2021 ഡിസംബറിന്റെ അവസാന ദിവസം. കാസര്‍കോട് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ അവസാന പ്രദര്‍ശനവും കണ്ടു കഴിഞ്ഞാണ് ഞങ്ങളിറങ്ങിയത്.
ഏത് കൗമാരക്കാരനും സിനിമയുടെ സ്വപ്‌ന സഞ്ചാരത്തിലൂടെ കടന്നു പോയിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ ലോകോത്തര സിനിമകള്‍ കാണാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.
അക്കാലത്ത് പ്രശസ്തമായ കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ ഭാരവാഹികളിലൊരാള്‍ സി.പി.സി.ആര്‍.ഐയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകളും വാരാന്ത്യത്തില്‍ സി.പി.സി.ആര്‍.ഐയുടെ മനോഹരമായ പച്ചവിരിച്ച പുല്‍ത്തകിടിയുള്ള ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ റിക്രിയേഷന്‍ ക്ലബ്ബ് അംഗങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു.
അവധി ദിവസങ്ങളിലായിരുന്നു അവ പ്രദര്‍ശിപ്പിച്ചിരുന്നത്. ഞങ്ങള്‍ കാമ്പസിന് ചുറ്റുമുള്ള കുട്ടികള്‍ പ്രദര്‍ശനം കാണുവാന്‍ ഓടിക്കൂടും. ഒരു പത്ത് വയസ്സുകാരന് സിനിമ അന്ന് അത്ഭുതങ്ങളുടെ മായാകാഴ്ചയായിരുന്നു.
കുട്ടികളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചപ്പോള്‍ ഞങ്ങളുടെ ശല്യം ഒഴിവാക്കാന്‍ അവര്‍ ഒരു സൂത്രം പ്രയോഗിച്ചു. പ്രദര്‍ശനത്തിന് 50 പൈസ കുട്ടികളില്‍ നിന്ന് വസൂലാക്കാന്‍ തുടങ്ങി. അപ്പോഴും വീട്ടില്‍ നിന്ന് ഉമ്മ തരുന്ന 50 പൈസയുടെ നാണയത്തുട്ടുമായി ഞാന്‍ സിനിമ കാണാന്‍ പോയി. കൂടെ കാമ്പസിലെ ഉദ്യോഗസ്ഥരുടെ സമപ്രായക്കാരായ കുട്ടികളുമുണ്ടായിരുന്നു. പ്രദര്‍ശന ദിവസം അവര്‍ ആ വിവരം ഞാനുമായി മുന്‍കൂട്ടി പങ്കുവെച്ചു.
അന്ന് കണ്ട സിനിമകള്‍ ലോകോത്തര ക്ലാസ്സിക്കുകളാണെന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങള്‍ കുറെ വേണ്ടി വന്നു. അന്നാ പുല്‍ത്തകിടിയിലിരുന്ന് കണ്ട സിനിമകളില്‍ സത്യജിത് റായിയുടെ പഥേര്‍ പാഞ്ചാലി, ചാപ്ലിന്റെ ഗ്രേറ്റ് ഡിറ്റേക്ടര്‍, ഡിസീക്കയുടെ ബൈസൈക്കിള്‍ തീവ്‌സ്, ബര്‍ഗ്മാന്റെ സെവന്‍ത് സീല്‍, ഓളവും തീരവും, മലയാറ്റൂരിന്റെ യക്ഷി തുടങ്ങിയവ ഇന്നും മനസ്സിന്റെ ഫ്രെയിമില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
കാസര്‍കോട് ഗവ. കോളേജിലെ പഠന കാലം. കാസര്‍കോട് ഫിലിം സൊസൈറ്റി അന്ന് കേരളത്തിലെ തന്നെ പ്രശസ്തമായ ഫിലിം സൊസൈറ്റികളിലൊന്ന്.
സൊസൈറ്റിയില്‍ അംഗമായി അക്കാലത്ത് പ്രദര്‍ശിപ്പിക്കുന്ന ഏതാണ്ടെല്ലാ സിനിമകളും മുടങ്ങാതെ കണ്ടു.
ജി.ബി. വത്സന്‍ മാഷ്, മുരളി മാഷ്, ഭുവല്‍ ദാസ്, കെ.വി. കുമാരന്‍ മാഷ്, കോളേജിലെ സതീര്‍ത്ഥ്യന്‍ കെ. അനില്‍ കുമാര്‍ തുടങ്ങി പലരും അന്ന് അതിന്റെ സംഘാടകരായിരുന്നു. സൊസൈറ്റി മെമ്പര്‍ഷിപ്പില്‍ ഞങ്ങള്‍ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിരക്കായിരുന്നു.
ശനിയും ഞായറും മറ്റ് അവധി ദിനങ്ങളിലും ഞങ്ങള്‍ കൃഷ്ണ തിയേറ്ററിലും ടൗണ്‍ കോ. ബാങ്ക് ഹാളിലും, ബി.ഇ.എം. ഹൈസ്‌കൂളിലും, ടൗണ്‍ യു.പി.സ്‌കൂളിന്റെ വരാന്തയിലും സിനിമകള്‍ കണ്ടു. വിജയകൃഷ്ണനെ പോലുള്ള പ്രശസ്ത സിനിമാ നിരൂപകരുടെ ക്ലാസ്സുകളില്‍ കേള്‍വിക്കാരായി.
