മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 2024-25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുജീബ് കമ്പാറാണ് ബജറ്റ് അവതരിപ്പിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഷമീറ ഫൈസല്‍ ആമുഖ ഭാഷണം നടത്തി. കാര്‍ഷിക മേഖലയിലെ വളര്‍ച്ചയ്ക്ക് വേണ്ടി 67 ലക്ഷം രൂപ, പഞ്ചായത്ത് ഓഫീസിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 50 ലക്ഷം, എം.സി.എഫ് പുതിയ കെട്ടിട നിര്‍മ്മാണത്തിനായി 78 ലക്ഷം,
കുടിവെള്ള പദ്ധതികള്‍ക്കായി 40 ലക്ഷം രൂപ, വനിതകളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി 24 ലക്ഷം രൂപ, ബഡ്സ് സ്കൂള്‍ നിര്‍മ്മാണത്തിനായി 21 ലക്ഷം രൂപ, ഭൂരഹിത, ഭവനരഹിതരായവര്‍ക്ക് ഭവന നിര്‍മ്മാണ ആനുകൂല്യം നല്കാന് 3 കോടി 80 ലക്ഷം രൂപ, പകല്‍ വീട് നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ എന്നിവയാണ് ബജറ്റിലെ പ്രധാനപ്പെട്ട വകയിരുത്തലുകള്‍. ശുചിത്വം മാലിന്യ സംസ്ക്കരണം, വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം, പ്രഭാത ഭക്ഷണം പദ്ധതി, യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും തൊഴില്‍ പരിശീലനം നല്കുന്നതിനുമുള്ള പദ്ധതി, പഞ്ചായത്തിലെ നിവാസികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തില്‍ പരാതി പരിഹാര സമിതി, പ്രവാസി ഗ്രാമസഭ, ലഹരി നിര്‍മാര്‍ജനത്തിന് പ്രായോഗിക കാമ്പയിന്, വനിതകള്‍ക്കായി ഫിനിഷിംഗ് സ്കൂളും തൊഴില്‍ ബാങ്കും അതിഥി തൊഴിലാളി ക്ഷേമം എന്നിവയും ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങളാണ്.
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ബജറ്റ് അവതരണത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ നിസാര്‍ കുളങ്കര, പ്രമീള മജല്‍, കദീജ അബ്ദുല്‍ ഖാദര്‍, വാര്‍ഡ് അംഗങ്ങളായ സുലോചന, ഗിരീഷ്, ജുബൈരിയ, സമ്പത്ത് കുമാര്‍, റാഫി എരിയാല്‍, സമീമ സാദിഖ്, മല്ലിക, നൗഫല്‍ പുത്തൂര്‍, സെക്രട്ടറി എ.പ്രേമ, അക്കൗണ്ടന്റ് നിസാര്‍ സംബന്ധിച്ചു.