നിഷ്‌കളങ്ക പുഞ്ചിരി മാഞ്ഞു...

മേനങ്കോട് കുടുംബത്തിന് മഹിമകള്‍ ഏറെയാണ്. ശംസുദ്ധമായ ജീവിതം കൊണ്ട് തിളങ്ങിയ മേനങ്കോട് കുടുംബത്തിലെ സഹോദരങ്ങളായ മുബാറക്ക് അബ്ബാസ് ഹാജിക്കും മുബാറക്ക് അബ്ദുല്‍റഹ്മാന്‍ ഹാജിക്കും തൊട്ടു പിറകെ മൂത്ത സഹോദരന്‍ മുബാറക്ക് മുഹമ്മദ് ഹാജിയും നാഥന്റെ വിളിക്കുത്തരം നല്‍കിയിരിക്കുന്നു.കാസര്‍കോടിന്റെ രാഷ്ട്രീയ-മത -സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ മുബാറക് ഹാജിയുടെ അടയാളപ്പെടുത്തലുകള്‍ പറഞ്ഞാല്‍ തീരാത്തതാണ്. വലിപ്പ ച്ചെറുപ്പമില്ലാതെ സമ്പത്തിന്റെ അളവ് കോലെടുക്കാതെ, മതങ്ങളുടെ അതിര്‍വരമ്പുകള്‍ നോക്കാതെ, നിഷ്‌കളങ്കമായ പുഞ്ചിരിയോടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിയ മുബാറക്ക് മുഹമ്മദ് ഹാജി രാഷ്ട്രീയ എതിരാളികള്‍ക്ക് […]

