മലഞ്ചരക്ക് കടയില്‍ നിന്ന് 38 കിലോ അടക്ക മോഷ്ടിച്ചയാള്‍ സി.സി.ടി.വിയില്‍ കുടുങ്ങി; പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

ബദിയടുക്ക: മലഞ്ചരക്ക് കടയില്‍ നിന്ന് 38 കിലോ അടക്ക മോഷ്ടിച്ചയാള്‍ സി.സി. ടി.വി ക്യാമറയില്‍ കുടുങ്ങി. പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. അംഗടിമുഗറിലെ കൃഷ്ണറൈ(50)യെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക ടൗണില്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയില്‍ നിന്ന് അടക്ക മോഷ്ടിച്ച കേസിലാണ് കൃഷ്ണറൈ പിടിയിലായത്. ഇന്നലെ ഉച്ചയോടെ അബ്ദുള്‍ റഹ്‌മാന്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ സമയത്താണ് മലഞ്ചരക്ക് കടയില്‍ മോഷണം നടന്നത്. തിരിച്ചുവന്നപ്പോള്‍ കടയ്ക്കകത്ത് ചാക്കില്‍ കെട്ടിവെച്ചിരുന്ന 38 കിലോ […]

ബദിയടുക്ക: മലഞ്ചരക്ക് കടയില്‍ നിന്ന് 38 കിലോ അടക്ക മോഷ്ടിച്ചയാള്‍ സി.സി. ടി.വി ക്യാമറയില്‍ കുടുങ്ങി. പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. അംഗടിമുഗറിലെ കൃഷ്ണറൈ(50)യെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക ടൗണില്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയില്‍ നിന്ന് അടക്ക മോഷ്ടിച്ച കേസിലാണ് കൃഷ്ണറൈ പിടിയിലായത്. ഇന്നലെ ഉച്ചയോടെ അബ്ദുള്‍ റഹ്‌മാന്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ സമയത്താണ് മലഞ്ചരക്ക് കടയില്‍ മോഷണം നടന്നത്. തിരിച്ചുവന്നപ്പോള്‍ കടയ്ക്കകത്ത് ചാക്കില്‍ കെട്ടിവെച്ചിരുന്ന 38 കിലോ അടക്ക കാണാനില്ലായിരുന്നു. തൊട്ടടുത്ത് ഹോട്ടലും കടകളുമുണ്ട്. ഇക്കാരണത്താല്‍ മലഞ്ചരക്ക് കടയില്‍ നിന്ന് പുറത്തുപോകേണ്ടിവരുമ്പോള്‍ അബ്ദുള്‍ റഹ്‌മാന്‍ ഷട്ടര്‍ താഴ്ത്താറില്ല. ഈ അവസരം മുതലെടുത്താണ് ആരുടെയും ശ്രദ്ധയില്‍പെടാതെ അകത്തുകയറി മോഷ്ടാവ് അടക്കയുമായി സ്ഥലം വിട്ടത്. വിവരമറിഞ്ഞ് പൊലീസ് സംഘമെത്തി സി.സി.ടി.വി ക്യമാറ പരിശോധിച്ചപ്പോള്‍ ഒരാള്‍ ചാക്കില്‍ കെട്ടിയ അടക്കയുമായി നടന്ന് പോകുന്നതിന്റെയും കുമ്പള റൂട്ടില്‍ പോകുന്ന ബസില്‍ കയറുന്നതിന്റെയും ദൃശ്യം കണ്ടെത്തി. തനിക്ക് ഇയാളെ നേരത്തെ പരിചയമുണ്ടെന്ന് മലഞ്ചരക്ക് കടയുടമയും പൊലീസിനോട് പറഞ്ഞു. ബസിനെ പൊലീസ് പിന്തുടരുകയും അടക്ക നീര്‍ച്ചാലിലെ കടയില്‍ വില്‍പ്പന നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു. അടക്ക കടയില്‍ വിറ്റതിന് ശേഷം ബദിയടുക്കയിലേക്ക് വന്ന മോഷ്ടാവ് ബസ് ഷെല്‍ട്ടറില്‍ ഇരിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ നേരത്തെയും അടക്കമോഷണക്കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അതേ സമയം മുകളിലെ ബസാറിലുള്ള മലഞ്ചരക്ക് കടയില്‍ നിന്ന് രാത്രി അടക്ക മോഷ്ടിച്ച സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടു. ഇതുവരെ ഈ കേസിലെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അടക്ക മോഷണം പതിവാകുന്നത് വ്യാപാരികളെ ആശങ്കയിലാഴ്ത്തുകയാണ്.

Related Articles
Next Story
Share it