എ.ടി.എം കാര്‍ഡിന്റെ നമ്പര്‍ വാങ്ങി തട്ടിപ്പ് നടത്തുന്നതിന് പിന്നാലെ സിം കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞും പുതിയ തട്ടിപ്പ്

കാഞ്ഞങ്ങാട്: സിം കാര്‍ഡ് കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് പുതിയ തട്ടിപ്പ്. എ.ടി.എം കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് നടത്തുന്ന തട്ടിപ്പിന് പിന്നാലെയാണ് പുതിയ തട്ടിപ്പ്. ബി.എസ്.എന്‍.എല്ലിന്റെ പേരിലാണ് പണം തട്ടുന്ന സംഘമിറങ്ങിയത്. സിം കാര്‍ഡ് 24 മണിക്കൂറിനുള്ളില്‍ പുതുക്കണമെന്ന സന്ദേശമയച്ചാണ് പണം തട്ടാന്‍ ശ്രമം. മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്റെ പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. അദ്ദേഹത്തിന്റെ നമ്പറിലേക്ക് വിളിച്ച് സിം പുതുക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ബി.എസ്. എന്‍.എല്‍. […]

കാഞ്ഞങ്ങാട്: സിം കാര്‍ഡ് കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് പുതിയ തട്ടിപ്പ്. എ.ടി.എം കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് നടത്തുന്ന തട്ടിപ്പിന് പിന്നാലെയാണ് പുതിയ തട്ടിപ്പ്. ബി.എസ്.എന്‍.എല്ലിന്റെ പേരിലാണ് പണം തട്ടുന്ന സംഘമിറങ്ങിയത്. സിം കാര്‍ഡ് 24 മണിക്കൂറിനുള്ളില്‍ പുതുക്കണമെന്ന സന്ദേശമയച്ചാണ് പണം തട്ടാന്‍ ശ്രമം.
മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്റെ പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. അദ്ദേഹത്തിന്റെ നമ്പറിലേക്ക് വിളിച്ച് സിം പുതുക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ബി.എസ്. എന്‍.എല്‍. സിം കാര്‍ഡിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് നമ്പറും എ.ടി.എം കാര്‍ഡ് നമ്പറും കൈക്കലാക്കി തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. വ്യാജന്മാരെന്ന് മനസ്സിലാക്കി നമ്പര്‍ കൈമാറാന്‍ നാരായണന്‍ തയ്യാറാകാത്തതിനാല്‍ പണം നഷ്ടമായില്ല.
സിം കാര്‍ഡിന്റെ കാലാവധി തീര്‍ന്നെന്നും പുതുക്കുന്നതിന് ചില രേഖകള്‍ അടിയന്തിരമായും കൈമാറണമെന്നാവശ്യപ്പെട്ടാണ് സന്ദേശം. ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെ നല്‍കാനുള്ള ഫോണ്‍ നമ്പറും ഈ മാസം ഒമ്പതിന് ലഭിച്ച സന്ദേശത്തിലുണ്ട്.
മറുപടി അയക്കാത്തതിനാല്‍ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കുന്ന ഒരാള്‍ കഴിഞ്ഞ ദിവസം വിളിച്ച് രേഖകള്‍ ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും വേണ്ടെന്നും എ.ടി.എം കാര്‍ഡ് നമ്പര്‍ മാത്രമാണ് നല്‍കേണ്ടതെന്നുമായിരുന്നു ആവശ്യം .
അയക്കാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും അക്കൗണ്ടിലെ ബാലന്‍സ് പൂജ്യമാവുകയും ചെയ്യുമെന്ന് പറഞ്ഞ് സംഭാഷണം നിര്‍ത്തുകയായിരുന്നു.
ഇത്തരം സന്ദേശങ്ങളൊന്നും ബി.എസ്.എന്‍.എല്ലില്‍ നിന്ന് അയക്കാറില്ലെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ എ.ടി.എം. കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞാണ് നമ്പര്‍ വാങ്ങി പണം പിന്‍വലിച്ചിരുന്നത്. ബാങ്കധികൃതര്‍ ഇതിനെതിരെ വ്യാപകമായി ബോധവല്‍ക്കരണം നടത്തി വരുന്നതിനാലാണ് സംഘം സിം കാര്‍ഡിന്റെ പേരില്‍ പുതിയ തട്ടിപ്പുമായിറങ്ങിയത്.

Related Articles
Next Story
Share it