ആദൂര്‍: ദേലംപാടി കണ്ണങ്കോള്‍ കോളനിയില്‍ പനി പടരുന്നു. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച ആള്‍ മരിച്ചു. കണ്ണന്തോള്‍ കോളനിയിലെ മത്താടി(51)യാണ് മരിച്ചത്. ഭാര്യ: ജയന്തി. മക്കള്‍: സുന്ദര, ശൈലജ. മരുമക്കള്‍: സുന്ദരി, പരേതനായ സുന്ദരന്‍. കോളനിയില്‍ പനി പടരുമ്പോഴും ആരോഗ്യവകുപ്പ് അധികൃതരും ആശാവര്‍ക്കറും തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിരവധി കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. നിര്‍ധനരായ ഇവരില്‍ പലരും പനി മൂര്‍ഛിച്ചാലും മരുന്ന് കഴിക്കുകയോ ചികിത്സ തേടുകയോ ചെയ്യാറില്ല. ഇതേക്കുറിച്ച് ആരോഗ്യവകുപ്പധികൃതര്‍ അന്വേഷിക്കുകയോ ബോധവല്‍ക്കരണം നടത്തുകയോ ചെയ്യാറില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. മത്താടിയുടെ മൃതശരീരം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകന്‍ ദേലംപാടി മയ്യളയിലെ രവി ഇതുസംബന്ധിച്ച് ആദൂര്‍ പൊലീസില്‍ വിവരം നല്‍കി. ഇന്നലെ പൊലീസെത്തിയെങ്കിലും ആരോഗ്യവകുപ്പധികൃതര്‍ വന്നില്ല. മത്താടിയുടേത് പനി മരണമല്ലെന്നും സ്വാഭാവിക മരണമാണെന്നുമാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ന് കോളനി സന്ദര്‍ശിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാട്ടുകാര്‍ പണം സ്വരൂപിച്ച് മത്താടിയുടെ മൃതദേഹം സംസ്‌ക്കരിക്കും.