നഗരവികസനത്തിന്റെ ആശയത്തമ്പുരാന്‍: വിട പറഞ്ഞിട്ട് 10 വര്‍ഷങ്ങള്‍

ഒരു ചൊല്ലുണ്ട്. ചിലരെ അവര്‍ ജീവിച്ചിരിക്കെ തന്നെ സമൂഹം മറക്കും. ചിലര്‍ മരിച്ചാലും എക്കാലത്തും ഓര്‍മ്മിക്കപ്പെടും എന്ന്.ചിലരുടെ അസാന്നിധ്യം കാലമെത്രകഴിഞ്ഞാലും നിറഞ്ഞു, തിളങ്ങിനില്‍ക്കുന്നത് അവരുടെ സംഭാവനകള്‍ കൊണ്ട് തന്നെയാണ്. പറഞ്ഞുവരുന്നത് കെ.എം ഹസന്‍ എന്ന കാസര്‍കോടിന്റെ വഴികാട്ടിയെ കുറിച്ചാണ്. ഹസന്‍ വിടപറഞ്ഞുപോയിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു.ഒരുപക്ഷെ നാട് ഇന്നും അദ്ദേഹത്തെ ഓര്‍ക്കുന്നത് തളങ്കര പള്ളിക്കാല്‍ വാര്‍ഡില്‍ വികസന വിപ്ലവം സൃഷ്ടിച്ച ഒരു നഗരസഭാംഗം എന്ന നിലയില്‍ മാത്രമാകും. തന്റെ വാര്‍ഡില്‍ കെ.എം ഹസന്‍ പട്ടുമെത്തപോലെയുള്ള റോഡുകളും […]

ഒരു ചൊല്ലുണ്ട്. ചിലരെ അവര്‍ ജീവിച്ചിരിക്കെ തന്നെ സമൂഹം മറക്കും. ചിലര്‍ മരിച്ചാലും എക്കാലത്തും ഓര്‍മ്മിക്കപ്പെടും എന്ന്.
ചിലരുടെ അസാന്നിധ്യം കാലമെത്രകഴിഞ്ഞാലും നിറഞ്ഞു, തിളങ്ങിനില്‍ക്കുന്നത് അവരുടെ സംഭാവനകള്‍ കൊണ്ട് തന്നെയാണ്. പറഞ്ഞുവരുന്നത് കെ.എം ഹസന്‍ എന്ന കാസര്‍കോടിന്റെ വഴികാട്ടിയെ കുറിച്ചാണ്. ഹസന്‍ വിടപറഞ്ഞുപോയിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു.
ഒരുപക്ഷെ നാട് ഇന്നും അദ്ദേഹത്തെ ഓര്‍ക്കുന്നത് തളങ്കര പള്ളിക്കാല്‍ വാര്‍ഡില്‍ വികസന വിപ്ലവം സൃഷ്ടിച്ച ഒരു നഗരസഭാംഗം എന്ന നിലയില്‍ മാത്രമാകും. തന്റെ വാര്‍ഡില്‍ കെ.എം ഹസന്‍ പട്ടുമെത്തപോലെയുള്ള റോഡുകളും വഴിവിളക്കുകളില്‍ പ്രഭാപൂരിതവും സൃഷ്ടിച്ചപ്പോള്‍ 'ദാ, സിംഗപ്പൂര്‍' എന്ന് പള്ളിക്കാല്‍ വാര്‍ഡിനെ ചൂണ്ടിക്കാട്ടി കാലം പറഞ്ഞിരുന്നുവെന്നത് നേര്. ഒരു നഗരസഭാ കൗണ്‍സിലറുടെ ദൗത്യനിര്‍വഹണം എന്താണെന്ന് വളരെ കൃത്യമായി കെ.എം ഹസന്‍ നമുക്ക് പഠിപ്പിച്ചുതന്നിരുന്നുവെന്നതും സത്യം. എന്നാല്‍ പള്ളിക്കാല്‍ വാര്‍ഡിനെ എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന വാര്‍ഡാക്കി മാറ്റിയ ഒരു ജനപ്രതിനിധി എന്ന നിലയില്‍ മാത്രമല്ല ഹസനെ കാലം അടയാളപ്പെടുത്തേണ്ടത്.
