ജീവിതം നല്‍കുന്ന മായാജാലം
ജാബിര്‍ കുന്നില്‍മായാജാലപ്രകടനം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സ്‌നേഹ സാന്ത്വനത്തിന്റെ കരുതലുമായി കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ചെങ്കള പഞ്ചായത്ത് പരിധിയിലെ അബ്ദുല്‍ റഹ്‌മാന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ പറ്റുന്ന ഇലക്ട്രിക് ക്രെയിനും വീല്‍ചെയറും സമ്മാനിക്കുന്നതിനായാണ് അദ്ദേഹമെത്തിയത്. അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് ദുരിതജീവിതം നയിച്ചിരുന്ന അബ്ദുല്‍ റഹ്‌മാനെ കഴിഞ്ഞ ഒക്‌ടോബര്‍ 25ന് മുതുകാട് സന്ദര്‍ശിച്ചിരുന്നു.പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റുമായി 60 വയസ് പിന്നിട്ട പിതാവ് അബ്ദുല്ല അബ്ദുല്‍ റഹ്‌മാനെ ചാക്കിലിരുത്തി വീട്ടിനകത്ത് വലിച്ചിഴച്ചുകൊണ്ടുപോകേണ്ടി വരുന്നുവെന്ന […]
ജാബിര്‍ കുന്നില്‍മായാജാലപ്രകടനം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സ്‌നേഹ സാന്ത്വനത്തിന്റെ കരുതലുമായി കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ചെങ്കള പഞ്ചായത്ത് പരിധിയിലെ അബ്ദുല്‍ റഹ്‌മാന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ പറ്റുന്ന ഇലക്ട്രിക് ക്രെയിനും വീല്‍ചെയറും സമ്മാനിക്കുന്നതിനായാണ് അദ്ദേഹമെത്തിയത്. അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് ദുരിതജീവിതം നയിച്ചിരുന്ന അബ്ദുല്‍ റഹ്‌മാനെ കഴിഞ്ഞ ഒക്‌ടോബര്‍ 25ന് മുതുകാട് സന്ദര്‍ശിച്ചിരുന്നു.പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റുമായി 60 വയസ് പിന്നിട്ട പിതാവ് അബ്ദുല്ല അബ്ദുല്‍ റഹ്‌മാനെ ചാക്കിലിരുത്തി വീട്ടിനകത്ത് വലിച്ചിഴച്ചുകൊണ്ടുപോകേണ്ടി വരുന്നുവെന്ന […]
ജാബിര്‍ കുന്നില്‍
മായാജാലപ്രകടനം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സ്‌നേഹ സാന്ത്വനത്തിന്റെ കരുതലുമായി കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ചെങ്കള പഞ്ചായത്ത് പരിധിയിലെ അബ്ദുല്‍ റഹ്‌മാന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ പറ്റുന്ന ഇലക്ട്രിക് ക്രെയിനും വീല്‍ചെയറും സമ്മാനിക്കുന്നതിനായാണ് അദ്ദേഹമെത്തിയത്. അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് ദുരിതജീവിതം നയിച്ചിരുന്ന അബ്ദുല്‍ റഹ്‌മാനെ കഴിഞ്ഞ ഒക്‌ടോബര്‍ 25ന് മുതുകാട് സന്ദര്‍ശിച്ചിരുന്നു.
പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റുമായി 60 വയസ് പിന്നിട്ട പിതാവ് അബ്ദുല്ല അബ്ദുല്‍ റഹ്‌മാനെ ചാക്കിലിരുത്തി വീട്ടിനകത്ത് വലിച്ചിഴച്ചുകൊണ്ടുപോകേണ്ടി വരുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നായിരുന്നു വീട് സന്ദര്‍ശനം. ചൂടും തണുപ്പുമൊക്കെ സഹിച്ച് വീടിന്റെ തറയില്‍ നിരങ്ങി നീങ്ങിയിരുന്ന ഈ യുവാവിനെ സഹായിക്കുമെന്ന ഉറപ്പുമായാണ് അന്ന് മുതുകാട് മടങ്ങിയത്. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് അബ്ദുല്‍ റഹ്‌മാന് ആവശ്യമായുള്ള സഹായവുമായി മുതുകാട് എത്തുന്നത്. വീല്‍ചെയറിനെ സുഗമമായി വീടിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകുന്നതിനുള്ള റാമ്പും പണിതുനല്‍കി. രണ്ടരലക്ഷം രൂപ ചെലവിലാണ് അബ്ദുല്‍റഹ്‌മാനുള്ള പ്രത്യേക സൗകര്യമൊരുക്കി നല്‍കിയത്.
