ഉയരം കൂടുന്തോറും പ്രിയപ്പെട്ടവരുടെ എണ്ണം കൂടും

കാസര്‍കോട് സാഹിത്യവേദിയിലെ സൗഹൃദങ്ങള്‍ക്കിപ്പോള്‍ റാണിപുരത്തോളം വലിപ്പമാണ്. സാഹിത്യവും സര്‍ഗാത്മകതയും സൗഹൃദവും ഇഴകിച്ചേര്‍ന്ന റാണിപുരം ക്യാമ്പ് കാസര്‍കോട് സാഹിത്യവേദി അംഗങ്ങള്‍ക്ക് ഒരിക്കലുംമറക്കാത്ത രണ്ട് ദിനങ്ങളാണ് സമ്മാനിച്ചത്. ചൂടിന്റെ കാഠിന്യത്താല്‍ അകവും പുറവും വെന്തുകൊണ്ടിരുന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് ജില്ലാ ലൈബ്രറി പരിസരത്തു നിന്നും പുറപ്പെട്ട സംഘത്തെ കോടയുടെയും മഴയുടെയും അകമ്പടിയോടെയാണ് മാടത്തുമല എന്ന കേരളത്തിലെ ഊട്ടി സ്വീകരിച്ചാനയിച്ചത്. പ്രകൃതി സൗന്ദര്യത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടിയ സന്ധ്യാനേരത്താണ് ഞങ്ങളവിടെ എത്തിച്ചേര്‍ന്നത്. കെ.ടി.ഡി.സി.യുടെ കോട്ടേജ് കാസര്‍കോട്ടേ സാഹിത്യവേദി അംഗങ്ങളെ സ്വീകരിക്കാന്‍ പാകപ്പെട്ട് കാത്തിരിക്കുകയായിരുന്നു. […]

