തലനാരിഴ കീറി പ്രത്യേക അന്വേഷണ സംഘം; പ്രതി വീടിന് സമീപത്തുള്ള ആള്‍ തന്നെയായിരിക്കാമെന്ന് നിഗമനം

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 9 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും കമ്മല്‍ കവരുകയും ചെയ്ത കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മൂന്ന് ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടുന്ന സംഘമായിരിക്കും അന്വേഷിക്കുക. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ നിന്നും സ്ഥലം മാറിപ്പോയ രണ്ട് ഡി.വൈ.എസ്.പി മാരെ തിരിച്ചുവിളിച്ച് സംഘത്തില്‍ ചേര്‍ക്കും. ഡി.വൈ.എസ്.പിമാരായ പി. ബാലകൃഷ്ണന്‍ നായര്‍, സി.കെ സുനില്‍കുമാര്‍ എന്നിവര്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ ചേരും. ഇവര്‍ ഇന്നുതന്നെ അന്വേഷണം തുടങ്ങും. ഇവരെ കൂടാതെ […]

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 9 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും കമ്മല്‍ കവരുകയും ചെയ്ത കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മൂന്ന് ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടുന്ന സംഘമായിരിക്കും അന്വേഷിക്കുക. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ നിന്നും സ്ഥലം മാറിപ്പോയ രണ്ട് ഡി.വൈ.എസ്.പി മാരെ തിരിച്ചുവിളിച്ച് സംഘത്തില്‍ ചേര്‍ക്കും. ഡി.വൈ.എസ്.പിമാരായ പി. ബാലകൃഷ്ണന്‍ നായര്‍, സി.കെ സുനില്‍കുമാര്‍ എന്നിവര്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ ചേരും. ഇവര്‍ ഇന്നുതന്നെ അന്വേഷണം തുടങ്ങും. ഇവരെ കൂടാതെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.വി ലതീഷും സംഘത്തിലുണ്ടാകും. ഉത്തരമേഖല ഐ.ജി ഇന്നലെ കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇദ്ദേഹം മുന്‍കൈയെടുത്താണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അതേസമയം, പ്രതിയെക്കുറിച്ച് സൂചനകളൊന്നുമില്ല. 30 വയസ്സിന് താഴെയുള്ള യുവാവാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന. മെലിഞ്ഞ പ്രകൃതമുള്ള ആളാണ് ദ്രോഹിച്ചതെന്ന പെണ്‍കുട്ടി നല്‍കിയ മൊഴി അനുസരിച്ചാണ് പൊലീസ് സംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്. പ്രദേശത്ത് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ആളാവണം സംഭവത്തിന് പിന്നിലെന്നും പൊലീസ് കരുതുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് തലനാരിഴ കീറിയാണ് പരിശോധിക്കുന്നത്. പ്രദേശത്ത് സി.സി.ടി.വികള്‍ ഉണ്ടെങ്കിലും ഇരുട്ടില്‍ ചിത്രങ്ങള്‍ വ്യക്തമാകാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. അതേസമയം ലഹരിക്ക് അടിമപ്പെട്ട യുവാവായിരിക്കണം ക്രൂരത ചെയ്തതെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെ നന്നായി അറിയാവുന്ന ആള്‍ തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസ് കരുതുന്നത്. വീട്ടിലെ ഓരോ നീക്കങ്ങളും വ്യക്തമായി മനസിലാക്കിയ ആള്‍ക്ക് മാത്രമെ ഇങ്ങനെയൊരു കൃത്യം നിര്‍വഹിക്കാന്‍ കഴിയൂ എന്നും പൊലീസ് കരുതുന്നു. പെണ്‍കുട്ടിയെ ദ്രോഹിച്ചതിനെ തുടര്‍ന്ന് കേസില്‍ പോക്‌സോ വകുപ്പ് കൂടി ചേര്‍ത്തു. ആസ്പത്രിയില്‍ കഴിയുന്ന കുട്ടി സുഖം പ്രാപിച്ചുവരുന്നു. അതേസമയം ക്രൂരകൃത്യം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഉത്തര മേഖല ഐ.ജി ഇന്നും കാഞ്ഞങ്ങാട് സന്ദര്‍ശിക്കുമെന്നറിയുന്നു. ഇന്നലെ പൊലീസ് നായ, ഫോറന്‍സിക്ക് വിഭാഗം എന്നിവ അന്വേഷണത്തിന്റെ ഭാഗമായി എത്തിയിരുന്നു. പ്രദേശത്തുനിന്ന് 60 രൂപ വീണു കിട്ടിയിരുന്നു. പ്രതിയുടെ കയ്യില്‍ നിന്ന് വീണതാണിതെന്ന് സംശയിക്കുന്നു. പൊലീസ് നായ മണം പിടിച്ച് നോട്ടിനടുത്ത് ചെന്ന് നില്‍ക്കുകയായിരുന്നു.

അക്രമി മലയാളം സംസാരിക്കുന്ന,
മെലിഞ്ഞ ശരീരമുള്ളയാള്‍

കാസര്‍കോട്: മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ, വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു.
ആഭരണം കവരാനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി. ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസ്, ജില്ലാ പൊലീസ് മേധാവി പി. ബിജോയ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Related Articles
Next Story
Share it