വൈകല്യങ്ങളോടെ ജനിച്ചതിന്റെ പേരില്‍ ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന കുറേ ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റും. ഭിന്നശേഷിക്കാരായ അത്തരം ജീവിതങ്ങളെ ചേര്‍ത്ത് പിടിച്ച്, അവരെ കലയുടെയും വിനോദങ്ങളുടെയും നിറമുള്ള ലോകത്തേക്ക് കൈപിടിച്ചുകൊണ്ട് വരികയാണ് മുതുകാട്. 45 വര്‍ഷങ്ങളോളം അത്ഭുത പ്രകടനങ്ങള്‍ കാഴ്ച വെച്ച് ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രൊഫഷണല്‍ മാജിക് ജീവിതത്തില്‍ നിന്ന് മാറി ഭിന്നശേഷിക്കാരായ കുട്ടികളെ ഉന്നമനത്തിലെത്തിക്കുന്നതിന് പിന്നിലാണ്. 2017ല്‍ കാസര്‍കോട്ട് നടന്ന ഒരു പരിപാടിയായിരുന്നു മുതുകാടിനെ ഈ മേഖലയിലേക്ക് നയിച്ചത്. അന്നത്തെ ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജടീച്ചറുടെ പിന്തുണയോടെയാണ് ഭിന്നശേഷി കുട്ടികള്‍ക്കായി മാജിക് പഠിപ്പിക്കാനുള്ള പദ്ധതി ആരംഭിക്കുന്നത്. തുടര്‍ന്ന് ഭിന്നശേഷിക്കാരായ 23 കുട്ടികളെ ചേര്‍ത്തുപിടിക്കുകയും അവര്‍ക്ക് മാജിക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു. അന്നത്തെ ഇന്ത്യന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് മുന്നില്‍ ഈ കുട്ടികള്‍ മാജിക് അവതരിപ്പിച്ചിരുന്നു. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായി മാജിക് പ്ലാനറ്റ് എംപവര്‍ എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ച് തൊഴിലവസരം നല്‍കി. കലകളിലൂടെ കുട്ടികള്‍ക്ക് സമഗ്രമായ മാറ്റമുണ്ടാക്കുന്നതിനായി 2019ല്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ ആരംഭിച്ചു. നിലവില്‍ 200ലേറെ കുട്ടികളാണ് ഇവിടെ വിവിധ കലകളില്‍ പരിശീലനം നേടി വരുന്നത്. സന്ദര്‍ശകര്‍ക്ക് മുന്നില്‍ അവര്‍ വ്യത്യസ്തവും കൗതുകമുണര്‍ത്തുന്നതുമായ പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. ഇവര്‍ക്കായി തെറാപ്പി സെന്ററുകളും പ്രവര്‍ത്തിച്ചുവരുന്നു.
ഡല്‍ഹി, ദുബായ്, സിങ്കപ്പൂര്‍ തുടങ്ങിയിടങ്ങളിലും ഇവര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. കാണികളില്‍ നിന്നുള്ള നിരന്തര പ്രോത്സാഹനം ഈ കുട്ടികളുടെ മാനസിക നിലവാരത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടാക്കുന്നതായാണ് ചൈല്‍ഡ് ഡെവലെപ്‌മെന്റ് സെന്ററിന്റെ കണ്ടെത്തല്‍. കുട്ടികള്‍ക്ക് തൊഴില്‍ ശാക്തീകരണം നല്‍കുന്നതിനായുള്ള യൂണിവേഴ്‌സല്‍ മാജിക്‌സെന്റര്‍ ഉടന്‍ ഒരുങ്ങും. അടുത്ത വര്‍ഷത്തോടെ 100 കുട്ടികളെ കൂടി ഇവിടെ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.
യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ ഒരുങ്ങുന്നു
ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസത്തിന് ഊന്നല്‍ നല്‍കുന്ന യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഒരുങ്ങുന്നു. ഭിന്നശേഷിക്കാര്‍ക്ക് ശാക്തീകരണത്തിലൂടെ തൊഴില്‍ നല്‍കുന്ന യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്ററില്‍ ഓട്ടിസം തെറാപ്പി സെന്ററുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെന്റര്‍, ഡിഫറന്റ് സ്പോര്‍ട്സ് സെന്റര്‍, ഗവേഷണ കേന്ദ്രങ്ങള്‍, കലാവതരണ വേദികള്‍ തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഇവിടെ ഒരുക്കുക. ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം സൗജന്യമായി ലഭിക്കും. മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ അഞ്ച് ഏക്കറില്‍ തികച്ചും ഭിന്നശേഷി സൗഹൃദപരമായാണ് ഈ കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും ഇവിടെ ഒരുക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് നാഴികക്കല്ലാകുന്ന വിവിധ പദ്ധതികള്‍ അടങ്ങുന്ന ഈ സെന്റര്‍ ലോകത്തുതന്നെ ഇത്തരത്തില്‍ ആദ്യത്തേതാണ്.