കാസര്‍കോട് സാഹിത്യവേദിയിലെ സൗഹൃദങ്ങള്‍ക്കിപ്പോള്‍ റാണിപുരത്തോളം വലിപ്പമാണ്. സാഹിത്യവും സര്‍ഗാത്മകതയും സൗഹൃദവും ഇഴകിച്ചേര്‍ന്ന റാണിപുരം ക്യാമ്പ് കാസര്‍കോട് സാഹിത്യവേദി അംഗങ്ങള്‍ക്ക് ഒരിക്കലുംമറക്കാത്ത രണ്ട് ദിനങ്ങളാണ് സമ്മാനിച്ചത്. ചൂടിന്റെ കാഠിന്യത്താല്‍ അകവും പുറവും വെന്തുകൊണ്ടിരുന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് ജില്ലാ ലൈബ്രറി പരിസരത്തു നിന്നും പുറപ്പെട്ട സംഘത്തെ കോടയുടെയും മഴയുടെയും അകമ്പടിയോടെയാണ് മാടത്തുമല എന്ന കേരളത്തിലെ ഊട്ടി സ്വീകരിച്ചാനയിച്ചത്. പ്രകൃതി സൗന്ദര്യത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടിയ സന്ധ്യാനേരത്താണ് ഞങ്ങളവിടെ എത്തിച്ചേര്‍ന്നത്. കെ.ടി.ഡി.സി.യുടെ കോട്ടേജ് കാസര്‍കോട്ടേ സാഹിത്യവേദി അംഗങ്ങളെ സ്വീകരിക്കാന്‍ പാകപ്പെട്ട് കാത്തിരിക്കുകയായിരുന്നു. സംഗീതം പോലെ പെയ്തിറങ്ങിയ മഴയെ ആസ്വദിച്ചു കൊണ്ടായിരുന്നു ഞങ്ങള്‍ ക്യാമ്പിന് തുടക്കമിട്ടത്. കൂട്ടത്തിലെ ചെറുപ്പം എന്ന് അഹങ്കരിച്ചിരുന്ന എന്നെ നിരാശരാക്കിക്കൊണ്ട് കൂട്ടത്തിലെ മുതിര്‍ന്നവര്‍ എന്നെക്കാള്‍ ചെറുപ്പക്കാരായി മാറി. കഥയും കവിതയും നാടന്‍പാട്ടും സൂഫി സംഗീതവും മാപ്പിളപ്പാട്ടും ഹിന്ദുസ്ഥാനി ഗീതവും ഒപ്പനപ്പാട്ടും കൊണ്ട് അരങ്ങ് തകര്‍ത്ത സര്‍ഗനൈറ്റ് അംഗങ്ങളുടെ അനുഭവങ്ങളും ഓര്‍മകളും പങ്കിട്ട് മനോഹരമാക്കി തീര്‍ത്തു. ആസ്വാദനത്തിന്റെ കയ്യടികളും തമാശകളും സഹ്യപര്‍വ്വത നിരയിലെ രാത്രികാല കലപില ശബ്ദങ്ങളെ പരാജയപ്പെടുത്തിക്കളഞ്ഞു. സി.എല്‍ ഹമീദിന്റെ ഇംഗ്ലീഷ് നുറുങ്ങു വിദ്യകളും പപ്പന്‍ മാഷിന്റെ നാടന്‍ പാട്ടുകളും മുതല്‍ പുഷ്പാകരന്‍ ബെണ്ടിച്ചാലിന്റെ കുസൃതി ചോദ്യങ്ങളും മുജീബ് അഹ്മദ്, റഹീം ചൂരി, ഷാഫി എ. നെല്ലിക്കുന്ന് എന്നിവരുടെ ഗാനാലാപനങ്ങളും രാത്രിയെ കൂടുതല്‍ സുന്ദരിയാക്കി മാറ്റി. എരിയാല്‍ ശരീഫ്, അഷ്‌റഫലി ചേരങ്കൈ, എരിയാല്‍ അബ്ദുല്ല, ഗിരിധര്‍ രാഘവന്‍, അബ്ദുല്‍ സലാം ചൗക്കി എന്നിവര്‍ക്കൊപ്പം അലി കുമ്പള, റഹ്മാന്‍ മിനി സ്റ്റേറ്റ് എന്നിവരും കഴിവുകള്‍ പുറത്തെടുത്തു. എം.വി സന്തോഷ് ആങ്കറിംഗ് റോള്‍ ഭംഗിയാക്കി.
പ്രഭാത ഭക്ഷണത്തിന് ശേഷമുള്ള മലകയറ്റത്തെ സൗഹൃദങ്ങളും കളി തമാശകളും ഏറെ ആയാസരഹിതമാക്കി. റാണിപുരവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കാന്‍ ഫോറസ്റ്റും ടൂറിസം വകുപ്പും കൊണ്ടു വരുന്ന നിയന്ത്രണങ്ങള്‍ പ്രശംസനീയമാണ്. മുകളിലേക്ക് കൊണ്ട് പോകുന്ന വാട്ടര്‍ ബോട്ടിലുകള്‍ അടക്കമുള്ള പ്ലാസ്റ്റിക് വേസ്റ്റുകള്‍ തിരികെ കൊണ്ട് വന്നു താഴെ പ്രത്യേകം തയ്യാറാക്കിയ ജൈവ, അജൈവ മാലിന്യ നിക്ഷേപത്തില്‍ തന്നെ നിക്ഷേപിക്കാന്‍ അത് കൊണ്ട് തന്നെ ടൂറിസ്റ്റുകള്‍ തയ്യാറാകുന്നു.
പനത്തടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം കടല്‍നിരപ്പില്‍ നിന്ന് 1048 മീറ്റര്‍ ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നത്.
പ്രകൃതി സൗന്ദര്യത്തില്‍ ഊട്ടിയെ ഓര്‍മ്മിപ്പിക്കുന്ന റാണിപുരം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വനമേഖലയാണ്. സഞ്ചാര മേഖലയില്‍ അല്ലെങ്കിലും ചുറ്റുമുള്ള വനമേഖലകളില്‍ ആനക്കൂട്ടം സാധാരണയായി കാണാറുള്ളതായും വനമുകളില്‍ നിന്നും വെള്ളം എത്തിക്കുന്നതിന് തയ്യാറാക്കിയ പൈപ്പുകള്‍ തകര്‍ത്തതായും ഫോറസ്റ്റുകാര്‍ ഞങ്ങളോട് പറഞ്ഞു. ഏതാണ്ട് 2.5 കിലോമീറ്റര്‍ മലകയറാനുണ്ട് മുകളിലെത്താന്‍. വഴിയില്‍ ഇരിക്കാനുള്ള സജ്ജീകരണവും ടെന്റും ഒരുക്കിയിട്ടുള്ളത് വിനോദസഞ്ചാരികള്‍ക്ക് ആശ്വാസകരമാണ്. എട്ടുപേരാണ് ഞങ്ങള്‍ മലകയറിയത്. ഇടക്ക് വിശ്രമിച്ചും കഥകളും ഓര്‍മകളും പങ്കുവെച്ചും മലകയറ്റത്തിന്റെ ക്ഷീണമകറ്റാനായി. ഇടക്ക് അട്ടകടിയുടെ ചെറിയ ശല്യം ഒഴിവാക്കിയാല്‍ മലകയറ്റം എളുപ്പമായിരുന്നു. ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ചകളും പ്രകൃതി സൗന്ദര്യവും വിവരണാതീതമാണ്. ഇടകൂര്‍ത്ത നിത്യഹരിത വനങ്ങളാണ് ചുറ്റും. മലമുകളിലെ പാറക്കല്ലില്‍ തണുത്ത കാലാവസ്ഥയില്‍ വിശ്രമിച്ചും സൗഹൃദം പങ്കിട്ടും തിരിച്ചിറങ്ങുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു.
മറക്കാനാവാത്ത റാണിപുരം ക്യാമ്പിന്റെ അനുഭവങ്ങളും ഓര്‍മ്മകളും പേറിയായിരിക്കും കാസര്‍കോട് സാഹിത്യവേദി അംഗങ്ങള്‍ ഇനി മുന്നോട്ട് സഞ്ചരിക്കുക.


-കെ.പി.എസ് വിദ്യാനഗര്‍

Related Articles
Next Story
Share it