയുന്ന ദിനരാത്രങ്ങള്‍

ലോകം ഏറെ ആഹ്ലാദിക്കുന്ന ദിനരാത്രങ്ങള്‍ ആണ് റബീഉല്‍ അവ്വല്‍ മാസം. നബി (സ) പിറന്നത് റബീഉല്‍ അവ്വല്‍ 12നാണ്. ഈ മാസത്തെ നബി കീര്‍ത്തനങ്ങള്‍ പാടി സജീവമാക്കലും ആനന്ദിക്കലും അനിവാര്യവും പരമ്പരാഗത ശൈലിയുമാണ്. ലോകം സൃഷ്ടിക്കാന്‍ കാരണഭൂതരായ മുഹമ്മദ് നബി (സ)യുടെ ജന്മദിനം ലോകത്തിന്റെ ഓരോ ദിക്കിലും നബി കീര്‍ത്തനങ്ങളുടെ അണമുറിയാത്ത പ്രവാഹത്തോടെ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ലോക ചരിത്രത്തിലെ ഏറ്റവും രോമാഞ്ചജനകമായ ദിനമായിരുന്നു റബീഉല്‍ അവ്വല്‍ 12. മനുഷ്യന്റെ മഹത്വവും നൈര്‍മല്യവും അതിന്റെ സമ്പൂര്‍ണ്ണതയില്‍ സമ്മേളിക്കേണ്ട ഒരു […]

ലോകം ഏറെ ആഹ്ലാദിക്കുന്ന ദിനരാത്രങ്ങള്‍ ആണ് റബീഉല്‍ അവ്വല്‍ മാസം. നബി (സ) പിറന്നത് റബീഉല്‍ അവ്വല്‍ 12നാണ്. ഈ മാസത്തെ നബി കീര്‍ത്തനങ്ങള്‍ പാടി സജീവമാക്കലും ആനന്ദിക്കലും അനിവാര്യവും പരമ്പരാഗത ശൈലിയുമാണ്.
ലോകം സൃഷ്ടിക്കാന്‍ കാരണഭൂതരായ മുഹമ്മദ് നബി (സ)യുടെ ജന്മദിനം ലോകത്തിന്റെ ഓരോ ദിക്കിലും നബി കീര്‍ത്തനങ്ങളുടെ അണമുറിയാത്ത പ്രവാഹത്തോടെ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
ലോക ചരിത്രത്തിലെ ഏറ്റവും രോമാഞ്ചജനകമായ ദിനമായിരുന്നു റബീഉല്‍ അവ്വല്‍ 12. മനുഷ്യന്റെ മഹത്വവും നൈര്‍മല്യവും അതിന്റെ സമ്പൂര്‍ണ്ണതയില്‍ സമ്മേളിക്കേണ്ട ഒരു മഹാമനുഷ്യന്റെ പിറവി. ദേശ ഭാഷാ വംശ വിവേചനമില്ലാതെ മാനവ സമൂഹത്തെ ഒന്നടങ്കം നേര്‍വഴിയിലേക്ക് നയിക്കേണ്ട ചുമതലയോടെയുള്ള ആ പിറവിയാണ് ലോകം ഈ ദിനരാത്രങ്ങളില്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്നത്.
മനുഷ്യരില്‍ ഏറ്റവും സമ്പൂര്‍ണ്ണനായ പ്രവാചക തിരുമേനിയുടെ അനുയായികള്‍ എന്ന നിലയില്‍ അഭിമാനത്തോടെ നമുക്ക് തലയുയര്‍ത്തി നില്‍ക്കാനും ആഹ്ലാദിക്കാനും ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് മുമ്പിലുണ്ട്.
