ദുബായ് എക്‌സ്‌പോയില്‍ കാസര്‍കോടിന്റെ സ്വരമാധുര്യം

ലോകം കറങ്ങി നടക്കുകയാണ് ദുബായിലെ വേള്‍ഡ് എക്‌സ്‌പോയിലെ അല്‍ഭുത കാഴ്ചകള്‍ക്ക് ചുറ്റും. ആ വിസ്മയ കാഴ്ചകള്‍ കാണാന്‍ അവസരം ലഭിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്. എന്നാല്‍ വേള്‍ഡ് എക്‌സ്‌പോയില്‍, എ.ആര്‍. റഹ്‌മാന്‍ അടക്കം ലോക പ്രശസ്തരായ കലാകാരന്‍മാര്‍ പാടിയ ജൂബിലി വേദിയില്‍ പാടാനും ആയിരങ്ങളുടെ നിറഞ്ഞ കയ്യടി ഹൃദയത്തിലേക്ക് ഏറ്റുവാങ്ങാനും അവസരം ലഭിച്ചാലോ... പറയേണ്ട സന്തോഷം. ഏതൊരാളും കൊതിച്ചു പോവുന്ന മഹാ ഭാഗ്യമാണത്. ഞെട്ടില്ലെങ്കില്‍ കേട്ടോളൂ. ലോക പ്രദര്‍ശനത്തിലെ ജൂബിലി വേദിയില്‍ മനോഹരമായി പാട്ടുപാടി ലോകത്തിന്റെ കയ്യടി […]

ലോകം കറങ്ങി നടക്കുകയാണ് ദുബായിലെ വേള്‍ഡ് എക്‌സ്‌പോയിലെ അല്‍ഭുത കാഴ്ചകള്‍ക്ക് ചുറ്റും. ആ വിസ്മയ കാഴ്ചകള്‍ കാണാന്‍ അവസരം ലഭിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്. എന്നാല്‍ വേള്‍ഡ് എക്‌സ്‌പോയില്‍, എ.ആര്‍. റഹ്‌മാന്‍ അടക്കം ലോക പ്രശസ്തരായ കലാകാരന്‍മാര്‍ പാടിയ ജൂബിലി വേദിയില്‍ പാടാനും ആയിരങ്ങളുടെ നിറഞ്ഞ കയ്യടി ഹൃദയത്തിലേക്ക് ഏറ്റുവാങ്ങാനും അവസരം ലഭിച്ചാലോ... പറയേണ്ട സന്തോഷം. ഏതൊരാളും കൊതിച്ചു പോവുന്ന മഹാ ഭാഗ്യമാണത്.
ഞെട്ടില്ലെങ്കില്‍ കേട്ടോളൂ. ലോക പ്രദര്‍ശനത്തിലെ ജൂബിലി വേദിയില്‍ മനോഹരമായി പാട്ടുപാടി ലോകത്തിന്റെ കയ്യടി നേടിയിരിക്കുകയാണ് നമ്മുടെ നാട്ടുകാരനായ ഉദുമ തൃക്കണ്ണാട് സ്വദേശി ശിവസാഗര്‍. പാട്ടിന്റെ മധുര ശീലുകള്‍ കൊണ്ട് ലോകത്തിന്റെ സകല ദിക്കുകളില്‍ നിന്നുമെത്തിയവരുടെ ഹൃദയം കവര്‍ന്നു കളഞ്ഞു, ചടുല വേഗത കൊണ്ട് വേദികളില്‍ നിറഞ്ഞാടുക കൂടി ചെയ്യാറുള്ള ഈ കാസ്രോട്ടാരന്‍. ഒന്നല്ല, 11 പാട്ടുകളാണ് സാഗര്‍ പാടിയത്.
കലാകാരന്‍മാരായ ആരേയും കൊതിപ്പിക്കുന്നതാണ് ദുബായ് എക്സ്പോ ജൂബിലി വേദി. ഒരിക്കലെങ്കിലും ആ വേദിയില്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കണം എന്നാഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. ആ സ്വപ്‌ന വേദിയില്‍ സ്വര മാധുര്യം തീര്‍ത്ത് താരമാവാന്‍ അവസരം ലഭിച്ച ശിവ സാഗര്‍ ആനന്ദത്തിന്റെ തിരയിലാറാടുകയാണിപ്പോള്‍.
