കാസര്‍കോട്: സ്കോഡയുടെ കോംപാക്ട് എസ്.യു.വിക്ക് ‘കൈലാക്’ എന്ന പേര് നിര്‍ദ്ദേശിച്ച് വിജയിയായത് കാസര്‍കോട് സ്വദേശി. നായന്മാര്മൂല പാണലം കോളിക്കടവ് സ്വദേശിയും തെരുവത്ത് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനുമായ ഹാഫിള് മുഹമ്മദ് സിയാദ് മര്‍ജാനി അല്‍ യമാനിയാണ് സമ്മാനനര്ഹനായത്. ആദ്യ കൈലാകും പ്രാഗ് സന്ദര്‍ശിക്കാനുള്ള അവസരവുമാണ് സിയാദിന് സ്കോഡ നല്കുന്ന സമ്മാനം. ഫെബ്രുവരിയിലാണ് സ്കോഡ പുതുതായി പുറത്തിറക്കാന്‍ പോകുന്ന എസ്.യു.വിക്ക് പേര് നിര്‍ദ്ദേശിക്കാനുള്ള മത്സരം ആരംഭിച്ചത്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ ലഭിച്ച ലിങ്ക് വഴിയാണ് സിയാദിന് ഇതേ കുറിച്ചറിഞ്ഞത്. പിന്നീട് പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. സഹോദരങ്ങളോട് കൂടി ആലോചിച്ച ശേഷമായിരുന്നു പേര് അയച്ചത്. ‘കെ’യില്‍ ആരംഭിച്ച് ‘ക്യു’വില്‍ അവസാനിക്കുന്ന പേര് നിര്‍ദ്ദേശിക്കാനായിരുന്നു സ്കോഡ മത്സരം വെച്ചത്. സിയാദ് ‘കൈലാക്’ എന്ന പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. 2 ലക്ഷം ആളുകളില്‍ നിന്നാണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ചതെന്നറിയുമ്പോള് വലിയ സന്തോഷം തോന്നുന്നുവെന്ന് സിയാദ് പറയുന്നു. ഇന്ത്യയില്‍ 2.0 പ്രോഗ്രാമിന്റെ ഭാഗമായുള്ള മൂന്നാമത്തെ കാറായിരിക്കും ഇത്. സ്ഫടികം എന്ന് അര്‍ത്ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്റെ സംസ്കൃത പദമാണ് ‘കൈലാക്’ എന്നാണ് വാഹന നിര്‍മ്മാതാക്കളായ സ്കോഡ അറിയിച്ചത്. ഫൈനല്‍ റൗണ്ടില്‍ 5 പേരുകളാണ് ഉണ്ടായിരുന്നത്. സിയാദിനെ കൂടാതെ കോട്ടയം സ്വദേശി രാജേഷ് സുധാകരന് അടക്കം 10 പേര്‍ക്ക് പ്രാഗ് സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കും. ‘കൈലാകി’ന്റെ രാജ്യത്തെ ആദ്യ ഉടമ സിയാദാവും. 2025ല്‍ വാഹനം ലഭിക്കുമെന്നാണ് കമ്പനി അധികൃതരുടെ അറിയിപ്പ്. സൈനുദ്ദീന്‍ കോളിക്കടവിന്റെയും താഹിറയുടെയും മകനാണ് ഈ യുവാവ്.