മഞ്ചേശ്വരം: വാതില്‍ പൂട്ടാതെ വീട്ടുകാര്‍ ഉത്സവത്തിന് പോയ സമയത്ത് വീട്ടില്‍ നിന്ന് 25 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കുഞ്ചത്തൂര്‍ മഹാലിംങ്കേശ്വര ക്ഷേത്രത്തിന് സമീപത്തെ മഞ്ചേശ്വരം പഞ്ചായത്ത് മുന്‍ അംഗം ശോഭാ ഷെട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന് സമീപത്തെ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് വ്യാഴാഴ്ച രാത്രി 7 മണിയോടെ വീട്ടുകാര്‍ പോയതായിരുന്നു. എന്നാല്‍ വീടിന്റെ മുന്‍ വശത്തെ വാതില്‍ പൂട്ടിയിരുന്നില്ല. ഒമ്പതരയോടെ വീട്ടില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ചതിന് ശേഷം ഭര്‍ത്താവ് വിശ്വനാഥ ഷെട്ടിയും ശോഭയും വീണ്ടും ഉത്സവത്തിന് പോയി. ഈ സമയത്ത് വീട് പൂട്ടിയിരുന്നു. ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ തിരിച്ചെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. താഴത്തെ നിലയില്‍ നാല് മുറികളിലായി ആറ് അലമാരകളുണ്ട്. ഉച്ചക്ക് 12 മണിയോടെ ഉറക്കമുണര്‍ന്നപ്പോള്‍ ഒരു മുറിയിലെ അലമാര തുറന്ന നിലയിലും ഏതാനും സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് നിലത്ത് വീണ് കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് അലമാര പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലായി. മറ്റൊരു മുറിയിലെ അലമാര പരിശോധിച്ചപ്പോഴും ഇവിടെ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു. മറ്റു രണ്ട് അലമാരയില്‍ സൂക്ഷിച്ചിരുന്ന വിശ്വനാഥ ഷെട്ടിയുടെ സ്വര്‍ണ്ണ മാലയും മോതിരവും പണവും നഷ്ടപെട്ടിട്ടില്ല.
വീട് പൂട്ടാതെ പോയ സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. വിരളടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.