ഹുബ്ലി അപകടം ആ പിഞ്ചുമകളുടേയും ജീവിതം കവര്‍ന്നു; തളങ്കരയുടെ കണ്ണീരുണങ്ങുന്നില്ല

തളങ്കര: ഹുബ്ലി ദുരന്തം ഒരുകനിവും കാട്ടിയില്ല. വാപ്പയേയും ഉമ്മയേയും പിഞ്ചുമകനേയും കവര്‍ന്നെടുത്ത ഹുബ്ലി ദുരന്തം സിയാദിന്റെയും ഭാര്യ സജ്‌നയുടേയും ജീവിതത്തില്‍ നിന്ന് പൂവ് പോലുള്ള ആ മകളേയും അടര്‍ത്തിയെടുത്തു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹുബ്ലിക്കടുത്ത് ഹാവേരി ഹനഗലില്‍ ഇവര്‍ സഞ്ചരിച്ച ഹോണ്ട അമേസ് കാര്‍ കര്‍ണാടക ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് ദുരന്തമുണ്ടായത്. സിയാദിന്റെ വാപ്പ തളങ്കര നുസ്രത്ത് റോഡിലെ മുഹമ്മദ് കുഞ്ഞി (65), ഉമ്മ ആയിഷ (62), മകന്‍ മുഹമ്മദ് (മൂന്ന്) എന്നിവര്‍ അന്ന് തന്നെ മരിച്ചിരുന്നു. ഹുബ്ലിയിലേക്ക് മഖാം […]

തളങ്കര: ഹുബ്ലി ദുരന്തം ഒരുകനിവും കാട്ടിയില്ല. വാപ്പയേയും ഉമ്മയേയും പിഞ്ചുമകനേയും കവര്‍ന്നെടുത്ത ഹുബ്ലി ദുരന്തം സിയാദിന്റെയും ഭാര്യ സജ്‌നയുടേയും ജീവിതത്തില്‍ നിന്ന് പൂവ് പോലുള്ള ആ മകളേയും അടര്‍ത്തിയെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹുബ്ലിക്കടുത്ത് ഹാവേരി ഹനഗലില്‍ ഇവര്‍ സഞ്ചരിച്ച ഹോണ്ട അമേസ് കാര്‍ കര്‍ണാടക ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് ദുരന്തമുണ്ടായത്. സിയാദിന്റെ വാപ്പ തളങ്കര നുസ്രത്ത് റോഡിലെ മുഹമ്മദ് കുഞ്ഞി (65), ഉമ്മ ആയിഷ (62), മകന്‍ മുഹമ്മദ് (മൂന്ന്) എന്നിവര്‍ അന്ന് തന്നെ മരിച്ചിരുന്നു. ഹുബ്ലിയിലേക്ക് മഖാം സിയാറത്തിന് പോയതായിരുന്നു സംഘം.
സിയാദും ഭാര്യ സജ്‌നയും മകള്‍ ആയിഷയും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. അപകടനില തരണം ചെയ്ത് മൂവരും ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന പ്രാര്‍ത്ഥനക്കിടയിലാണ് ശനിയാഴ്ച രാത്രി ആയിഷയും മരിച്ചതായി വിവരമെത്തിയത്. നാലുപേരുടെ മരണം തളങ്കരയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മരണവീട്ടിലേക്ക് ഇപ്പോഴും ആളുകള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
മരിച്ചവരുടെ കുടുംബാംഗങ്ങളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ എല്ലാവരും കരഞ്ഞുകൊണ്ട് മടങ്ങുകയാണ്. ആയിഷയുടെ മയ്യത്ത് ഇന്നലെ നാട്ടിലെത്തിച്ച് വൈകിട്ട് മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it