സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഘം മറ്റൊരാളെയും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു

കാസര്‍കോട്: മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ സ്വര്‍ണവ്യാപാരിയെ മൊഗ്രാല്‍പുത്തൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ പ്രതികളായ സംഘം മറ്റൊരാളെയും സമാന രീതിയില്‍ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ തിരിച്ചറിയുകയും പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തതോടെയാണ് ഇവരുടെ പദ്ധതി പരാജയപ്പെട്ടത്. ഈ കേസിലെ മൂന്നുപ്രതികളെ കഴിഞ്ഞ ദിവസം കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അഖില്‍ ടോമി, ബിനോയ് സി. ബേബി, അനുഷാജു എന്നിവരാണ് അറസ്റ്റിലായത്. മറ്റ് […]

കാസര്‍കോട്: മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ സ്വര്‍ണവ്യാപാരിയെ മൊഗ്രാല്‍പുത്തൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ പ്രതികളായ സംഘം മറ്റൊരാളെയും സമാന രീതിയില്‍ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്.
സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ തിരിച്ചറിയുകയും പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തതോടെയാണ് ഇവരുടെ പദ്ധതി പരാജയപ്പെട്ടത്. ഈ കേസിലെ മൂന്നുപ്രതികളെ കഴിഞ്ഞ ദിവസം കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അഖില്‍ ടോമി, ബിനോയ് സി. ബേബി, അനുഷാജു എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. തൃശൂര്‍ താഴൂര്‍ വടക്കശേരിയിലെ എഡ്വിന്‍ തോമസാണ് കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് പറഞ്ഞു. എഡ്വിന്‍ തോമസിന് പുറമെ സുജിത്, ആന്റപ്പന്‍ എന്നിവരും പ്രതികളാണ്. ഇവരെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. എഡ്വിന്‍ തോമസിന്റെ തൃശൂര്‍ പൂച്ചട്ടിയിലെ വാടക ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് സി.ഐ പി. അജിത്കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ്, എ.എസ്.ഐ രമേശന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുമേഷ്, കൃഷോഭ്, ധനേഷ്, അജിത് എന്നിവര്‍ പരിശോധന നടത്തി ഏഴരരലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഫ്‌ളാറ്റിലെ വാഷിംഗ് മെഷീനിലെ പ്രത്യേക അറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. ഫ്‌ളാറ്റില്‍ നിന്ന് മൂന്ന് ജോഡി കയ്യുറകളും കവര്‍ച്ചക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. പ്രതികള്‍ നിര്‍മിച്ച മഹാരാഷ്ട്ര, തിരുവനന്തപുരം, മാവേലിക്കര എന്നിവിടങ്ങളിലെ വാഹനരജിസ്‌ട്രേഷന്‍ നമ്പറുകള്‍ അടങ്ങിയ മൂന്ന് പ്ലേറ്റുകളും പിടികൂടിയിരുന്നു. കവര്‍ച്ചക്കായി സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോകുന്നതിന് ടവേര അടക്കം രണ്ട് ഇന്നോവ കാറുകളും ഒരു സാന്‍ട്രോ കാറും ഒരു സ്‌കോര്‍പ്പിയോയുമാണ് സംഘം ഉപയോഗിച്ചത്. ഇതില്‍ ടവേര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള കാര്‍ മണ്ണുത്തിയിലെ വര്‍ക്ക് ഷോപ്പിലാണ് പൊലീസ് കണ്ടെത്തിയത്. കാറിന്റെ നിറം മാറ്റാനാണ് വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നത്. എഡ്വിന്‍ തോമസ് അടക്കമുള്ള പ്രതികള്‍ കോയമ്പത്തൂരിലുണ്ടെന്ന വിവരമറിഞ്ഞ് പൊലീസ് ഈ ഭാഗത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പൊലീസിനെ വെട്ടിച്ച് സംഘം കോയമ്പത്തൂരില്‍ നിന്ന് കടന്നുകളഞ്ഞു.

Related Articles
Next Story
Share it