സിനിമാ ക്യാമ്പുകള്‍, ചര്‍ച്ചകള്‍, പ്രശസ്തരുമായുള്ള മുഖാമുഖം, നാടകങ്ങള്‍ അങ്ങനെ അന്ന് കാസര്‍കോടിന്റെ സാംസ്‌കാരിക രംഗം പുഷ്‌കലമായിരുന്നു. ഗൗരവമുള്ള വായനക്ക് ഫിലിം മാഗസിന്‍ (കലാകൗമുദി ഗ്രൂപ്പിന്റെ പ്രസിദ്ധീകരണം), സൊസൈറ്റിയുടെ സ്വന്തം മാഗസിന്‍ ‘സിനി റിഥം’ (ജി.ബി. വത്സന്‍ മാഷ് മനോഹരമായി അണിയിച്ചൊരുക്കിയ മാഗസിന്‍ ലക്കങ്ങള്‍ ഞാന്‍ ഭദ്രമായി കുറെക്കാലം സൂക്ഷിച്ചിരുന്നു) തുടങ്ങിയവ സിനിമകളുടെ, ക്ലാസ്സിക്കുകളുടെ അകക്കാമ്പ് കണ്ടെത്താന്‍ ഞങ്ങളെ പ്രാപ്തരാക്കി. വായന ഒരു ലഹരിയായി കൊണ്ടു നടക്കുന്ന അക്കാലത്ത് ആനന്ദലബ്ധിക്കിനിയെന്ത് വേണം എന്ന അവസ്ഥയിലായിരുന്നു, ഞാന്‍.
ഇതൊക്കെ ഓര്‍മയില്‍ വീണ്ടും തളിര്‍ക്കാന്‍ കാരണം കാസര്‍കോടിനൊരിടം എന്ന കൂട്ടായ്മ ഒരുക്കിയ കാസര്‍ക്കോട് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പില്‍ ഒരു കാഴ്ചക്കാരനായി എത്തിയപ്പോഴാണ്.
മകന്‍ അജ്മല്‍ റോഷന്‍ അലി ഉള്‍പ്പെട്ട കാസര്‍കോടിനൊരിടം എന്ന യുവ കൂട്ടായ്മയാണ് ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകര്‍. പ്രധാന സംഘാടകരിലൊരാളായ കെ.പി.എസ്. വിദ്യാനഗറിന്റെ സ്‌നേഹ പൂര്‍ണമായ ക്ഷണവും എന്നെ പഴയ ഓര്‍മകളിലെത്തിച്ചു.
അവസാന ദിവസം മലയാള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ ജിയോ ബേബി ഓപ്പണ്‍ ഫോറത്തിലൂടെ കാണികളുമായി സംവദിച്ചു. അര്‍ത്ഥവത്തായ ചോദ്യങ്ങളിലൂടെ സുബിന്‍ ജോസ് സംവാദത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കി. കുഞ്ഞു ദൈവം, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രതിഭാധനനായ ഈ സംവിധായകനെ സിനിമാ ലോകം ശ്രദ്ധിച്ചു തുടങ്ങി എന്നതിന് നവ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും ഈ ചിത്രത്തിന് നല്‍കിയ സ്ഥാനം അടയാളപ്പെടുത്തുന്നു. സിനിമയുടെ രാഷ്ട്രീയവും സിനിമയുടെ കൗതുകവും ഒക്കെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ജിയോ ബേബി വിശദീകരിക്കുകയും തന്റെ രാഷ്ട്രീയ ചായ്‌വ് അദ്ദേഹം തുറന്നുപറയുകയുമുണ്ടായി.
സിനിമ പറയുന്നത് യഥാര്‍ത്ഥ രാഷ്ട്രീയമല്ലല്ലോ, പലതും മറച്ചുപിടിച്ചാണല്ലോ എന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ പത്മനാഭന്‍ ബ്ലാത്തൂര്‍ മാഷിന്റെ ചോദ്യത്തിന് മറയില്ലാതെ അദ്ദേഹം ഉത്തരം പറഞ്ഞു.
കോണ്‍ഗ്രസിനെ സിനിമകളില്‍ വിമര്‍ശിക്കുന്നത് പോലെ മറ്റു ചില പാര്‍ട്ടികളെ വിമര്‍ശിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ കാണിക്കുന്ന മടിയെ കുറിച്ചും അതിന്റെ കാരണത്തെ കുറിച്ചുമൊക്കെ പച്ചയായ ഒരു സംവിധായകന്റെ ഉള്ളുതുറന്ന മറുപടികളാണ് ജിയോബേബിയില്‍ നിന്ന് സദസ്സ് കേട്ടത്.
സോഷ്യല്‍ മീഡിയകളുടെ അതിപ്രസരത്തിലും സിനിമകള്‍ പുതിയ തലമുറയെ ഇപ്പോഴും ആവേശം കൊള്ളിക്കുന്നു. 24 ഫ്രെയിംസിന്റെ മാസ്മരികത ഇപ്പോഴും നമ്മെ അതിശയപ്പെടുത്തുന്നു.
പുതിയ പുതിയ കാഴ്ചകള്‍ കാണിച്ചു തരുന്നു.