കാസര്‍കോട്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം. കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ഓട്ടോയും ടാക്സികളും നിരത്തിലിറങ്ങാത്തതും സാധാരണക്കാരെ നന്നേ വലച്ചു. ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. പണിമുടക്കിയ വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. രാവിലെ നഗരത്തില്‍ സര്‍വീസ് നടത്തിയ ഏതാനും ഓട്ടോ റിക്ഷകളെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമരാനുകൂലികള്‍ തടഞ്ഞു.
പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിന് വിവിധ ട്രേഡ് യൂണിയന് നേതാക്കളായ ഗിരികൃഷ്ണന്‍, കെ. ഭാസ്കരന്, ഹസൈനാര്‍ നുള്ളിപ്പാടി, യു. തമ്പാന് നായര്‍, ആര്. വിജയകുമാര്‍, ഹരീന്ദ്രന്‍, ഉമേശ് അണങ്കൂര്‍, ഷരീഫ് കൊടവഞ്ചി, സുബൈര്‍ മാര, ഹസൈനാര്‍ താനിയത്ത്, ഖലീല്‍ പടിഞ്ഞാര്‍, ഷാഫി ചാലക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്കി.