ആഗോള താപത്തിനും പരിസ്ഥിതി വ്യതിയാനത്തിന്നും ഉത്തരം പ്രവാചകനിലുണ്ട്. വിഭവങ്ങളെ സംരക്ഷിക്കുകയും സമാഹരിക്കുകയും അവയെ നീതിപൂര്‍വ്വം വിതരണം ചെയ്യുകയും വേണമെന്ന സുസ്ഥിര വികസന കാഴ്ചപ്പാട് ലോകത്ത് ആദ്യമായി അവതരിപ്പിച്ചത് പ്രവാചകന്‍ നബി (സ) യാണ്. ഭൂമുഖത്ത് എല്ലാവരുടെയും ആവശ്യത്തിനുള്ള വിഭവങ്ങളുണ്ട് പക്ഷെ മനുഷ്യന്റെ ആര്‍ത്തിക്ക് തികയുകയില്ല. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും വിഭവങ്ങളെ ധൂര്‍ത്തടിക്കാതിരിക്കാനുമുള്ള പ്രവാചകന്റെ ദീര്‍ഘദര്‍ശിത്വമുള്ള കാഴ്ചയാണ് ഇത്. ഇത്രമേല്‍ മഹത്വം മേളിച്ച പ്രവാചകന്‍ ജനിച്ചതും വളര്‍ന്നതും മലീമസമായ സമൂഹത്തിലായിരുന്നു. നേരും നെറിയുമില്ലാത്ത കിങ്കരന്മാര്‍ക്ക് മാത്രം മേല്‍ക്കോയ്മയുള്ള ചുറ്റുപാട്. സദാചാരത്തിന് തീരെ വില കല്‍പ്പിക്കാത്ത ഒരു സമൂഹം. എന്നാല്‍ സ്വഭാവത്തിലോ, പ്രവര്‍ത്തിയിലോ ആ മാലിന്യം പുരളാതിരിക്കാന്‍ പ്രവാചകന്‍ സദാസമയവും അതീവ ശ്രദ്ധ പുലര്‍ത്തി. അവര്‍ക്കിടയില്‍ സത്യസന്ധതയുടെയും വിശുദ്ധിയുടെയും ഔന്നത്യത്തിന്റെയും ആള്‍രൂപമായി നിലകൊണ്ടു. സങ്കീര്‍ണ്ണ പ്രശ്‌നങ്ങളില്‍ നബിയുടെ അഭിപ്രായം ശ്രദ്ധയോടെ അവര്‍ കേട്ടു. ആ വ്യക്തിത്വത്തിലായിരുന്നു അന്തിമ വിധി.
സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയുമാണ് മുഹമ്മദ് നബി (സ)യിലെ അസാമാന്യ വ്യക്തിത്വത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയത്. അഭിനവ ചുറ്റുപാടുകളില്‍ സങ്കീര്‍ണ്ണങ്ങളായ നൂലാമാലകളില്‍ പരിഹാരങ്ങളുടെ പോംവഴി തേടി മനുഷ്യന്‍ നെട്ടോട്ടമോടുമ്പോള്‍ ആത്യന്തികമായ പ്രായോഗിക പരിഹാര മാര്‍ഗങ്ങള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് നിന്ന് നബി പഠിപ്പിച്ചിട്ടുണ്ട്. മുഹമ്മദ് നബി (സ) യുടെ ഭരണനൈപുണ്യവും നേതൃമഹിമയും സമുദ്ധാരണ വൈഭവവും ചിന്താമികവുകളും ലോകത്തിന് എന്നും അത്ഭുതമായിരുന്നു. മാതൃകായോഗ്യവും പ്രശ്‌നരഹിതവുമായ ആ മാര്‍ഗങ്ങളിലേക്ക് സമകാലിക സമൂഹം കടന്നു ചെല്ലുമ്പോഴാണ് സമാധാനവും സ്വസ്ഥതയുമുണ്ടാവുന്നത് തന്നെ.
ചിന്തിക്കുന്നവര്‍ക്ക് പ്രവാചകനെന്നും ഇഷ്ട വിഷയമാണ്. പ്രവാചകനെ വിശകലനം ചെയ്യുന്നവര്‍ക്ക് ഒരിക്കലും വിഷയ ദാരിദ്ര്യം വരില്ല. നബിയുടെ വ്യക്തിത്വം ഗവേഷകര്‍ക്ക് പോലും നിലക്കാത്ത പ്രവാഹമായിരുന്നു. വറ്റാത്ത ഉറവയാണവിടം. ആരെയും വിസ്മയിപ്പിക്കുന്ന വ്യക്തിത്വം.
