ഉദുമ: സ്വകാര്യ നഴ്സറി സ്കൂള്‍ അധ്യാപികയെയും അഞ്ചുവയസുള്ള മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഉദുമ അരമങ്ങാനം അമരാവതിയില്‍ താമസിക്കുന്ന കീഴൂരിലെ എം. താജുദ്ദീന്റെ ഭാര്യ റുബീന (32), മകള്‍ ഹനാന മറിയം (അഞ്ച്) എന്നിവരെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.
വിവാഹിതയായി ഏഴ് വര്‍ഷം പൂര്‍ത്തിയാകാത്തതിനാല്‍ റുബീനയുടെ മൃതദേഹം ആര്.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താന്‍ പൊലീസ് അപേക്ഷ നല്‍കിയിരുന്നു.
ആര്.ഡി.ഒയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് തഹസില്‍ദാര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമാണ് രണ്ട് മൃതദേഹങ്ങളും കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
മകളെയുമെടുത്ത് റുബീന കിണറ്റില്‍ ചാടിയതാകാമെന്നാണ് പൊലീസ് നിഗമനം. റുബീന മകളെയും കൊണ്ട് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കണ്ടെത്തുന്നതിന് മേല്‍പറമ്പ് സി.ഐ ടി. ഉത്തംദാസ്, എസ്.ഐ വി.കെ വിജയന് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇന്നലെ പുലര്‍ച്ചെ മുതല്‍ റുബീനയെയും ഹനാന മറിയത്തേയും കാണാനില്ലായിരുന്നു.
ഇതേ തുടര്‍ന്ന് റുബീനയുടെ പിതാവ് അബ്ദുല്റഹ്മാന് മേല്‍പറമ്പ് പൊലീസില്‍ പരാതി നല്കി. കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയത്.
മേല്‍പറമ്പ് പൊലീസും കാസര്‍കോട് ഫയര്‍ഫോഴ്സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അതിനിടെ വീട്ടില്‍ നിന്ന് യുവതി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് ബന്ധുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. മകനെ നന്നായി നോക്കണമെന്നാണ് കുറിപ്പിലുള്ളത്.
ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള റുബീന സ്വകാര്യ നഴ്സറി സ്കൂളില്‍ അധ്യാപികയായിരുന്നു. ഹനാന മറിയം ഉദുമ ഇസ്ലാമിയ എ.എല്‍.പി സ്കൂളില്‍ യു.കെ.ജി വിദ്യാര്‍ത്ഥിനിയാണ്.
റുബീനയുടെ ഭര്‍ത്താവ് മൂന്നുമാസം മുമ്പാണ് വിദേശത്തേക്ക് പോയത്. ഇവര്‍ക്ക് മൊയിന്‍ അബ്ദുല്ല എന്നപേരുള്ള രണ്ടരവയസുള്ള മകന് കൂടിയുണ്ട്.
മറിയംബിയാണ് മാതാവ്. ആരോഗ്യവകുപ്പ് ജീവനക്കാരി ഹസീന സഹോദരിയാണ്.