രാഷ്ട്രീയത്തിലേക്കും നഗരസഭാ അംഗത്വത്തിലേക്കും പാദം വെക്കുന്നതിന് മുമ്പ് തന്റെ ബുദ്ധികൂര്‍മ്മതകൊണ്ട് കണ്ടുപിടിത്തങ്ങള്‍ അനേകം നടത്തിയ കെ.എം ഹസന്റെ തലച്ചോറില്‍ വിളഞ്ഞത് കണ്ടുപിടിത്തങ്ങള്‍ മാത്രമായിരുന്നില്ല, നഗരവികസനത്തിന്റെ ഒരുപാട് ആശയങ്ങള്‍ കൂടിയായിരുന്നു. ഹസന്റെ കണ്ടുപിടിത്തങ്ങളെ കുറിച്ച് നമ്മള്‍ ഏറെ കേട്ടിട്ടുണ്ട്. അതേ കുറിച്ച് പിന്നീട് പറയാം.
കാസര്‍കോട് നഗരസഭയുടെ പ്രഥമഭരണം എം. രാമണ്ണറൈയുടെ നേതൃത്വത്തില്‍ 11 വര്‍ഷം പൂര്‍ത്തിയാക്കി കെ. സുലൈമാന്‍ ഹാജിയുടെ കരങ്ങളിലെത്തിയ കാലം. ഹസന്‍ ഈ സഭയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഹസന്റെ ആശയങ്ങളേയും വാക്കുകളേയും സഭ കാതുകൂര്‍പ്പിച്ച് കേള്‍ക്കുമായിരുന്നു. മുട്ടവിരിയിക്കുന്ന സാങ്കേതിക വിദ്യയും തേനീച്ചകൂടും നിര്‍മ്മിച്ച് ദേശീയ ശ്രദ്ധനേടിയ, ശുദ്ധനായ കെ.എം ഹസന്റെ തലച്ചോറില്‍ ആശയങ്ങളുടെ പ്രളയമുണ്ടാകുമെന്ന് സുലൈമാന്‍ ഹാജിക്കും സഹ സഭാംഗങ്ങള്‍ക്കും അറിയാം.
കാസര്‍കോട് നഗരം എം.ജി റോഡില്‍ ഗതാഗതകുരുക്ക് കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന കാലമായിരുന്നു അത്. പ്രധാനവീഥിയോട് ചേര്‍ന്നുതന്നെയായിരുന്നു അന്ന് കാസര്‍കോട്ടെ കുടുസ്സുബസ്സ്റ്റാന്റും. ബസുകള്‍ക്ക് സ്റ്റാന്റില്‍ കയറാനും ഇറങ്ങാനും നന്നെ പ്രയാസം. നഗരം ശരിക്കും ഗതാഗതകുരുക്കിന്റെ വിഷമത പേറിയിരുന്നു. ബസ്സ്റ്റാന്റ് ഇവിടെ നിന്ന് മാറിയാല്‍ ഗതാഗതകുരുക്കിന് ഒരു പരിധിവരെ ശമനം ഉണ്ടാകുമെന്നും നഗരം വികസിക്കുമെന്നും ഹസന്‍ ചിന്തിച്ചു. ഈ ആശയം സഹപ്രവര്‍ത്തകരുമായി പങ്കുവെച്ചപ്പോള്‍ ബസ് സ്റ്റാന്റ് എവിടത്തേക്ക് മാറ്റുമെന്ന ചോദ്യമായി പിന്നീട്. പലരും പറഞ്ഞത് തെരുവത്ത് റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത് തന്നെ ബസ് സ്റ്റാന്റ് വരുന്നത് യാത്രക്കാര്‍ക്ക് ഏറെ ഉപകരിക്കുമെന്നാണ്. എന്നാല്‍ ഹസന്‍ ചിന്തിച്ചത് നേരെ മറിച്ചാണ്. നുള്ളിപ്പാടിയിലേക്കോ (ഇന്ന് പുതിയ ബസ് സ്റ്റാന്റ് സ്ഥിതിചെയ്യുന്ന സ്ഥലം) വിദ്യാനഗറിലേക്കോ മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. താലൂക്ക് ആസ്പത്രിക്കപ്പുറം അന്ന് നഗരം വളര്‍ന്നിട്ടില്ല. തീര്‍ത്തും വിജനമായിരുന്നു അണങ്കൂര്‍ വരെ. കുന്നുകള്‍ നിറഞ്ഞിരുന്ന നുള്ളിപ്പാടിയിലേക്ക് ബസ് സ്റ്റാന്റ് മാറ്റണമെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് പറഞ്ഞ് ഹസനെ നോക്കി ചിരിച്ചവരുണ്ട്. അപ്പോഴും അദ്ദേഹം പറഞ്ഞത് നുള്ളിപ്പാടിയേക്കാളും നല്ലത് വിദ്യാനഗറിലേക്ക് മാറ്റുന്നതാണ് എന്നാണ്. അങ്ങ് ദൂരെയുള്ള