ഹാജിമാരെ വിരുന്നൂട്ടാന്‍ വിശുദ്ധ നഗരി കാത്തിരിക്കുന്നു

ഈ വര്‍ഷത്തെ ഹജ്ജിന് വേണ്ടിയുള്ള തകൃതിയായ ഒരുക്കത്തിലാണ് പുണ്യ നഗരങ്ങള്‍. കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ചപ്പോള്‍ വളരെ നിയന്ത്രണത്തോട് കൂടിയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷവും ഹജ്ജ് കാലം കടന്നുപോയത്.കോവിഡ് കാലത്തിന് ശേഷമുള്ള സമ്പൂര്‍ണ്ണ ഹജ്ജിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് സൗദി ഗവണ്‍മെന്റ്. അതിന്റെ എല്ലാ തയ്യാറെടുപ്പുകളും ഇവിടെ കാണാന്‍ കഴിയും.ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഹജ്ജിന്റെ കേന്ദ്ര സ്ഥാനമായ മക്ക. സൗദി അറേബ്യയുടെ ആഘോഷവും അഭിമാനവുമാണ് ഹജ്ജ് കര്‍മ്മം. 'ഖിദ്മത്തുല്‍ ഹുജ്ജാജ് ഷറഫുന്‍ ലനാ […]