മേനങ്കോട് കുടുംബത്തിന് മഹിമകള്‍ ഏറെയാണ്. ശംസുദ്ധമായ ജീവിതം കൊണ്ട് തിളങ്ങിയ മേനങ്കോട് കുടുംബത്തിലെ സഹോദരങ്ങളായ മുബാറക്ക് അബ്ബാസ് ഹാജിക്കും മുബാറക്ക് അബ്ദുല്‍റഹ്മാന്‍ ഹാജിക്കും തൊട്ടു പിറകെ മൂത്ത സഹോദരന്‍ മുബാറക്ക് മുഹമ്മദ് ഹാജിയും നാഥന്റെ വിളിക്കുത്തരം നല്‍കിയിരിക്കുന്നു.
കാസര്‍കോടിന്റെ രാഷ്ട്രീയ-മത -സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ മുബാറക് ഹാജിയുടെ അടയാളപ്പെടുത്തലുകള്‍ പറഞ്ഞാല്‍ തീരാത്തതാണ്. വലിപ്പ ച്ചെറുപ്പമില്ലാതെ സമ്പത്തിന്റെ അളവ് കോലെടുക്കാതെ, മതങ്ങളുടെ അതിര്‍വരമ്പുകള്‍ നോക്കാതെ, നിഷ്‌കളങ്കമായ പുഞ്ചിരിയോടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിയ മുബാറക്ക് മുഹമ്മദ് ഹാജി രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും ഏറെ പ്രിയപ്പെട്ടവനായിരുന്നു. അത്‌കൊണ്ട് തന്നെ ഹാജിക്ക കാസര്‍കോടിന്റെ ഹൃദയത്തിലാണ് കൂടുകൂട്ടിയത്.
രാഷ്ട്രീയത്തെ ജീവിതമാര്‍ഗമായും പാരവെപ്പുമായും കൊണ്ട് നടക്കുന്നവര്‍ക്കിടയില്‍ ഹാജിക്ക ഏറെ വ്യത്യസ്തതയോടെ പൊതു പ്രവര്‍ത്തന രംഗത്ത് ഏവരുടെയും പ്രശംസകളേറ്റുവാങ്ങി തിളങ്ങി നിന്നു. ഒന്നും നേടാനായി ഹാജിക്ക കയ്യൂക്ക് കാണിച്ചില്ല. അര്‍ഹതപ്പെട്ടത് പോലും മറ്റുള്ളവര്‍ക്ക് വെച്ചു നീട്ടി. നിര്‍ബന്ധപൂര്‍വ്വം ഏറ്റെടുക്കേണ്ടിവന്ന പദവികളിലെല്ലാം സംശുദ്ധമായ ഇടപെടലുകളൊടെ ഹാജിക്ക തിളങ്ങി നിന്നു.
ഹൈസ്‌കൂള്‍ പഠനകാലത്ത് എം.എസ്.എഫ് ലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് മുസ്ലിം ലീഗ് താലൂക്ക് ജോ. സെക്രട്ടറി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കാല്‍നൂറ്റാണ്ടിലേറെ ആലംപാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്, ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയുടെ സ്ഥാപകന്‍ (കഴിഞ്ഞ 55 വര്‍ഷമായി യതീംഖാന) പ്രസിഡണ്ട്, അവിഭക്ത കണ്ണൂര്‍ ജില്ല ബ്ലോക്ക് ഡെവലപ്പ്‌മെന്റ് അംഗം... 92ലും ചുറുചുറുക്കൊടെ കര്‍മ്മ നിരതനായ ഈ ശുഭ്ര വസ്ത്രധാരിക്ക് പദവികള്‍ ഇനിയും ഏറെ.
അലങ്കരിച്ച പദവികളെല്ലാം തന്റെ ശുദ്ധമായ കൈകളാല്‍ മനോഹരമാക്കി. പൊതുപ്രവര്‍ത്തന രംഗത്ത് മിന്നിത്തിളങ്ങുമ്പോഴും പേരുകേട്ട കര്‍ഷകനായും ഹാജിക്ക ശോഭിച്ചു. കാസര്‍കോടിന്റെ ചരിത്ര സൂക്ഷിപ്പുകാരന്‍ കൂടിയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സ്ഥാപിച്ച കരുണ സ്‌പെഷ്യല്‍ സ്‌കൂളും ഓണം കേറാമൂലയെന്ന് ചിലര്‍ കളിയാക്കിയിരുന്ന എരുതുംകടവ് എന്ന കൊച്ചു പ്രദേശത്ത് ഭാര്യാസഹോദരനും വിദ്യാഭ്യാസ പ്രവര്‍ത്തകനും വ്യവസായുമായ എന്‍.എ.അബൂബക്കര്‍ ഹാജിയുടെ സഹായത്തോടെ സ്ഥാപിച്ച എന്‍.എ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും വുമണ്‍സ് കോളേജും നാടിന് വെളിച്ചമായി ഇന്ന് ജില്ലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
എരുതുംകടവ് ജുമാ മസ്ജിദിന് തൊട്ടു മുന്നിലായി റോഡിന്റെ മറുവശത്തുള്ള മുബാറക്ക് ഹാജിക്കയുടെ വീടിന്റെ ഗേയ്റ്റ് അടഞ്ഞുകിടക്കുന്നതായി ഒരിക്കലും കണ്ടിട്ടില്ല. പാര്‍ക്കിംഗ് സൗകര്യമില്ലാത്ത പള്ളിയിലേക്ക് 5 നേരം പ്രാര്‍ത്ഥനക്കെത്തുന്നവര്‍ക്കായി ആ വാതില്‍ എന്നും തുറന്ന് കിടക്കുമായിരുന്നു. മലയാളത്തിന് പുറമെ ഇംഗ്ലീഷും ഹിന്ദിയും ഉര്‍ദുവും കന്നടയും തമിഴും അദ്ദേഹത്തിന് നന്നായി വഴങ്ങുമായിരുന്നു. 1954 മുതല്‍ 66 വരെയുള്ള കാലങ്ങളില്‍ പത്ര ഏജന്റായും ചന്ദ്രിക, മലയാള മനോരമ, ഇന്ത്യന്‍ എക്‌സ്പ്രസ്സ് തുടങ്ങിയ പത്രങ്ങളുടെ റിപ്പോര്‍ട്ടറായും ഹാജിക്ക ഏറെ തിളങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടുമുട്ടിയപ്പോള്‍ നീ ഇപ്പോഴും ഉത്തരദേശത്തില്‍ തന്നെയാണോ എന്ന ചോദ്യവും കന്നടയില്‍ നിന്നും കുറച്ച് നല്ല ലേഖനങ്ങള്‍ മൊഴിമാറ്റം നടത്തി തരാനുണ്ടെന്നും പറഞ്ഞിരുന്നു.
ഇത്ര പെട്ടന്ന് നിശ്ചലനായി കണേണ്ടി വരുമെന്ന് നിനച്ചതേയില്ല. ഹാജിക്ക നാഥന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. ആറു പതിറ്റാണ്ടിലേറെ ആയിരക്കണക്കിന് അനാഥരെ സംരക്ഷിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ വേദനിക്കുന്നവരുടെ കണ്ണീരൊപ്പിയതിന്റെ ആശ്വാസത്തില്‍. അതെ, ഇഷ്ടമായിരുന്നു ഹാജിക്കയെ ഒരു നാടിനും നാട്ടുകാര്‍ക്കും.
ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജിന്റെ ഹാളിലും എരുതുംകടവ് ജുമാ മസ്ജിദിലും നിറഞ്ഞു കവിഞ്ഞ മയ്യത്ത് നമസ്‌കാരം അത് പറഞ്ഞു തരുന്നു. ആയിരക്കണക്കിന് യതീം കുരുന്നുകളെ സംരക്ഷിച്ചതും അവരുടെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥനകളും സ്വര്‍ഗത്തിലേക്കുള്ള വഴിയൊരുക്കുമെന്ന് അവിടെ കൂടി നിന്നവര്‍ അടക്കം പറയുന്നുണ്ടായിരുന്നു.
ജീവിതമെന്ന യാത്രയെ സല്‍പ്രവര്‍ത്തികള്‍ കൊണ്ട് വെളിച്ചവും അര്‍ത്ഥവുമുണ്ടാക്കിയ ഒരാള്‍ കൂടി വിട പറഞ്ഞിരിക്കുന്നു.
നാഥാ നീ ഉന്നത പദവി നല്‍കി അനുഗ്രഹിക്കണെ... ആമീന്‍...


-റഹിം ചൂരി

Related Articles
Next Story
Share it