വിദ്യാനഗറിലേക്ക് ബസ് സ്റ്റാന്റ് മാറ്റിയാല്‍ നഗരം നിശ്ചലമായിപ്പോവില്ലേ എന്ന് ചിന്തിച്ചു പലരും. എന്നാല്‍ ഹസന്റെ ചിന്ത വിശാലമായിരുന്നു. കാലം കടന്നുപോകും. സൗകര്യങ്ങള്‍ ഏറെ വേണ്ടിവരും. അപ്പോള്‍ നഗരം ഊതിവീര്‍പ്പിക്കുന്ന ബലൂണ്‍ പോലെ വികസിച്ചുകൊണ്ടേയിരിക്കും. ഏറ്റവും ഉചിതമായ സ്ഥലം വിദ്യാനഗര്‍ തന്നെയാണ്. അവിടെ യഥേഷ്ടം സ്ഥലമുണ്ട്. കാസര്‍കോടിന്റെ ഭരണസിരാകേന്ദ്രമായി വിദ്യാനഗര്‍ മാറുന്നകാലം തള്ളിക്കളയാനാവില്ല. വിദ്യാനഗറിലേക്ക് മാറ്റുന്നതിനോട് ഏറെപേരും എതിരായിരുന്നുവെങ്കിലും ഹസന്റെ ആശയം കണക്കിലെടുത്ത് കെ.എസ് സുലൈമാന്‍ ഹാജി ബസ് സ്റ്റാന്റ് നുള്ളിപ്പാടിയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചു. കാലക്രമേണ മറ്റു ഭരണസമിതികളുടെ കാലത്ത് ബസ്സ്റ്റാന്റ് യാഥാര്‍ഥ്യമായി. നഗരം എം.ജി റോഡിന്റെ 'ഠ' വട്ടത്തില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റ് വരെയായി വികസിച്ചു. കാലം പിന്നേയും കടന്നുപോയി. ഹസന്‍ പ്രതീക്ഷിച്ചത് പോലെ വിദ്യാനഗറില്‍ ജില്ലയുടെ ഭരണ സിരാകേന്ദ്രവും യാഥാര്‍ത്ഥ്യമായി.
മറ്റൊന്ന്, കാസര്‍കോട് റെയില്‍വേ സ്റ്റേഷന്റെ വികസനവും അദ്ദേഹം സ്വപ്‌നം കണ്ടു. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകള്‍ വേണമെന്നാവശ്യപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥരെ നിരന്തരം കണ്ട് നിവേദനം നല്‍കി. കാലക്രമേണ റെയില്‍വേ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ കൂട്ടുകാരായി മാറി. ആശയങ്ങളുടെ ആ തേനീച്ചക്കൂടിനെ അവര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നതാണ് ശരി. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകള്‍ യാഥാര്‍ത്ഥ്യമായി. കാലാഭിവൃദ്ധിക്കനുസരിച്ച് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമുകള്‍ വികസിക്കുമായിരുന്നുവെങ്കിലും ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത് കെ.എം ഹസനാണ് എന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ അദ്ദേഹം നല്‍കിയ നിവേദനങ്ങളുടെ പകര്‍പ്പുകള്‍ സാക്ഷി. ആ പകര്‍പ്പുകളൊക്കെ ഹസന്റെ മക്കള്‍ ഇപ്പോഴും ഭദ്രമായി സൂക്ഷിക്കുന്നുണ്ട്.
1980കളുടെ തുടക്കത്തിലാണ് കെ.എം ഹസന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. മൈക്കുകള്‍ക്ക് മുന്നില്‍ ഗര്‍ജിക്കുന്ന പ്രാസംഗികനോ, സമരങ്ങള്‍ നയിക്കുന്ന നേതാവോ ആയിരുന്നില്ല അദ്ദേഹം. നഗര വികസനത്തെ കുറിച്ച് നിരന്തരം ചിന്തിക്കുകയും അതിന് വേണ്ടി ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്ത ഒരാളായിരുന്നു.
