പൊലിഞ്ഞുപോവരുത്, ജീവവായു കിട്ടാതെ ഒരു ജീവനും

കാസര്‍കോട്: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കാസര്‍കോടിന്റെ നെഞ്ചിടിപ്പ് ഏറിയ ദിവസമായിരുന്നു ഇന്നലെ. ജീവവായു ലഭിക്കാതെ ഒരു ജീവന്‍ പോലും പൊലിഞ്ഞുപോകരുതെന്ന് ഭരണകൂടവും ജനങ്ങളും ഒരു പോലെ ആഗ്രഹിക്കുമ്പോഴും കാസര്‍കോട്ട് ഓക്‌സിജന്‍ ലഭ്യത അത്ര സുലഭമല്ലെന്നാണ് പലയിടങ്ങളില്‍ നിന്നുമുള്ള അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ ചില ആസ്പത്രികളില്‍ നിന്ന് രോഗികളെയും കൊണ്ട് പരക്കം പായേണ്ടിവന്ന കാഴ്ചകള്‍ എല്ലാവരെയും ഒരുപോലെ ഭയപ്പെടുത്തുന്നുണ്ട്. അപായകരമായ ഒരു സൂചനയുമില്ലെന്നും പേടിക്കാനില്ലെന്നും ജനങ്ങള്‍ കോവിഡ് പടര്‍ന്നുപിടിക്കാതെ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ജില്ലാ ഭരണകൂടം പറയുമ്പോഴും ഓക്‌സിജന്‍ […]