ഈ വര്‍ഷത്തെ ഹജ്ജിന് വേണ്ടിയുള്ള തകൃതിയായ ഒരുക്കത്തിലാണ് പുണ്യ നഗരങ്ങള്‍. കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ചപ്പോള്‍ വളരെ നിയന്ത്രണത്തോട് കൂടിയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷവും ഹജ്ജ് കാലം കടന്നുപോയത്.
കോവിഡ് കാലത്തിന് ശേഷമുള്ള സമ്പൂര്‍ണ്ണ ഹജ്ജിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് സൗദി ഗവണ്‍മെന്റ്. അതിന്റെ എല്ലാ തയ്യാറെടുപ്പുകളും ഇവിടെ കാണാന്‍ കഴിയും.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഹജ്ജിന്റെ കേന്ദ്ര സ്ഥാനമായ മക്ക. സൗദി അറേബ്യയുടെ ആഘോഷവും അഭിമാനവുമാണ് ഹജ്ജ് കര്‍മ്മം. 'ഖിദ്മത്തുല്‍ ഹുജ്ജാജ് ഷറഫുന്‍ ലനാ ഹാജിമാര്‍ക്കുള്ള സേവനം ഞങ്ങള്‍ക്കഭിമാനമാണ് എന്നത് ഹജ്ജ് സേവന രംഗത്തുള്ള ഓരോരുത്തരുടെയും മുദ്രാവാക്യമാണ്.
ഇതോടൊപ്പം 'മര്‍ഹബന്‍ ബിക്കും യാ ദുയൂഫു റഹ്മാന്‍' പരമകാരുണികന്റെ അതിഥികള്‍ക്ക് സ്വാഗതം എന്നെഴുതിവെച്ച് ഹാജിമാരെ സ്വാഗതം ചെയ്ത് കൊണ്ടുള്ള കമാനങ്ങളും വിവിധ കവാടങ്ങളില്‍ ഉയര്‍ന്ന് വരും. സര്‍വ്വ തയ്യാറെടുപ്പുകളും അതിന്റെ അവസാന മിനുക്കു പണിയിലാണ്.
രണ്ട് മില്ല്യണിലധികം ഹാജിമാരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ഇന്തോനേഷ്യയില്‍ നിന്നാണ്. 2,21,000 ഹാജിമാരെയാണ് ഇന്തോനേഷ്യയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 1,79,210 ഹാജിമാരെ പ്രതീക്ഷിക്കുന്ന പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനമെങ്കില്‍, 1,75,025 ഹജ്ജ് കോട്ട അനുവദിച്ചു കിട്ടിയ ഇന്ത്യക്കാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് ഹാജിമാര്‍ ഹാജരായത് 23 ഹാജിമാര്‍ മാത്രം എത്തിയ അംഗോളയില്‍ നിന്നാണ്.
ഹജ്ജിന്റെ സംഗമഭൂമിയായ അറഫയിലെ ഒരുക്കങ്ങള്‍ ധ്രുതഗതിയിലാണ്. ഹജ്ജ് കാലം ചൂട് കാലമായതിനാലായിരിക്കാം പതിവിന് വിപരീതമായി താല്‍ക്കാലിക ടെന്റുകള്‍ പണിതു കൊണ്ടിരിക്കയാണ്. ഹജ്ജിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് സൗദി രാജാവ് തന്നെയാണ്. ഇരു ഹറമുകളുടെയും സേവകന്‍ എന്ന സ്ഥാനപ്പേരാണ് സൗദി രാജാവ് സ്വീകരിച്ചിരിക്കുന്നത്.
ഹറമിലെ സൗകര്യങ്ങള്‍, താമസ-വാഹന സൗകര്യങ്ങള്‍ എല്ലാം കുറ്റമറ്റ രീതിയിലാക്കാന്‍ വ്യത്യസ്ത മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കയാണ്. സംസം വെള്ളത്തിന്റെയും ബലി മാംസത്തിന്റെയും വിതരണവും സംസ്‌കരണവും അത്യന്താധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താലാണ് നിര്‍വ്വഹിക്കുന്നത്.
ചൂടിന് ശമനം നല്‍കുന്ന തണുത്ത വെള്ളം കൊണ്ടുള്ള ഷവര്‍ വിശുദ്ധ നഗരിയിലെങ്ങും സ്ഥാപിച്ച് കഴിഞ്ഞു. ഹജ്ജിന്റെ പ്രധാന ഇടങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ ട്രയല്‍ റണ്‍ നടത്തി കൊണ്ടിരിക്കുന്നതും കാണാന്‍ കഴിഞ്ഞു. മക്ക മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാണ്.
ഓരോ രാജ്യത്തെ ഹാജിമാരുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രത്യേകം പ്രത്യേകം സംവിധാനങ്ങള്‍ ഉണ്ട്. ജിദ്ദയിലുള്ള കോണ്‍സലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയാണ് ഇന്ത്യന്‍ ഹാജിമാരുടെ കാര്യങ്ങള്‍ ക്രമീകരിക്കുന്നത്. ഹജ്ജ് കോണ്‍സലിന്റെ നേതൃത്വത്തിലുള്ള വലിയൊരു പ്രവര്‍ത്തന ശൃംഖല തന്നെയുണ്ട്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ് മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗം അടക്കമുള്ള ഈ സംഘം. ജിദ്ദ കോണ്‍സുലേറ്റിന് പുറമെ മക്ക, മദീന എന്നിവിടങ്ങളിലെ ഹജ്ജ് മിഷന്‍ ഓഫീസുകളും പ്രവര്‍ത്തന നിരതമാണ്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ജിദ്ദ, മദീന അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് പുണ്യ നഗരത്തില്‍ എത്തുന്നത്.
പ്രവാസികളായ ഇന്ത്യക്കാരുടെ സേവനം ഹാജിമാര്‍ക്ക് വലിയ ആശ്വാസമാണ്. അവരുടെ കൂട്ടായ പ്രവര്‍ത്തനം സൗദി ഗവണ്‍മെന്റും അന്താരാഷ്ട്ര മാധ്യമങ്ങളും ഏറെ പ്രശംസിച്ചിട്ടുണ്ട്. ഈ വര്‍ഷവും ഹാജിമാര്‍ക്കുള്ള സേവനത്തിന്റെ തയ്യാറെടുപ്പിലാണ് പ്രവാസി കൂട്ടായ്മകള്‍.
ഇന്ത്യയിലെ മുഴുവന്‍ ഹാജിമാര്‍ക്കും താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് അസീസിയയിലാണ്.
ഇന്ത്യയില്‍ നിന്നും കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് മദീനയില്‍ എത്തിച്ചേര്‍ന്നത് മലയാളികള്‍ക്കിടയില്‍ വലിയ ആവേശം പകര്‍ന്നതായി കാണാന്‍ കഴിഞ്ഞു.
കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ഹജ്ജ് വിമാനം കോഴിക്കോട് നിന്ന് ജൂണ്‍ നാലിനാണ് പുറപ്പെടുക. 10,331 ഹാജിമാര്‍ക്കാണ് ഇത് വരെയായി കേരളത്തില്‍ നിന്നും അനുമതി ലഭിച്ചത്.
കോഴിക്കോടിന് പുറമേ കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും വിമാന സര്‍വ്വീസുകള്‍ ഉണ്ട്. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ ജിദ്ദ വഴി മക്കയിലേക്കാണ് യാത്ര. പ്രവാചക നഗരിയായ മദീന പിന്നീട് സന്ദര്‍ശിക്കും.


-മക്കയില്‍ നിന്ന്
ലായി ചെംനാട്‌

Related Articles
Next Story
Share it