സുലൈമാന്‍ ഹാജി ചെയര്‍മാനായ നഗരസഭയിലേക്ക് ഹസനൊപ്പം തന്നെ സഹോദരന്‍ കെ.എം അബ്ദുല്‍ഖാദറും മത്സരിച്ച് ജയിച്ചിരുന്നു. ആദ്യ കാലഘട്ടങ്ങളില്‍ നിറയെ ആശയങ്ങളുമായി നഗരഭരണത്തില്‍ നിറഞ്ഞുനിന്നിരുന്ന കെ.എം ഹസന്‍ പിന്നീട് ഒരു വാര്‍ഡിലേക്ക് ഒതുങ്ങിപ്പോയി എന്നത് ചരിത്രം. 90കളോടെ അദ്ദേഹം പള്ളിക്കാല്‍ വാര്‍ഡിന്റെ നാഡീസ്പന്ദങ്ങള്‍ മനസ്സിലാക്കി അവിടത്തുകാരില്‍ ഒരാള്‍ മാത്രമായി കഴിഞ്ഞുകൂടുകയായിരുന്നു.
1969ലാണ് കെ.എം ഹസന്‍ ആദ്യമായി കോഴിമുട്ട എളുപ്പത്തില്‍ വിരിയിക്കാനുള്ള ഇന്‍ക്യുബേറ്റര്‍ സാങ്കേതിക വിദ്യ കണ്ടുപിടിക്കുന്നത്. മണ്ണെണ്ണ വിളക്കിന്റെ സഹായത്തോടെയായിരുന്നു ഈ വിദ്യ ആദ്യം പരീക്ഷിച്ചത്. സഹോദരി പുത്രനായ എന്‍.എ സുലൈമാനാണ് പരീക്ഷണം ആദ്യം ഏറ്റെടുത്തത്. എന്നാല്‍ ഹസന്‍ വിചാരിച്ചതുപോലെ ഇത് വിജയിച്ചില്ല. ഒരു വര്‍ഷം തികയുംമുമ്പേ 1970ല്‍ വൈദ്യുതി ബള്‍ബിന്റെ സഹായത്തോടെ വീണ്ടും പരീക്ഷിച്ചപ്പോള്‍ വലിയ വിജയമായി. ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. പ്രമുഖ പത്രങ്ങളും ആകാശവാണി അടക്കമുള്ള മാധ്യമങ്ങളും ഹസനെ തേടി പള്ളിക്കാലിലെ വീടിന് മുന്നില്‍ ക്യൂ നിന്നു. 136 വര്‍ഷം നിലനിന്നിരുന്ന പഴയ തറവാട്ടു വീട്ടില്‍ മണ്‍തിട്ടയോട് ചേര്‍ന്ന് ഹസന് ഒരു മുറിയുണ്ടായിരുന്നു. അതൊരു ലബോറട്ടറി തന്നെയായിരുന്നു. ഹസന്റെ കണ്ടുപിടിത്തങ്ങളെല്ലാം പിറന്നത് ഈ മുറിക്കകത്താണ്. പിന്നീട് 1977ല്‍ അദ്ദേഹം തേനീച്ച വളര്‍ത്താനുള്ള പ്രത്യേക ഇനം കൂട് കണ്ടുപിടിച്ചതോടെ ഇതും ദേശീയശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തയായി. 'തേനീച്ചയുടെ കളിത്തോഴന്‍' എന്നാണ് പ്രമുഖ പത്രങ്ങള്‍ ഹസനെ കുറിച്ച് അച്ചുനിരത്തിയത്. ഇന്‍ക്യുബേറ്ററിനെ കുറിച്ചും തേനീച്ചകുടിനെ കുറിച്ചും അറിയാനും പഠിക്കാനും ഹസനെ തേടി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഗവേഷകരടക്കം എത്തിയിരുന്നു അക്കാലത്ത്. അഖിലേന്ത്യാ റേഡിയോ സ്റ്റുഡിയോ അടക്കം വന്നാണ് ഹസനെ അഭിമുഖം നടത്തിയത്. ഹസന്റെ നിരവധി പ്രഭാഷണങ്ങള്‍ ആകാശവാണി സംപ്രേഷണം ചെയ്യുകയും ചെയ്തു. അക്കാലത്ത് തന്നെ സി.പി.സി.ആര്‍.ഐയിലെ നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം.
