അതിഥികളാണ് പക്ഷെ...

അതിഥി തൊഴിലാളികളിലെ ക്രിമിനലുകള്‍ സംസ്ഥാനത്തിന് ഭാരമാകുന്നുവോ? കേരളത്തില്‍ സമീപകാലത്തുണ്ടായ നിരവധി സംഭവങ്ങള്‍ സമൂഹത്തിന് മുന്നില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്തുകയാണ്. മെച്ചപ്പെട്ട കൂലിയും സമാധാനപരമായ സാമൂഹ്യ അന്തരീക്ഷവും കൊണ്ടാണ് കേരളം അഥിതി തൊഴിലാളികള്‍ക്ക് സ്വര്‍ഗ്ഗ തുല്യമായത്. തൊഴിലവകാശ പോരാട്ടങ്ങള്‍ മുന്നില്‍ നിന്ന് നയിക്കുന്ന നാടും കൂടിയാണ് കേരളം എന്നത് അവര്‍ക്ക് കേരളത്തെ പ്രിയങ്കരമാക്കി. എന്നാല്‍ ഇവിടെയെത്തിച്ചേരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഇതിനെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തുന്നു, ദുരുപയോഗപ്പെടുത്തുന്നു എന്നതിനെ പറ്റിയും എങ്ങനെയാണ് അവരിവിടെ ജീവിക്കുന്നത് എന്നതിനെ പറ്റിയും ചിന്തിച്ചിട്ടുണ്ടോ...?ആതിഥ്യ മര്യാദ […]

