കാസര്‍കോട്: സൈബര്‍ മേഖലയില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജില്ലയില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റഷന് ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനോട് ചേര്‍ന്ന് നിലവിലുള്ള സൈബര്‍ സെല്ലാണ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനായി ഉയര്‍ത്തിയത്. നിലവില്‍ സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ടു സൈബര്‍ സെല്ലില്‍ സ്വീകരിച്ചിരുന്നില്ല. പൊലീസ് സ്റ്റേഷനുകളിലോ, ജില്ലാ പൊലീസ് മേധാവി മുഖാന്തിരമോ മാത്രമേ പരാതി സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഒരു മാസം ശരാശരി 60 മുതല്‍ 70 ഓളം സൈബര്‍ കുറ്റകൃത്യം, മൊബൈല്‍ ദുരുപയോഗം, ബാങ്കിങ്, ഓണ്‍ലൈന്‍തട്ടിപ്പ് തുടങ്ങി ചെറുതും വലുതുമായ പരാതികള്‍ സൈബര്‍ സെല്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഹെഡ്്ക്വാട്ടേഴ്സ് എ.ഡി.ജി.പി. മനോജ് എബ്രഹാം, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. ഡോ. ഷേക്ക് ദര്‍വേശ് സാഹബ്, ഹെഡ്ക്വാട്ടേഴ്സ് ഐ.ജി. പി. വിജയന്, ജില്ലാ പൊലീസ് മേധാവി ഡോ. ഡി. ശില്പ, അഡീഷണല്‍ എസ്.പി. സേവ്യര്‍ സെബാസ്റ്റ്യന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്രനായ്ക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.