വളര്‍ത്തുമൃഗങ്ങളോടുള്ള അളവറ്റ സ്‌നേഹം കെ.എം ഹസന്റെ ഹൃദയനൈര്‍മല്യത്തെ വെളിപ്പെടുത്തിയിരുന്നു. മണ്ണിനോടും മൃഗങ്ങളോടും ഒട്ടിച്ചേര്‍ന്ന് ജീവിച്ച ഒരു ശുദ്ധജീവിതം. ഒരുകാലത്ത് കാസര്‍കോട്ടും കര്‍ണാടകയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും നടന്നിരുന്ന എല്ലാ കാര്‍ഷിക വിപണന മേളകളിലും കന്നുകാലി-വളര്‍ത്തുമൃഗ പ്രദര്‍ശന മേളകളിലും ഒന്നാംസ്ഥാനം ഹസന്റെ കുടുംബം പങ്കെടുപ്പിച്ചിരുന്നവയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ വാപ്പയ്ക്ക് എരുതുംകടവിലുണ്ടായിരുന്ന തോട്ടത്തില്‍ കാര്യസ്ഥനായിരുന്ന ഇബ്രാഹിമാണ് അന്ന് ഈ കുടുംബത്തിന്റെ കാര്‍ഷിക-കന്നുകാലി പ്രദര്‍ശനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
പുസ്തകങ്ങളെ സ്‌നേഹിക്കുകയും വീട്ടില്‍ നിറയെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്ഥാപിക്കുകയും ചെയ്ത കെ.എം ഹസന്റെ സാഹിത്യപ്രേമം പ്രസിദ്ധമാണ്. ടി. ഉബൈദ് മാഷില്‍ നിന്ന് പകര്‍ന്നുകിട്ടിയ അനുഗ്രഹമാവാം അത്.
അതുകൊണ്ട് തന്നെയാണ് പില്‍ക്കാലത്ത് ഉബൈദ് ലൈബ്രറിയിലേക്ക് അദ്ദേഹം ഒരുപാട് പുസ്തകങ്ങള്‍ സംഭാവന ചെയ്തത്. ഹസന്റെ വിയോഗ വാര്‍ഷികത്തിന്റെ ഭാഗമായി തളങ്കര പള്ളിക്കാല്‍ കേന്ദ്രീകരിച്ച് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറിന്റെ നേതൃത്വത്തില്‍ കെ.എം ഹസന്‍ മെമ്മോറിയല്‍ സാംസ്‌കാരിക കേന്ദ്രം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിട്ടുണ്ട്. വിപുലമായ പദ്ധതികളാണ് ലക്ഷ്യം. ഒപ്പം തന്നെ ഫുട്‌ബോളില്‍ താല്‍പര്യമുള്ള ഒരു തലമുറയ്ക്ക് നിറഞ്ഞ പ്രോത്സാഹനവും നല്‍കുന്നുണ്ട്.
നിറമല്ല മതം എന്ന് വിശ്വസിച്ചിരുന്ന കെ.എം ഹസന്റെ വേഷവിധാനത്തില്‍ പോലും മതേതരത്വത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. കരുണയുടെ നനവുള്ള ഒരു ഹൃദയമായിരുന്നു ഹസന്റേത്. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ആശയമറ്റവരുടെ കണ്ണീരൊപ്പിയിരുന്ന ഹസന്റെ സ്മരണയ്ക്ക് കുടുംബം ആരംഭിച്ച 'എയ്ഡ് ഫോര്‍ നീഡി'യുടെ പ്രവര്‍ത്തനം അദ്ദേഹം തുടങ്ങിവെച്ച കാരുണ്യത്തിന്റെ തുടര്‍ച്ചയാണ്.
2018ലെ പ്രളയം കേരളത്തെ തകര്‍ത്തപ്പോള്‍ പ്രളയബാധിത പ്രദേശങ്ങളിലും കെ.എം ഹസന്റെ സ്മരണാര്‍ത്ഥമുള്ള സഹായഹസ്തങ്ങളെത്തി. അദ്ദേഹത്തിന്റെ മക്കള്‍ മൂന്ന് ടീമുകളാക്കി ഓരോ സംഘത്തെ വീതം ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കയച്ച് അവിടെ തകര്‍ന്നുപോയ വീടുകളുടെ വൈദ്യുത ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും ചെളി നിറഞ്ഞ അമ്പതോളം കിണറുകള്‍ വൃത്തിയാക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പകരം വെക്കാനില്ലാത്തതാണ്. അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഹസ്സന്റെ സുഹൃത്തുമായ സുബ്രതോബിശ്വാസിന്റെ നിര്‍ദ്ദേശാനുസരണമാണ് ഈ സംഘം പ്രവര്‍ത്തിച്ചത്.
കാലം ഒരിക്കലും മറക്കില്ല. കാസര്‍കോട് നഗരത്തിന്റെ വികസനങ്ങള്‍ക്ക് പിന്നിലെ ആശയങ്ങളുടെ ഈ തമ്പുരാനെ....

-ടി.എ ഷാഫി

Related Articles
Next Story
Share it