മേല്‍പറമ്പ്: കളനാട് തുരങ്കത്തിന് സമീപം റെയില്‍പാളത്തില്‍ ചെങ്കല്ലും വാഷ്ബേസിന് കഷണങ്ങളും വെച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇന്നലെ ഉച്ചയോടെയാണ് റെയില്‍പാളത്തില്‍ ചെങ്കല്ലും വാഷ് ബേസിന് കഷണങ്ങളും കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു ട്രെയിന്‍ ഇതിന് മുകളിലൂടെ കടന്നുപോയിരുന്നു. വിവരമറിഞ്ഞ് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ബാലകൃഷ്ണന്, എസ്.ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
റെയില്‍വേ പൊലീസും സ്ഥലത്തെത്തിയിരുന്നു. പൊലീസ് നായയെ എത്തിച്ച് തെളിവെടുത്തു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പാളത്തില്‍ ചെങ്കല്ലിനും വാഷ്ബേസിന് കഷണങ്ങള്‍ക്കും മുകളിലൂടെ കടന്നുപോയ ട്രെയിന്‍ ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തില്‍പെടാതിരുന്നത്. ശ്രദ്ധയില്‍പെട്ടിരുന്നില്ലെങ്കില്‍ വലിയ ദുരന്തം തന്നെ പിന്നീട് സംഭവിക്കുമായിരുന്നു.
മേല്‍പറമ്പ് പൊലീസും റെയില്‍വേ പൊലീസും പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ട്രെയിന്‍ അട്ടിമറി ശ്രമമാണോ നടന്നത് എന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു. ഇതിന് മുമ്പും ഈ ഭാഗത്ത് പാളത്തില്‍ കല്ലുകള്‍ നിരത്തിവെച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികളെകുറിച്ച് ഒരുസൂചന പോലും ലഭിച്ചിരുന്നില്ല.