കാസര്‍കോട്: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കാസര്‍കോടിന്റെ നെഞ്ചിടിപ്പ് ഏറിയ ദിവസമായിരുന്നു ഇന്നലെ. ജീവവായു ലഭിക്കാതെ ഒരു ജീവന്‍ പോലും പൊലിഞ്ഞുപോകരുതെന്ന് ഭരണകൂടവും ജനങ്ങളും ഒരു പോലെ ആഗ്രഹിക്കുമ്പോഴും കാസര്‍കോട്ട് ഓക്‌സിജന്‍ ലഭ്യത അത്ര സുലഭമല്ലെന്നാണ് പലയിടങ്ങളില്‍ നിന്നുമുള്ള അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ ചില ആസ്പത്രികളില്‍ നിന്ന് രോഗികളെയും കൊണ്ട് പരക്കം പായേണ്ടിവന്ന കാഴ്ചകള്‍ എല്ലാവരെയും ഒരുപോലെ ഭയപ്പെടുത്തുന്നുണ്ട്. അപായകരമായ ഒരു സൂചനയുമില്ലെന്നും പേടിക്കാനില്ലെന്നും ജനങ്ങള്‍ കോവിഡ് പടര്‍ന്നുപിടിക്കാതെ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ജില്ലാ ഭരണകൂടം പറയുമ്പോഴും ഓക്‌സിജന്‍ ക്ഷാമം നമ്മുടെ തൊട്ടരികിലും എത്തിയിരിക്കുകയാണെന്ന ആശങ്ക ജനങ്ങള്‍ക്ക് ഇല്ലാതില്ല. കഴിഞ്ഞ ദിവസം തളങ്കരയില്‍ 47 കാരനായ ഒരു യുവാവ് മരണത്തിന് കീഴടങ്ങിയത് ഓക്‌സിജന്റെ കുറവ് മൂലമാണെന്ന വാര്‍ത്ത ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. രോഗികള്‍ ഒരു തരത്തിലും ആശങ്കയിലും ആശയക്കുഴപ്പത്തിലും ആവാന്‍ പാടില്ല. ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും കോവിഡ് ആസ്പത്രികളില്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനും അടിയന്തിര നടപടികള്‍ ഉണ്ടായേ തീരു. നമ്മുടെ ജില്ലയില്‍ നിലവിലുള്ള സൗകര്യം അപര്യാപ്തമാണെന്ന് കണക്കുകള്‍ തന്നെ പറയുന്നുണ്ട്.
ജില്ലയില്‍ കോവിഡ് ചികിത്സക്ക് ഒരുക്കിയ 26 ആസ്പത്രികളില്‍ ആകെയുള്ള ബെഡ് സൗകര്യം 1,555 മാത്രമാണ് (ഐ.സി.യു. ബെഡുകള്‍ ഒഴികെ) എന്നത് അപര്യാപ്തത എടുത്തു പറയുന്നുണ്ട്. ദിവസവും ആയിരത്തിലേറെയോ അതിനടുത്തോ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഈ സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തം തന്നെയാണ്. രോഗികളുടെ എണ്ണവും രോഗത്തിന്റെ കാഠിന്യവും മൂര്‍ച്ഛിക്കുമ്പോള്‍ മാത്രം തലങ്ങും വിലങ്ങും നെട്ടോട്ടമോടിയിട്ട് കാര്യമില്ല. ഓക്‌സിജന്റെ കുറവ് മൂലം പലയിടങ്ങളിലും രോഗികള്‍ക്ക് അനുഭവിക്കേണ്ടിവന്ന കൊടിയ യാതനയും മരണത്തിന് കീഴടങ്ങേണ്ടിവന്ന സംഭവവും പാഠമാകേണ്ടതുണ്ട്.
കാസര്‍കോട് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ള 25 ആസ്പത്രികളില്‍ അഞ്ചിടങ്ങളിലായി ആകെയുള്ള വെന്റിലേറ്ററുകളുടെ എണ്ണം 26 മാത്രമാണ്. ഇന്ന് ഉച്ചക്ക് ഔദ്യോഗിക സൈറ്റില്‍ തിരഞ്ഞപ്പോള്‍ 22 വെന്റിലേറ്ററുകള്‍ ഒഴിവുണ്ട് എന്ന് കാണിക്കുന്നുണ്ടെങ്കിലും ഈ കണക്ക് ശരിയാവാന്‍ സാധ്യതയില്ല. ജില്ലയില്‍ ആകെയുള്ള 132 ഐ.സി.യു. ബെഡുകളില്‍ 32 എണ്ണം ഒഴിവുണ്ടെന്നാണ് സൈറ്റില്‍ കാണിക്കുന്നത്.
ആകെയുള്ള 1555 ബെഡുകളില്‍ ഒഴിവുള്ളത് 716ആണ്. രോഗ വ്യാപനം കൂടുന്നതിന് അനുസരിച്ച് സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഉക്കിനടുക്ക കാസര്‍കോട് മെഡിക്കല്‍ കോളേജ് 17 വെന്റിലേറ്റര്‍ ഉണ്ടെന്നാണ് സൈറ്റില്‍ പറയുന്നതെങ്കിലും അത്രയും ഇല്ലെന്നാണ് അറിയുന്നത്. സണ്‍റൈസ് കാഞ്ഞങ്ങാട്(6), സഞ്ചീവനി(1), അരമന കാസര്‍കോട്(1), ഇ.കെ. നായനാര്‍ ആസ്പത്രി നാലാംമൈല്‍(1) എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് ആസ്പത്രികളിലെ വെന്റിലേറ്ററുകളുടെ എണ്ണം. ജില്ലയിലെ വിവിധ ആസ്പത്രികളില്‍ കോവിഡ് രോഗികള്‍ക്കായി ലഭ്യമായിട്ടുള്ള ബെഡ്ഡുകളുടെ എണ്ണം ചുവടെ: അരമന -10, അസാപ് -110, കെയര്‍വെല്‍ - 28, ചൈത്ര - 7, കോ-ഓപ്പറേറ്റീവ് ആസ്പത്രി നാലാംമൈല്‍-11, ചട്ടഞ്ചാല്‍ ടാറ്റാ- 110, ജില്ലാ ആസ്പത്രി കാഞ്ഞങ്ങാട്-10, സഹകരണ ആസ്പത്രി കുമ്പള-44, ജനറല്‍ ആസ്പത്രി കാസര്‍കോട്-9, ഗുരുവനം സി.എഫ്.എല്‍.ടി.സി. -248, മഞ്ചേശ്വരം ജി. ഡബ്ല്യു.എല്‍.പി.എസ്.-50, ജനാര്‍ദ്ദന കാസര്‍കോട്-16, കെ.എ.എച്ച്.എം.-50, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി- 64, കെ.എച്ച്.എം.-10, കിംസ് സണ്‍റൈസ്-17, മാലിക് ദീനാര്‍ തളങ്കര-30, ഉക്കിനടുക്ക മെഡിക്കല്‍ കോളേജ്-154, ടാഗോര്‍ പബ്ലിക് സ്‌കൂള്‍-50. അരമന, കെയര്‍വെല്‍, ചൈത്ര, ഇ.കെ. നായനാര്‍, ടാറ്റാ കോവിഡ്, ദീപ, കുമ്പള സഹകരണ ആസ്പത്രി, ജനാര്‍ദ്ദന, മാലിക് ദീനാര്‍, ഉക്കിനടുക്ക മെഡിക്കല്‍ കോളേജ്, സഞ്ജീവനി, സണ്‍റൈസ് എന്നിവിടങ്ങളിലാണ് ഐ.സി.യു ബെഡുകള്‍ ഉള്ളത്.

Related Articles
Next Story
Share it