അതിഥി തൊഴിലാളികളിലെ ക്രിമിനലുകള്‍ സംസ്ഥാനത്തിന് ഭാരമാകുന്നുവോ? കേരളത്തില്‍ സമീപകാലത്തുണ്ടായ നിരവധി സംഭവങ്ങള്‍ സമൂഹത്തിന് മുന്നില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്തുകയാണ്. മെച്ചപ്പെട്ട കൂലിയും സമാധാനപരമായ സാമൂഹ്യ അന്തരീക്ഷവും കൊണ്ടാണ് കേരളം അഥിതി തൊഴിലാളികള്‍ക്ക് സ്വര്‍ഗ്ഗ തുല്യമായത്. തൊഴിലവകാശ പോരാട്ടങ്ങള്‍ മുന്നില്‍ നിന്ന് നയിക്കുന്ന നാടും കൂടിയാണ് കേരളം എന്നത് അവര്‍ക്ക് കേരളത്തെ പ്രിയങ്കരമാക്കി. എന്നാല്‍ ഇവിടെയെത്തിച്ചേരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഇതിനെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തുന്നു, ദുരുപയോഗപ്പെടുത്തുന്നു എന്നതിനെ പറ്റിയും എങ്ങനെയാണ് അവരിവിടെ ജീവിക്കുന്നത് എന്നതിനെ പറ്റിയും ചിന്തിച്ചിട്ടുണ്ടോ...?
ആതിഥ്യ മര്യാദ പഠിപ്പിക്കുന്ന കേരളീയ സംസ്‌കാരത്തെ മുതലെടുത്ത് അഥിതി തൊഴിലാളികള്‍ക്കിടയിലെ ക്രിമിനലുകള്‍ കേരളീയ ജീവിതത്തിന്റെ മനസ്സമാധാനം ഇല്ലാതാക്കുമ്പോള്‍ 'അതിഥി ദേവോ ഭവ' എന്ന് പറഞ്ഞു കണ്ണടച്ച് വിശ്വസിച്ചിട്ട് കാര്യമില്ലെന്ന് നമ്മള്‍ മനസിലാക്കിയേ തീരൂ.
ഉയര്‍ന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലിനുമായി ഗള്‍ഫ് അടക്കമുള്ള മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കാരണം ജനസംഖ്യ കുറഞ്ഞു വരുന്ന സംസ്ഥാനമാണ് കേരളം. ഇതോടെ മലയാളികള്‍ ഉപേക്ഷിച്ച കൂലിപ്പണി അടക്കമുള്ള പല തൊഴിലുകളും ചെയ്യാന്‍ ആളില്ലാതെ വന്നത്തോടെയാണ് 1990കളില്‍ പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, ഉത്തര്‍പ്രദേശ് തുടങ്ങിയയിടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള കുടിയേറ്റത്തിന് പല കാരണങ്ങളുണ്ട്. വ്യാപകമായ കൃഷി നാശം, പ്രളയം, വരള്‍ച്ച, കുറഞ്ഞ തൊഴില്‍ സാധ്യത, ചെറിയ കൂലി, രാഷ്ട്രീയ അസ്ഥിരത, ജാതി വിവേചനം തുടങ്ങിയ കാരണങ്ങളിലാണ് അവര്‍ സംസ്ഥാനം വിടാന്‍ നിര്‍ബന്ധിതരാവുന്നത്.
കേരളത്തിലെ മലയാളി തൊഴിലാളികളെക്കാളും കുറഞ്ഞ കൂലിയാണ് അതിഥി തൊഴിലാളികള്‍ക്ക് ഉള്ളതെങ്കിലും ഏഷ്യന്‍ ഉപഭൂഖണ്ഠത്തില്‍ തന്നെ ഏറ്റവും കൂടിയ കൂലി കിട്ടുന്ന സ്ഥലമാണ് ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് കേരളം.
പഞ്ചാബ് സര്‍വ്വകലാശാല പ്ലാനിങ് ബോര്‍ഡുമായി ചേര്‍ന്ന് 4 വര്‍ഷം മുമ്പ് നടത്തിയ സര്‍വ്വേയില്‍ 31 ലക്ഷം പേര്‍ പല സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തൊഴിലിനായി എത്തിയെന്നാണ് കണക്ക്. 2050 ആവുമ്പോഴേക്കും കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം അരക്കോടി എത്തുമെന്നാണ് വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ എണ്ണവും കൂടി വരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ഷാവര്‍ഷം കൂടുമ്പോഴും തൊഴിലാളികളുടെ കൃത്യമായ എണ്ണത്തില്‍ സംസ്ഥാന സര്‍ക്കാരിനും വ്യക്തതയില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ അകറ്റി നിര്‍ത്താന്‍ ബോര്‍ഡ് തലത്തില്‍ വിവര ശേഖരണം നടത്തണമെന്നാണ് നിര്‍ദേശം. തൊഴിലാളികളുടെ എണ്ണം 30 ലക്ഷം പിന്നിട്ടെന്ന് പ്ലാനിങ് ബോര്‍ഡ് വിലയിരുത്തുമ്പോഴും സര്‍ക്കാര്‍ കണക്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പകുതിയില്‍ കുറവ് ആള്‍ക്കാര്‍ മാത്രമാണ്.
കേരളത്തിലെ വിവിധ ജില്ലകളിലായി ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി സ്വാഗതാര്‍ഹമാണെങ്കിലും വര്‍ഷങ്ങളായി സംസ്ഥാനത്ത് ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാന്‍ ചാന്ദിനി എന്ന അഞ്ചു വയസ്സുകാരിയുടെ ജീവന്‍ കൊടുക്കേണ്ടി വന്നു എന്നത് വളരെയധികം ഖേദകരമാണ്.
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയെ അതിഥി തൊഴിലാളി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ നിന്നും കേരളം പാഠം പഠിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ആലുവയിലെ ബാലികയുടെ കൊല.
ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ട്. പൊതു സ്ഥലങ്ങളില്‍ മലയാളിയേതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ് മിക്ക സ്ഥലങ്ങളിലും അഥിതി തൊഴിലാളികളുടെ അംഗ സംഖ്യ. കേരളത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവരില്‍ കൊടും ക്രിമിനലുകളുണ്ടെന്ന് പെരുമ്പാവൂരിലേയും ആലുവയിലേയും സംഭവങ്ങള്‍ തെളിയിച്ച് കഴിഞ്ഞിട്ടും അധികൃതര്‍ക്ക് ഇത് തിരിച്ചറിയാന്‍ വൈകി എന്നത് വാസ്തവമാണ്.
വന്നവരില്‍ എത്ര പേര്‍ തിരിച്ചു പോയി എന്നതില്‍ വ്യക്തതയില്ല. ഒപ്പം കേരളത്തില്‍ തന്നെ ഒരു സ്ഥലത്ത് വന്ന അഥിതി തൊഴിലാളി മറ്റൊരു സ്ഥലത്തേക്ക് താമസവും തൊഴിലും മാറിയാലും ഇത് രേഖപ്പെടുത്താനും കൃത്യമായ സംവിധാനങ്ങളില്ല. അവരില്‍ ആരൊക്കെ ഇപ്പോള്‍ എവിടെ എന്ന് ചോദിച്ചാല്‍ തൊഴില്‍ വകുപ്പും സാമൂഹ്യ നീതി വകുപ്പും കുഴയുമെന്നതാണ് യാഥാര്‍ഥ്യം.
തൊഴിലാളികളുടെ പൂര്‍ണ്ണമായ പേരും വിവരവും ശേഖരിക്കാതെ അതിഥി തൊഴിലാളികളെ ജോലിക്കെടുക്കുന്ന തൊഴില്‍ ദാതാക്കളും ഇവര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിട ഉടമകളും അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരണം നടപ്പാക്കാത്തത്തില്‍ കുറ്റക്കാരാണ് എന്നും കൂടി കൂട്ടി ചേര്‍ക്കേണ്ടതുണ്ട്. ഇന്ത്യയിലെവിടെയും തൊഴിലെടുത്ത് ജീവിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും ഭരണഘടന അനുമതി നല്‍കുന്നുണ്ട്.
കേരളത്തില്‍ ശമ്പള നിരക്ക് മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതലായതിനാലാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ കൂടുതലും കേരളത്തെ തിരഞ്ഞെടുക്കുന്നത്.
എന്നാല്‍ ജിഷ കേസ് മുതല്‍ ചാന്ദിനി കേസ് വരെ അറിഞ്ഞതും അറിയപ്പെടാതെ പോവുന്നതുമായ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാവുന്ന കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇവരുടെ ക്രിമിനല്‍വല്‍ക്കരണത്തിനുള്ള പ്രധാന കാരണം നിരോധിത ലഹരി ഉപയോഗമാണെന്ന് പിടിക്കപ്പെടുന്ന പല ക്രിമിനലുകളില്‍ നിന്നും നാം മനസിലാക്കിയതാണ്.
ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയയുടെ കണ്ണികള്‍ പൊട്ടിക്കാനുള്ള പഴുതടച്ച നടപടികള്‍ പൊലീസിന്റെയും എക്‌സൈസിന്റെയും ഭാഗത്തു നിന്നുണ്ടാവണം.
അതിഥി തൊഴിലാളികള്‍ക്കിടയിലെ ക്രിമിനലുകളെ കണ്ടെത്താന്‍ ഇവരുടെ വിവര ശേഖരണം നടത്തുക എന്നത് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ നിയമങ്ങള്‍ കര്‍ശനമാക്കാത്തിടത്തോളം കാലം പിടിക്കപ്പെടുമ്പോള്‍ മാത്രം വാര്‍ത്തയാവുന്ന, ആവര്‍ത്തിക്കപ്പെടുന്ന കേസുകള്‍ ഇനിയുമുണ്ടാവും.


-ഹാഷിര്‍ കൊടിയമ്മ

Related Articles
Next Story
Share it