കാവ്യഭാവനക്ക് പോലും അന്യമായ വിനയമായിരുന്നു പ്രവാചകന്റെ മുഖമുദ്ര. ഏറ്റവും പുതിയ അറിവുകളും മാറുന്ന ലോകക്രമവും പ്രവാചകന്‍ ഉള്‍ക്കൊണ്ടു. ആര്‍ഭാടങ്ങളില്‍ അഭിരമിക്കാതെ ലളിതമായി ജീവിച്ചു ജനകീയ വിഷയങ്ങളില്‍ പട്ടാളചിട്ടയുടെ നിഷ്‌കര്‍ഷതയാണ് പ്രവാചകന്‍ പുലര്‍ത്തിയത്.
പ്രവാചകന്റെ വാക്കുകളും പ്രവര്‍ത്തനങ്ങളും അടങ്ങിയ സുദീര്‍ഘമായ ആദര്‍ശനിലപാടുകളെപ്പോലെ നബിയുടെ ശരീരപ്രകൃതിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത്ര സത്യസന്ധതയോടെയും വിശദമായും ലോക ചരിത്രത്തില്‍ മറ്റൊരു നേതാവിന്റെയും ചരിത്രം എഴുതപ്പെട്ടിട്ടില്ല എന്നത് ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. ചില മനുഷ്യരുടെ ബാഹ്യ സൗന്ദര്യം നമ്മെ വിസ്മയിപ്പിക്കും. വേറെ ചിലര്‍ എത്ര വിരൂപികളാണെങ്കിലും അവരുടെ ഹൃദയം അതിവിശുദ്ധമായിരിക്കും. എന്നാല്‍ പ്രവാചകന്‍ ഇവ രണ്ടിലും സമ്പൂര്‍ണ്ണനായിരുന്നു. മറ്റാര്‍ക്കും മത്സരിക്കാനാവാത്ത വിധമായിരുന്നു ആ സമ്പൂര്‍ണ്ണത.
വാക്കുകളില്‍ ഇത്രയേറെ കൃത്യത പാലിച്ച മറ്റൊരു നേതാവ് ലോക ചരിത്രത്തില്‍ ഇല്ല. അപരിചിതര്‍ വന്നാല്‍ പ്രത്യേക പരിഗണനയും സല്‍ക്കാരവും വന്നവര്‍ പോകും വരെ ക്ഷമാ പൂര്‍വ്വം അവരെ കേള്‍ക്കും. സ്ഥിരം കാണുന്നവരെ കാണാതിരുന്നാല്‍ അവരെ അന്വേഷിക്കും. രോഗമാണെന്നറിഞ്ഞാല്‍ സാന്ത്വനവുമായി വീട്ടിലെത്തും. ഭക്ഷണം ഇഷ്ടപ്പെട്ടാല്‍ പാകത്തിന് കഴിക്കും, ഇഷ്ടപ്പെട്ടില്ല എങ്കില്‍ പരാതി പറയുകയുമില്ല ഇങ്ങനെ പോവുന്നു പ്രവാചക മഹിമ.
നബി (സ) സൂര്യ സമാനമാണെന്ന് സൂചിപ്പിച്ചത് വെറുതെയല്ല. നബിയെ ദൂരെ നിന്ന് നോക്കിയാല്‍ കണ്ണിന് ചെറുതായേ കാണാന്‍ കഴിയൂ, അരികില്‍ ചെന്നാല്‍ അത്യുജ്വലമായ പ്രകാശപ്പൊലിമയില്‍ കണ്ണഞ്ചിപ്പിക്കുകയും ചെയ്യും. നബി ദര്‍ശനങ്ങളുട മഹിമപാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും നബി സ്‌നേഹം പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്നതോടൊപ്പം വ്യക്തി ജീവിതത്തില്‍ നബിദര്‍ശനങ്ങളുടെ ജീവിക്കുന്ന ഉപമകളായി മാറാനും വിശ്വാസികള്‍ക്കാവണം. മ ദ്ഹുകള്‍ പാടിയും പറഞ്ഞും മധുരം വിതരണം നടത്തിയും സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ചും ഈ പുണ്യദിനരാത്രങ്ങളില്‍ നാം ആ ശ്രമകരമായ ദൗത്യത്തിന്ന് നാന്ദി കുറിക്കുക തന്നെ വേണം.
സ്‌നേഹവും കാരുണ്യവുമായ നബിയിലേക്ക് ചെന്ന് ചേരാനും പാരത്രിക മോക്ഷം ലഭിക്കാനും നമുക്ക് പ്രതിജ്ഞ പുതുക്കാം.

Related Articles
Next Story
Share it