നെല്ലിക്കുന്ന് റോഡില്‍ ആദ്യ ടെലിവിഷന്‍ വന്നത്...

1971ലാണ്. കാസര്‍കോട് ആദ്യം ടി.വി സെറ്റ് വന്നത്. കേട്ടവര്‍ കേട്ടവര്‍ ആ വീട്ടിലേക്കോടി. ഞാനും ഓടി. ജപ്പാന്‍ വിശേഷങ്ങള്‍ വായിക്കുമ്പോള്‍ കൊച്ചു സിനിമാ പെട്ടി ടെലിവിഷന്‍ മഹാ കൗതുകമായിരുന്നു. 'ഹിന്ദു' ദിനപത്രം അക്കാലത്ത് ഇത്തരം ശാസ്ത്ര പുരോഗതി വാര്‍ത്തകള്‍ക്ക് ഒരു പേജ് തന്നെ അക്കാലം നല്‍കിയിരുന്നു. കപ്പലില്‍ ജോലിയുള്ള അബ്ദു റഹ്‌മാന്‍ എന്ന അന്ത്രുച്ചയാണ് നെല്ലിക്കുന്ന് റോഡില്‍ ആദ്യം ടെലിവിഷന്‍ കൊണ്ടു വന്നത്. അദ്ദേഹം കപ്പല്‍ ജോലിയില്‍ നിന്ന് വിരമിച്ച് വന്നതാണ്. ടി.വി മാത്രമല്ല, വിവിധ തരം […]

1971ലാണ്. കാസര്‍കോട് ആദ്യം ടി.വി സെറ്റ് വന്നത്. കേട്ടവര്‍ കേട്ടവര്‍ ആ വീട്ടിലേക്കോടി. ഞാനും ഓടി. ജപ്പാന്‍ വിശേഷങ്ങള്‍ വായിക്കുമ്പോള്‍ കൊച്ചു സിനിമാ പെട്ടി ടെലിവിഷന്‍ മഹാ കൗതുകമായിരുന്നു. 'ഹിന്ദു' ദിനപത്രം അക്കാലത്ത് ഇത്തരം ശാസ്ത്ര പുരോഗതി വാര്‍ത്തകള്‍ക്ക് ഒരു പേജ് തന്നെ അക്കാലം നല്‍കിയിരുന്നു. കപ്പലില്‍ ജോലിയുള്ള അബ്ദു റഹ്‌മാന്‍ എന്ന അന്ത്രുച്ചയാണ് നെല്ലിക്കുന്ന് റോഡില്‍ ആദ്യം ടെലിവിഷന്‍ കൊണ്ടു വന്നത്. അദ്ദേഹം കപ്പല്‍ ജോലിയില്‍ നിന്ന് വിരമിച്ച് വന്നതാണ്. ടി.വി മാത്രമല്ല, വിവിധ തരം കളിപ്പാട്ടങ്ങള്‍, ഇലക്‌ട്രോണിക്‌സ് സംവിധാനത്തില്‍ കറങ്ങുന്നതും ഓടുന്നതും അന്ത്രുച്ചാ കൊണ്ടുവന്നു. അന്ത്രുച്ചയുടെ വീടിന്റെ കരാര്‍ ജോലി ഞങ്ങളുടെ ഗോപാലന്‍ മോസ്തിരിക്കായിരുന്നു. (മകന്‍ വിജയന്‍ പ്രശസ്ത തബലിസ്റ്റും ഫോട്ടോഗ്രാഫറുമായി ഇപ്പോള്‍ ഇരിട്ടിയിലുണ്ട്. യേശുദാസ് ഗാനമേളകള്‍ക്ക് വരെ വിജയന്‍ തബല വായിക്കും)
എന്നെ ടെലിവിഷന്‍ കാണിക്കാന്‍ കൊണ്ടുപോയത് മേസ്തിരിയാണ്. ഗീതാ ടാക്കീസ് കഴിഞ്ഞാല്‍ അന്ന് കമനീയമായ ബില്‍ഡിംഗ് വനിതാ ഹോസ്റ്റല്‍ 'ഗില്‍ഡ് ഓഫ് സര്‍വ്വീസ്' ആണ്. ആ കെട്ടിടത്തിന് നേരെ എതിര്‍വശത്താണ് സീമേന്‍ അന്ത്രുച്ചായുടെ മനോഹര ഭവനം.
നെല്ലിക്കുന്ന് റോഡില്‍ അത്രയും കമനീയ ഹര്‍മും അക്കാലം വേറെയില്ല.
