കായികാധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് ഒമ്പത് വര്‍ഷവും ഭര്‍തൃമാതാവിന് ഏഴുവര്‍ഷവും കഠിനതടവ്

കാസര്‍കോട്: കായികാധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോടതി ഭര്‍ത്താവിന് ഒമ്പതുവര്‍ഷവും ഭര്‍തൃമാതാവിന് ഏഴുവര്‍ഷവും കഠിനതടവ് വിധിച്ചു. ബേഡകം ചേരിപ്പാടിയിലെ പ്രീതി(27) ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ(38)ക്ക് ഒമ്പതുവര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവ് അനുഭവിക്കണം. ഭര്‍തൃമാതാവ് ശ്രീലത(59)യ്ക്ക് ഏഴുവര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ […]

കാസര്‍കോട്: കായികാധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോടതി ഭര്‍ത്താവിന് ഒമ്പതുവര്‍ഷവും ഭര്‍തൃമാതാവിന് ഏഴുവര്‍ഷവും കഠിനതടവ് വിധിച്ചു. ബേഡകം ചേരിപ്പാടിയിലെ പ്രീതി(27) ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ(38)ക്ക് ഒമ്പതുവര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവ് അനുഭവിക്കണം. ഭര്‍തൃമാതാവ് ശ്രീലത(59)യ്ക്ക് ഏഴുവര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവ് അനുഭവിക്കണം. ആത്മഹത്യാപ്രേരണാക്കുറ്റത്തിനും സ്ത്രീധനപീഡനത്തിനുമാണ് ശിക്ഷ. രണ്ട് വകുപ്പുകളിലെയും ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും. പിഴതുകയായ നാലുലക്ഷം രൂപ അടച്ചാല്‍ അത് പ്രീതിയുടെ മകള്‍ക്ക് നല്‍കണമെന്നും ജില്ലാ നിയമസേവന അതോറിറ്റി അന്വേഷിച്ച് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി. രാകേഷിന്റെ അച്ഛന്‍ ടി.കെ രമേശന്‍ കേസില്‍ രണ്ടാം പ്രതിയായിരുന്നു. കേസിന്റെ വിചാരണ നടന്നുവരുന്നതിനിടെ രമേശന്‍ മരണപ്പെട്ടു. 2017 ആഗസ്ത് 18നാണ് പ്രീതിയെ ചേരിപ്പാടിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രീതിയെ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് രാകേഷ് കൃഷ്ണ ഒന്നാം പ്രതിയും ഭര്‍തൃപിതാവ് രമേശന്‍ രണ്ടാം പ്രതിയും ഭര്‍തൃമാതാവ് ശ്രീലത മൂന്നാംപ്രതിയുമായാണ് ബേഡകം പൊലീസ് ആത്മഹത്യാപ്രേരണക്കും പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രീതി ദേശീയ കബഡിതാരം കൂടിയായിരുന്നു. അന്നത്തെ ബേഡകം എസ്.ഐ ആയിരുന്ന എ. ദാമോദരനാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. തുടര്‍ന്ന് കാസര്‍കോട് ഡി.വൈ.എസ്.പിയായിരുന്ന എം.വി സുകുമാരന്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ. ലോഹിതാക്ഷനും ആതിര ബാലനും ഹാജരായി.

Related Articles
Next Story
Share it