കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സന് മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പും കസ്റ്റസും പരിശോധന നടത്തി. പുറത്തുവന്ന മ്യൂസിയത്തിന്റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് ആനക്കൊമ്പ് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. എറണാകുളം കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആനക്കൊമ്പ് യഥാര്‍ഥമാണോയെന്നും, എവിടെ നിന്നാണ് ലഭിച്ചതെന്നുമാണ് വനംവകുപ്പ് അന്വേഷിക്കുന്നത്.
ആഡംബര കാറുകള്‍, പുരാവസ്തുക്കള്‍ എന്നിവയുടെ വിശദാംശങ്ങള്‍ തേടിയാണ് കസ്റ്റംസ് പരിശോധനയ്ക്കെത്തിയത്. കൊച്ചി കലൂരിലെ വീട്ടിലാണ് പരിശോധന. മോന്സന് മാവുങ്കലിന്റെ ശേഖരത്തിലെ ആഡംബര കാറുകളില്‍ 10 വാഹനങ്ങളുടെ വിശദാംശങ്ങളാണ് കസ്റ്റംസ് തേടുന്നത്. വിദേശ നിര്‍മ്മിത വാഹനങ്ങളുടെ രേഖകളും മറ്റും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. കാറുകള്‍ വിദേശത്തു നിന്ന് നേരിട്ട് ഇറക്കിയതാണോ എന്നാണ് പരിശോധിക്കുന്നത്. കാറുകളുടെ നികുതിയടവുള്‍പ്പടെയുള്ള കാര്യങ്ങളിലും പരിശോധന നടത്തും.
കൂടാതെ മോന്‍സന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കളുടെ വിശദാംശങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വിദേശത്തുനിന്നുള്ള പുരാവസ്തുക്കള്‍ ഉള്‍പ്പെടെ മോന്‍സന്റെ ശേഖരത്തില്‍ ഉള്ളതിനാല്‍ ഇതെല്ലാം ഏത് വഴിയാണ് കേരളത്തില്‍ എത്തിച്ചതെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.