അന്ത്രുച്ച ജനത്തിരക്ക് കുറഞ്ഞപ്പോള്‍ വി.സി.ആറില്‍ കാസറ്റിട്ടു.
ഇന്നത്തെ ചില ടി.വി വലിപ്പമാണ് അന്ന് വിസി ആറിന്. കപ്പലും അതിനുള്ളിലെ വിസ്മയങ്ങളുമാണ് ഞാന്‍ പ്രഥമം കണ്ട ടെലിവിഷന്‍ കാഴ്ച. അന്നത്തെ പൊലീസല്ലേ; ജനം ഓടിക്കൂടുന്ന വാര്‍ത്ത കേട്ട് ഒരു ദിവസം രണ്ടു കോണ്‍സ്റ്റബിളുമാരും ഹെഡ്‌പോസ്റ്റോഫീസ് ജീവനക്കാരും അന്ത്രുച്ചായുടെ വീട്ടിലെത്തി. അക്കാലം റേഡിയോ ലൈസന്‍സ് നിര്‍ബന്ധം. പോസ്റ്റോഫീസില്‍ നിശ്ചിത തുക അടച്ചാലേ വീട്ടിലും സ്ഥാപനത്തിലും റേഡിയോ പ്രവര്‍ത്തനം സാധ്യമാവു.
ടെലിവിഷന്‍ കണ്ട അധികൃതര്‍ അമ്പരന്നു. കസ്റ്റംസ് രേഖകള്‍ പരിശോധിച്ചു. ലൈസന്‍സ് വേണോ വേണ്ടയോ എന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ധാരണയില്ല.
ആന്റിനയോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ചല്ല ടി.വി തുറക്കുന്നത്. ബാറ്ററി കൊണ്ടുള്ളപ്രവര്‍ത്തനമാണ്.
ഉദ്യോഗസ്ഥര്‍ കുഴങ്ങി.
അക്കാലം കസ്റ്റംസില്‍ ഒരു ഗോവിന്ദറാം ഉണ്ടായിരുന്നു. കാസര്‍കോടന്‍ മുസ്ലിം കള്‍ക്കിടയില്‍ ഗോവിന്ദറാമിന് വന്‍സ്വാധീനമാണുണ്ടായിരുന്നത്. ഗോവിന്ദറാം അന്ത്രുച്ചയുടെ വീട് സന്ദര്‍ശിച്ചത് കോലാഹലം സൃഷ്ടിച്ചു. അന്ന് കപ്പല്‍ ജീവനക്കാര്‍ കാസര്‍കോട് ധാരാളമുണ്ട്. അവര്‍ യോഗം ചേര്‍ന്നു. നിയമാനുസൃതം സീമേന്‍ ജോലി വിട്ട് വരുമ്പോള്‍ ഒരു ടെലിവിഷന്‍ കൊണ്ടുവന്നത് അത്ര അപരാധമോ? ദിവസങ്ങള്‍ പോകവേ ചൂടും ചൂരും കുറഞ്ഞു.
പിന്നീട് സീമേന്‍മാര്‍ ജോലി വിട്ടുവരുമ്പോള്‍ ടെലിവിഷന്‍ എന്നത് പതിവായി. എങ്കിലും പുഴക്കരയുള്ള കസ്റ്റംസ് ഓഫീസില്‍ ഹാജരാക്കി രേഖകള്‍ ബോധ്യപ്പെടുത്തണമെന്ന നിബന്ധനയുണ്ടായി.
എങ്കിലും അന്ത്രുച്ചയുടെ ടെലിവിഷന്‍ ജനങ്ങളില്‍ സംസാരമായി. ടി.എച്ച് കോടമ്പുഴ മനോരമ ലേഖകനായി നിയമിതനായ കാലം. പുതിയ പുതിയ 'സ്റ്റോറികള്‍' തേടുന്ന കോടമ്പുഴയോട് ആദ്യം വന്ന ടെലിവിഷന്‍ ഞാന്‍ സൂചിപ്പിച്ചു. അക്കാലം പി. അപ്പുക്കുട്ടന്‍, കെ.പി.വി തമ്പി മാസ്റ്റര്‍ ഒക്കെ താമസം മുബാറക് പ്രസിനോടനുബന്ധിച്ച ചെറിയ മുറിയിലാണ്. കോടമ്പുഴ വാര്‍ത്ത കണ്ടെത്തും; എഴുതുന്നത് അപ്പുക്കുട്ടന്‍ മാഷ്, അല്ലെങ്കില്‍ തമ്പി, (തമ്പി മാസ്റ്റര്‍ പറഞ്ഞു കൊടുക്കലേ ഉള്ളു)
നെല്ലിക്കുന്ന് റോഡില്‍ അന്ത്രുച്ചാന്റെ വീട്ടില്‍ ഞാനും കോടമ്പുഴയും അപ്പുക്കുട്ടന്‍ മാസ്റ്ററും പോയി. അന്ത്രുച്ചാന്റെ ആദ്യ പ്രതികരണം രസാവഹമായിരുന്നു.
