തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന സര്‍ക്കാര്‍-ഗവര്‍ണര്‍ ചേരിപ്പോരിന് മഞ്ഞുരുകുന്നു. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവര്‍ണറെ അറിയിക്കാന്‍ തീരുമാനിച്ചു. ക്യാബിനറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിനു മുന്നോടിയായി കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സര്‍ക്കാര്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. ഗവര്‍ണറുമായി തത്കാലം പോര് വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് അറിയുന്നത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയതോടെയാണ് സര്‍ക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായത്.
ഡിസംബര്‍ 13-ന് നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനമായിരുന്നു ഇത്. സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ നിയമസഭാ സമ്മേളനം തീര്‍ന്നതായി രാജ്ഭവനെ അറിയിക്കുന്നതോടെ എട്ടാം സമ്മേളനത്തിലാവും ബജറ്റ് അവതരിപ്പിക്കുക എന്നുറപ്പായി.
അതിനിടെ സജി ചെറിയാന്‍ മന്ത്രിയായി ഇന്ന് വീണ്ടും അധികാരമേല്‍ക്കും. സജിചെറിയാന്‍ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് തടയാന്‍ ഗവര്‍ണര്‍ ശക്തമായി ശ്രമിക്കും എന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ മന്ത്രിമാരെ നിയമിക്കുന്നതില്‍ പൂര്‍ണ അധികാരം മുഖ്യമന്ത്രിക്കാണെന്ന നിയമോപദേശം ലഭിച്ചതോടെ തുറന്ന യുദ്ധത്തില്‍ നിന്നും ഗവര്‍ണറും പിന്മാറുകയായിരുന്നു.