ഭിന്നശേഷിക്കുട്ടികളുടെ വിദ്യാഭ്യാസം, കലാ-കായികമേഖലകളിലെ വിദഗ്ദ്ധ പരിശീലനം, മാനസിക, ആരോഗ്യ, സാമൂഹ്യ മേഖലയിലെ പുരോഗതി എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ സംരംഭമാണ് യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍. ഭിന്നശേഷിക്കുട്ടികള്‍ക്ക് അവരവര്‍ക്കിഷ്ടപ്പെട്ട കലാ മേഖല തിരഞ്ഞെടുത്ത് വിദഗ്ധ പരിശീലനം നേടി കാണികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയും. ഇതിനായി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി തിയേറ്ററുകള്‍ സെന്ററില്‍ ഒരുങ്ങുന്നുണ്ട്. കാഴ്ച-കേള്‍വി-ചലന പരിമിതര്‍ക്ക് തങ്ങളുടെ കലാവൈഭവം പ്രദര്‍ശിപ്പിക്കുന്നതിനായി മാജിക് ഓഫ് ഡാര്‍ക്ക്നെസ്, മാജിക് ഓഫ് സൈലന്‍സ്, മാജിക് ഓഫ് മിറാക്കിള്‍ എന്നീ വേദികളും ഒരുക്കിയിരിക്കുന്നു.
ഭിന്നശേഷിക്കുട്ടികളുടെ സൈക്കോ മോട്ടോര്‍ തലങ്ങളെ സ്പര്‍ശിക്കുന്ന ആധുനിക രീതിയിലുള്ള ശാസ്ത്രീയ ഉപകരണങ്ങളുമായി ലോകോത്തര നിലവാരത്തിലുള്ള തെറാപ്പി സെന്ററുകളും മറ്റൊരു സവിശേഷതയാണ്. കുട്ടികളുടെ മാനസിക സ്വഭാവ വൈകാരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൈക്കോതെറാപ്പി, ബിഹേവിയര്‍ തെറാപ്പി സെന്റര്‍, സെന്‍സറി ഇംപ്രൂവ്മെന്റ്, ഭാവനാ ശേഷി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി വെര്‍ച്വല്‍ തെറാപ്പി സെന്റര്‍, ശാരീരിക കുറവ് കണ്ടെത്തി ആ പ്രത്യേക ഭാഗത്തെ ഉത്തേജിപ്പിച്ച് കുറവ് പരിഹരിക്കുന്നതിനുള്ള ഒക്കുപേഷണല്‍ തെറാപ്പി, മസിലുകളുടെ ചലന ശക്തി പരിശോധിച്ച് അവയെ ബലപ്പെടുത്തിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഫിസിയോ തെറാപ്പി, സംസാരത്തില്‍ കുറവുകള്‍ വന്ന കുട്ടികള്‍ക്ക് അവരുടെ ന്യൂനതകള്‍ ശാസ്ത്രീയമായി കണ്ടെത്തി വാക്കുകള്‍ ശരിയായി ഉച്ചരിക്കാന്‍ പരിശീലനം നല്‍കുന്നതിനുവേണ്ടിയുള്ള സ്പീച്ച് ആന്റ് ഓഡിയോ തെറാപ്പി, സെന്‍സറി ഓര്‍ഗന്‍സിനെ ഉത്തേജിപ്പിച്ച് കുറവുകള്‍ മാറ്റിയെടുക്കുന്നതിനുവേണ്ടി സെന്‍സറി തെറാപ്പി സെന്റര്‍ എന്നിവയാണ് തെറാപ്പി വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്.
കായിക വികാസത്തിനായി ഡിഫറന്റ് സ്പോര്‍ട്സ് സെന്ററും സെന്ററിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. അത്ലറ്റിക്സ്, ഇന്‍ഡോര്‍ ഗെയിമുകള്‍ എന്നിവകളില്‍ പ്രാവീണ്യം നേടുന്നതിന് അതിവിശാലമായ പ്ലേഗ്രൗണ്ടുകളും ടര്‍ഫുകളും സജ്ജമാക്കുന്നുണ്ട്. ഭിന്നശേഷിക്കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുന്നതിനും ഇവരെ നമുക്കൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനും അംഗീകാരങ്ങളും ബഹുമതികളും സ്വന്തമാക്കി തങ്ങള്‍ക്കും തുല്യമായ ഒരിടമുണ്ടെന്ന് ബോധ്യപ്പെടുത്തുവാനും ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സെന്ററുകളുടെ ഉദ്ദേശം.
അടുത്ത ഭിന്നശേഷി പുനരധിവാസ കേന്ദ്രം കാസര്‍കോട്ട്
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടുത്ത ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും കാസര്‍കോട്ട് ആരംഭിക്കുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ബി.സി.എം കോളേജില്‍ ഹിന്ദി പ്രൊഫസര്‍ ആയിരുന്ന കോട്ടയം സ്വദേശി ലൂക്കയാണ് കാസര്‍കോട്ട് പുനരധിവാസ കേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള 16 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖല കൂടിയായ കാസര്‍കോട്ട് പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന് മുതുകാട് പറഞ്ഞു. സ്മാര്‍ട്ട് മനോജ് ഒറ്റപ്പാലമാണ് പദ്ധതിയുടെ എഞ്ചിനീയറിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ചെങ്കളയിലെ അബ്ദുറഹ്‌മാന് ഇലക്ട്രിക് വീല്‍ചെയറും മറ്റു ഉപകരണങ്ങളും നല്‍കുന്നതിനായി കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയപ്പോഴാണ് മുതുകാട് ഇക്കാര്യം പ്രഖ്യാപിച്ചത്.