'അല്ലാഹുവേ; മുപ്പത്തി നാല് വര്‍ഷായി സീമേനായിട്ട്...ഓരോ വര്‍ഷത്തിനും എന്തൊക്കെ കൊണ്ടന്ന്...ഈ പണ്ടാരം ടെലിവിഷം ഒരു എടങ്ങേറ് തന്നെ...
ഞങ്ങള്‍ പരിചയപ്പെടുത്തി. അന്ത്രുച്ച ആ ടി.വി.യുടെ 'കഥ' പറഞ്ഞു.
കപ്പലില്‍ സ്റ്റോര്‍ കം കീപ്പര്‍ ആയിരുന്നു അന്ത്രുച്ച. ജപ്പാനിലെ ഒസാക്കയില്‍ കപ്പല്‍ ചരക്കിറക്കാന്‍ അടുത്തപ്പോള്‍ രണ്ട് ദിവസത്തെ ക്യാമ്പുണ്ടായിരുന്നു.
സുഹൃത്ത് ഫിലിപ്പീന്‍കാരനുമായി ഒസാക്ക ടൗണ്‍ ചുറ്റുമ്പോള്‍ ടി.വി പ്രദര്‍ശനം കണ്ടു. ടെലിവിഷന്‍ അന്ന് പ്രചാരത്തിലായി വരുന്നതേയുള്ളു.
ഏകദേശം 30,000 ഇന്ത്യന്‍ റുപ്പി വിലയായത്രെ. ടെലിവിഷന്‍ വാങ്ങി കപ്പലിനുള്ളില്‍ അത്തരം ഉരുപ്പടികള്‍ സ്റ്റോര്‍ ചെയ്യണമെങ്കില്‍ ക്യാപ്റ്റന്റെ പ്രത്യേക അനുമതി വേണം. അമേരിക്കന്‍ ക്യാപ്റ്റന്‍ ആയിരുന്ന അദ്ദേഹം ഒബാക്കയില്‍ അന്ത്രുച്ചയോടൊപ്പം വീണ്ടും പോയി. ടി.വി. വാങ്ങിയില്ല. അമേരിക്കയില്‍ കിട്ടും എന്ന് പറഞ്ഞു.
ഒരു നിമിഷം നിര്‍ത്തി അന്ത്രുച്ച വീട്ടിനുള്ളിലേക്ക് പോയി. കമനീയമായ ഒരു ബോക്‌സുമായി വന്നു. പച്ച വെല്‍വെറ്റില്‍ പൊതിഞ്ഞ മനോഹരമായൊരു ബോക്‌സ് തുറന്നു. ഷിഫേഴ്‌സ് വെന്നിന്റെ ഒരു ആദ്യകാല മാതൃക. ഇന്ത്യയില്‍ പ്രചാരത്തിലായിട്ടില്ല. കോടമ്പുഴ അത് തിരിച്ചും മറിച്ചും നോക്കി. പോക്കറ്റില്‍ കുത്തി നോക്കി.
അന്ത്രുച്ച വേഗം വാങ്ങി പെട്ടിക്കുള്ളില്‍ ഭദ്രമാക്കി.
'അത് പത്രക്കാരന് സമ്മാനം തന്നുകൂടേ... അന്ത്രുച്ച മറുപടിയായി ഒന്നു പൊട്ടിച്ചിരിച്ചു.
ആ പെട്ടിയില്‍ മഷി നിറക്കാനുള്ള നീണ്ട ഫില്ലറും ചെറിയ മഷിക്കുപ്പിയും ഉണ്ടായിരുന്നു. ഞങ്ങള്‍ മടങ്ങി. ഏറെ ദിവസം കോടമ്പുഴ ആ 'മഹത്തായ പെന്‍' സംസാരിച്ചേ ഇരുന്നു. മനോരമയില്‍ വലിയ പ്രാധാന്യത്തോടെ ആ ടെലിവിഷന്‍ ഫോട്ടോ സഹിതം അച്ചടിച്ചതും നല്ല ഓര്‍മ്മ.

Related Articles
Next Story
Share it