ബദിയടുക്ക: ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ ബദിയടുക്കയിലെ ദന്തഡോക്ടറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ബദിയടുക്കയിലെ സ്വകാര്യ ക്ലിനിക്കില്‍ ദന്തഡോക്ടറായ കൃഷ്ണമൂര്‍ത്തിയെ(52)യാണ് കാണാതായത്. കഴിഞ്ഞ ദിവസം ബദിയടുക്കയിലെ ക്ലിനിക്കില്‍ ദന്തചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കൃഷ്ണമൂര്‍ത്തിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 32കാരിയാണ് കൃഷ്ണമൂര്‍ത്തിക്കെതിരെ പരാതി നല്‍കിയിരുന്നത്. മുമ്പ് ഇതേ ക്ലിനിക്കില്‍ വന്നിരുന്ന യുവതി രണ്ടാംദിവസവും വന്നപ്പോഴാണ് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ ബന്ധുക്കളായ ഒരു സംഘം ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തിരിച്ചുപോയ സംഘം അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ക്ലിനിക്കില്‍ വരികയും പൊലീസില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിനിടെ ഡോക്ടര്‍ ക്ലിനിക്കിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി ഓടിച്ചുപോയി. ഈ ബൈക്ക് പിന്നീട് വൈകിട്ട് കുമ്പള ടൗണില്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തി. യുവതിയുടെ പരാതിയില്‍ അപമര്യാദയായി പെരുമാറിയതിനും മാനഹാനിക്കും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഡോക്ടറെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ബദിയടുക്ക പൊലീസ് സ്റ്റേഷനിലെത്തി. ഇതേ തുടര്‍ന്ന് പൊലീസ് മാന്‍ മിസിംഗിനും കേസെടുത്തു. ഡോക്ടറെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതിനിടെ ബദിയടുക്കയിലെ ദന്തല്‍ ക്ലിനിക്കിന് മുന്നില്‍ ഇന്ന് രാവിലെ ദന്തല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ദന്തല്‍ അസോസിയേഷന് ബ്രാഞ്ച് പ്രസിഡണ്ട് ഡോ. അജിതേഷ് ഉദ്ഘാടനം ചെയ്തു. ഹവ്യക ബ്രാഹ്മണ സഭയുടെ നേതൃത്വത്തിലും ബദിയടുക്കയില്‍ പ്രകടനം നടത്തി.