ചെറുപ്പം മുതല്‍ നാട്ടിലെ ഗാനമേളാ വേദികളെ കിടിലം കൊള്ളിച്ചതിന്റെ അനുഭവമാണ് ശിവ സാഗറിന്റെ കരുത്ത്. നാട്ടിലെ പാട്ടു പരിപാടികള്‍ക്ക് താല്‍കാലിക വിരാമമിട്ട് മെച്ചമുള്ള വരുമാന മാര്‍ഗം എന്ന ലക്ഷ്യവുമായാണ് സാഗര്‍ ദുബായിലെത്തിയത്. ബി.സി.എ ബിരുദമുള്ള ശിവസാഗറിന് നല്ലൊരു ജോലി ലഭിച്ചെങ്കിലും ഉള്ളിലെ അടങ്ങാത്ത മോഹം പാട്ടുപാടി കാതുകളെ മധുരിപ്പിക്കുക എന്നതുതന്നെയായിരുന്നു. വൈറ്റ് കോളര്‍ ജോലിയുമായി ഒഫീഷ്യലായി ഗമയിലാണ് നടക്കുന്നതിനേക്കാള്‍ സാഗറിന് ഇഷ്ടം മുറിഞ്ഞ ജീന്‍സും അയഞ്ഞ ടീഷര്‍ട്ടുമിട്ട് പാട്ടുപാടി വേദികളില്‍ നിറഞ്ഞുനില്‍ക്കാനായിരുന്നു നാട്ടിലെ പോലെ തന്നെ വിദേശത്തും പാട്ടു തന്നെയായി സാഗറിന്റെ ജീവിതവും. അങ്ങനെ വേദികളും ഹൃദയങ്ങളും കീഴടക്കി മുന്നേറുന്നതിനിടയിലാണ് എക്സ്പോ വേദിയിലേക്ക് ശിവസാഗറിന് ക്ഷണം ലഭിക്കുന്നത്.
സന്തോഷത്തിന്റെ അമിട്ടുപൊട്ടി സാഗറിന്റെ ഉള്ളില്‍. തുള്ളിച്ചാടി മലക്കംമറിയാന്‍ ഇതിലപ്പുറം സന്തോഷം വേറെ എന്തുവേണം.


ജൂബിലി വേദിയില്‍ പ്രകടനം നടത്തുന്ന ആദ്യത്തെ കാസര്‍കോട്ടുകാരനാണ് ശിവസാഗര്‍.
ദക്ഷിണേന്ത്യന്‍ സംഗീത മേള എന്ന പേരില്‍ ജൂബിലി വേദിയിലേക്ക് ഇന്ത്യയിലെ പ്രമുഖ ഗായകര്‍ക്ക് ക്ഷണം ലഭിച്ചപ്പോഴാണ് ലോകപ്രശസ്തരായ ഗായകര്‍ക്കൊപ്പം പാടാന്‍ ശിവസാഗറിന് അവസരം ലഭിച്ചത്. റോക്ക് പേപ്പര്‍ സിസഴ്‌സ് എന്ന മ്യൂസിക് ബാന്‍ഡിലാണ് ശിവസാഗര്‍ തേരി ദിവാനി, ചെക്കോല, ബീജി ബീജി, നാട്ടില്‍ വീട്ടില്‍, ഹം ദം സോനിയോരെ, കുഗ്രാമമേ കണ്ടോ, ദീദി, ഉര്‍വ്വശി, ഹമ്മ ഹമ്മ, ആടുപാമ്പേ, മുക്കാല തുടങ്ങിയ പാട്ടുകള്‍ പാടിയത്. നടിയും ഗായികയുമായ രമ്യാ നമ്പീശന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ആര്യാ ദയാല്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, ജ്യോത്സ്‌ന, ഹരിശങ്കര്‍, സച്ചിന്‍ വാര്യര്‍, ലോക റെക്കോര്‍ഡ് നേടിയ ഗായിക സുജേത സതീഷ് തുടങ്ങിയവര്‍ക്കൊപ്പമാണ് ശിവസാഗര്‍ വേദി പങ്കിട്ടത്. ഏഴുമണിക്കൂര്‍ നിര്‍ത്താതെ ദക്ഷിണേന്ത്യന്‍ സംഗീതം ലോകമേളയില്‍ ഒഴുകിപ്പരന്നപ്പോള്‍ അക്കൂട്ടത്തില്‍ കാസര്‍കോട്ടുകാരനായ ഒരാളുണ്ടായിരുന്നുവെന്നത് മലയാളികള്‍ക്ക് സമ്മാനിച്ച സന്തോഷം ചെറുതല്ല. റോക്ക് പേപ്പര്‍ സിസഴ്‌സിന് പുറമെ ഡി.ജെ സാവ്യോ, ജാം 202, ആര്‍ജെ നിമ്മി തുടങ്ങിയ ബാന്റുകളും ദക്ഷിണേന്ത്യന്‍ സംഗീത മേളയില്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു. മറ്റു ബാന്റുകള്‍ക്ക് 25 മിനിറ്റ് മാത്രം ലഭിച്ചപ്പോള്‍ ശിവസാഗറിന്റെ റോക്ക് പേപ്പര്‍ സിസഴ്‌സിന് പാടാന്‍ ഒരു മണിക്കൂര്‍ അനുവദിച്ചത് ഈ സംഘത്തിന്റെ പാട്ടുമികവിനുള്ള അംഗീകാരമായി. വേദിയില്‍ നിറഞ്ഞുനിന്ന് പാടിയ സിദ്ധാര്‍ത്ഥ് കാണികളെ മുഴുവനും കയ്യിലെടുത്തു.
