എം.എല്‍.എ ചോദിച്ചു; മുഖ്യമന്ത്രി മറുപടി പറഞ്ഞു; 'എയിംസ്: കാസര്‍കോട് പരിഗണനയിലില്ല'

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ? - കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് നിയമസഭയില്‍ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യമായി (നമ്പര്‍: 3869) ഉന്നയിച്ച ചോദ്യത്തിന് ഒറ്റവാക്കില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: 'നിലവില്‍ പരിഗണനയിലില്ല'.കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്ന ശക്തമായ ആവശ്യം ഒരു കൊടുങ്കാറ്റ് പോലെ ഉയരുമ്പോഴാണ് നിലവില്‍ അങ്ങനെയൊരു കാര്യം പരിഗണനയിലേ ഇല്ലെന്ന് മുഖ്യമന്ത്രി ലളിതമായ വാക്കില്‍ മറുപടി പറഞ്ഞത്. ഒപ്പം തന്നെ എയിംസുമായി ബന്ധപ്പെട്ട് മറ്റുചില ചോദ്യങ്ങളും എം.എല്‍.എ […]

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ? - കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് നിയമസഭയില്‍ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യമായി (നമ്പര്‍: 3869) ഉന്നയിച്ച ചോദ്യത്തിന് ഒറ്റവാക്കില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: 'നിലവില്‍ പരിഗണനയിലില്ല'.
കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്ന ശക്തമായ ആവശ്യം ഒരു കൊടുങ്കാറ്റ് പോലെ ഉയരുമ്പോഴാണ് നിലവില്‍ അങ്ങനെയൊരു കാര്യം പരിഗണനയിലേ ഇല്ലെന്ന് മുഖ്യമന്ത്രി ലളിതമായ വാക്കില്‍ മറുപടി പറഞ്ഞത്. ഒപ്പം തന്നെ എയിംസുമായി ബന്ധപ്പെട്ട് മറ്റുചില ചോദ്യങ്ങളും എം.എല്‍.എ ഉന്നയിച്ചിരുന്നു. ചോദ്യവും മുഖ്യമന്ത്രിയുടെ മറുപടിയും ചുവടെ ചേര്‍ക്കുന്നു.
? സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കാമോ
മുഖ്യമന്ത്രി: ഉണ്ട്. എയിംസ് സ്ഥാപിക്കുന്നതിനായി വിവിധ ജില്ലകളിലുള്ള 4 സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ പ്രൊപ്പോസല്‍ 16.07.2014ലെ 32806/എസ് 3/14/എച്ച് ആന്റ് പി.ഡബ്ല്യു.ഡി നമ്പര്‍ കത്ത് പ്രകാരം കേന്ദ്ര സര്‍ക്കാറിന് നല്‍കുകയുണ്ടായി. കൂടാതെ കോഴിക്കോട് ജില്ലയിലെ കിനാലൂരിലെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ എയിംസ് സ്ഥാപിക്കുന്നതിനായി 09.01.2017ലെ എസ്3/393/2016/ ഹെല്‍ത്ത് നമ്പര്‍ കത്ത് പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വീണ്ടും ശുപാര്‍ശ സമര്‍പ്പിക്കുകയുണ്ടായി.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാറുമായി നിരവധി കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ കിനാലൂരിലെ നിര്‍ദ്ദിഷ്ട ഭൂമിയുടെ സാധ്യതാ പഠനത്തിനായി ഒരു ടീമിനെ നിയോഗിക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 18.05.2022ലെ കത്തിലൂടെ കേന്ദ്ര സര്‍ക്കാറിനോട് വീണ്ടും അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍ കേരളത്തിന്റെ ആവശ്യം ഇതേവരെ പരിഗണിക്കപ്പെട്ടിട്ടില്ല. (കത്തുകളുടെ പകര്‍പ്പുകള്‍ അനുബന്ധമായി ചേര്‍ക്കുന്നു)
? എയിംസ് സ്ഥാപിക്കാന്‍ എത്ര ഏക്കര്‍ സ്ഥലം വേണമെന്ന് നിര്‍ബന്ധമുണ്ടോ എന്ന് വ്യക്തമാക്കാമോ
മുഖ്യമന്ത്രി: കേന്ദ്ര സര്‍ക്കാറിന്റെ 19.06.2014ലെ കത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി ഏകദേശം 200 ഏക്കര്‍ സ്ഥലം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.
? സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് എയിംസ് ഏതെങ്കിലും പ്രത്യേക സ്ഥലത്ത് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ
മുഖ്യമന്ത്രി: കോഴിക്കോട് ജില്ലയിലെ കിനാലൂരിലെ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ എയിംസ് സ്ഥാപിക്കുന്നതിനായി 09.01.2017ലെ എസ്3/393/2016/ഹെല്‍ത്ത് നമ്പര്‍ പ്രകരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ കൃത്യമായ മറുപടി ലഭിച്ചതോടെ 3 കാര്യങ്ങള്‍ വ്യക്തം.
1) എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഇതേവരെ പരിഗണിച്ചിട്ടില്ല.
2) എയിംസിനായി കേരള സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്ന സ്ഥലം കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ്.
3) കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം നിലവില്‍ സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലേയില്ല.

Related Articles
Next Story
Share it