കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ച ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിള്‍ ബെഞ്ച് തള്ളിയത്. കോടതി നടപടി, ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാറിന് താല്‍ക്കാലിക ആശ്വാസമായി.
ഡോ. ഗോപിനാഥിന്റെ നിയമനം സര്‍വകലാശാലാ നിയമത്തിന് വിരുദ്ധമാണെന്നും അതിനാല്‍ തുടര്‍നിയമനം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് സര്‍വകലാശാലാ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി.ജോസ് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
വൈസ് ചാന്‍സലറുടെ പ്രായം 60 കടന്നതും നിയമന കാലാവധി നീട്ടി നല്കുകയല്ല, പുനര്‍നിയമനമാണ് നടന്നിരിക്കുന്നത് എന്നും നിയമനത്തില്‍ യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ഗവര്‍ണര്‍ അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നിയമനം നടത്തിയിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി തള്ളിയതോടെ അപ്പീല്‍ കോടതിയെ സമീപിക്കാനാണ് ഹര്‍ജിക്കാരുടെ തീരുമാനം.
അതേസമയം തന്റെ നിയമനം ശരിയായ രീതിയിലായിരുന്നുവെന്ന് ഗോപിനാഥ് രവീന്ദ്രന് പ്രതികരിച്ചു.