ഇങ്ങനെയൊരു ഇവന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമായി കാണുന്നുവെന്നും യു.എ.ഇ ഗവണ്‍മെന്റിന് എല്ലാവിധ നന്ദിയും അറിയിക്കുന്നുവെന്നും ശിവസാഗര്‍ ഉത്തരദേശത്തോട് പറഞ്ഞു. 'എ.ആര്‍ റഹ്‌മാനെ പോലെ ലോക പ്രശസ്തരായ പലരും പാടിയിട്ടുള്ള വേദിയില്‍ എനിക്കും പാടാന്‍ അവസരം ലഭിച്ചതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. കോവിഡ് മൂലം നാട്ടില്‍ അടച്ചിട്ട വേദികള്‍ ഇനിയും സജീവമായിട്ടില്ല. ഇവിടെയാണെങ്കില്‍ ലോക പ്രശസ്തരായ പലരും വന്നുപാടുന്നു. പതിനായിരങ്ങള്‍ അണിനിരക്കുന്നു. ദുബായ് എക്‌സ്‌പോ വേദിയില്‍ എനിക്ക് പാടാന്‍ അവസരം ലഭിച്ചത് കാസര്‍കോടിന് കൂടിയുള്ള അംഗീകാരമാണ്'-ശിവസാഗര്‍ ആഹ്ലാദം കൊണ്ട് വീര്‍പ്പുമുട്ടി.
റോക്ക് പേപ്പര്‍ സിസഴ്‌സ് ഇതിനകം തന്നെ ദുബായില്‍ ശ്രദ്ധിക്കപ്പെട്ട ബാന്റായി വളര്‍ന്നിട്ടുണ്ട്. ശിവസാഗര്‍ വേള്‍ഡ് എക്‌സ്‌പോയില്‍ പാടുക ചെയ്തതോടെ ബാന്റ് കൂടുതല്‍ ഹിറ്റായിരിക്കുകയാണ്.
റോക്ക് പേപ്പര്‍ സിസഴ്‌സ് ദുബായിലെ വലിയ ബാന്‍ഡ് ആയി മാറിയതോടെയാണ് എക്സ്പോ വേദിയിലേക്ക് വഴി തുറന്നത്. ദുബായ് റോക്ക് മ്യൂസിക് ഫെസ്റ്റില്‍ റോക്ക് പേപ്പര്‍ സിസഴ്‌സ് ബാന്‍ഡ് വിജയിച്ചതും വഴിത്തിരിവായി. കുടുംബ സമേതം ദുബായില്‍ താമസിക്കുന്ന ശിവസാഗറിന്റെ ഭാര്യ അമൃത.
മക്കള്‍ ആറു വയസുകാരന്‍ അയാനും മൂന്ന് വയസുകാരി അവന്തികയും.
സുഹൃത്തും കലാകാരനുമായ ശ്രീജിത്തുമൊത്ത് ദുബായില്‍ വിവിധ വേദികളില്‍ അതിഥി താരമായും ശിവസാഗര്‍ എത്താറുണ്ട്. കറാമയിലെ സൗഹൃദ കൂട്ടായ്മ അടുത്തിടെ സംഘടിപ്പിച്ച ഒരു സ്വീകരണ ചടങ്ങില്‍ പാടി ശിവസാഗര്‍ നാട്ടുകാരെ കയ്യിലെടുത്തു.

Related Articles
Next Story
Share it