എസ്.ഐയെ കയ്യേറ്റം ചെയ്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കീഴ്കോടതി വിധിച്ച ശിക്ഷ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശരിവെച്ചു

കാസര്‍കോട്: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമുണ്ടായ സംഘര്‍ഷത്തിനിടെ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ കയ്യേറ്റം ചെയ്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കീഴ്കോടതി വിധിച്ച ശിക്ഷ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ശരിവെച്ചു. മെയ് 16ന് രാത്രി 10 മണിക്ക് ചിറ്റാരിക്കാല്‍ കാട്ടിപ്പൊയിലില്‍ കോണ്‍ഗ്രസ്-ഡിഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ അന്നത്തെ ചിറ്റാരിക്കാല്‍ എസ്.ഐ പി.വി രാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ പഞ്ചായത്ത് മെമ്പറായിരുന്ന സന്തോഷ് കമ്പല്ലൂര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബാബു രജിത്, മോഹനന്‍, ജിജോ സിറിയക് […]

കാസര്‍കോട്: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമുണ്ടായ സംഘര്‍ഷത്തിനിടെ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ കയ്യേറ്റം ചെയ്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കീഴ്കോടതി വിധിച്ച ശിക്ഷ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ശരിവെച്ചു. മെയ് 16ന് രാത്രി 10 മണിക്ക് ചിറ്റാരിക്കാല്‍ കാട്ടിപ്പൊയിലില്‍ കോണ്‍ഗ്രസ്-ഡിഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ അന്നത്തെ ചിറ്റാരിക്കാല്‍ എസ്.ഐ പി.വി രാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ പഞ്ചായത്ത് മെമ്പറായിരുന്ന സന്തോഷ് കമ്പല്ലൂര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബാബു രജിത്, മോഹനന്‍, ജിജോ സിറിയക് എന്നിവരും മറ്റു കണ്ടാലറിയാവുന്ന ഇരുപതോളം പേരും ചേര്‍ന്ന് തടഞ്ഞുവെക്കുകയും അശ്ലീലഭാഷയില്‍ ചീത്ത വിളിക്കുകയും എസ്‌ഐ യുടെ യൂണിഫോം കോളറിന് പിടിച്ചു തള്ളി മാറ്റുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പരപ്പയിലെ ഗ്രാമ ന്യായാലയ കോടതിയില്‍ വിചാരണ നടന്ന കേസില്‍ പ്രതികളെല്ലാവരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും വിവിധ വകുപ്പുകളിലായി 13 മാസം തടവു ശിക്ഷയും 9500 രൂപ വീതം പിഴയടക്കാനും വിധിച്ചിരുന്നു. ഈ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹരജിയില്‍ വാദം കേട്ട ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ജഡ്ജി എ. വി ഉണ്ണികൃഷ്ണന്‍ പ്രതികളെ ശിക്ഷിച്ച കീഴ്ക്കോടതി വിധി ശരിവെക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലേര്‍പ്പെട്ട എസ്.ഐയെയും സംഘത്തെയും പ്രതികള്‍ കയ്യേറ്റം ചെയ്തതായി സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചതായി കോടതി വിലയിരുത്തി. സബ് ഇന്‍സ്പെക്ടറും സംഘവും ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ലെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നുമുള്ള പ്രതികളുടെ വാദങ്ങള്‍ കോടതി തള്ളി. തടവുശിക്ഷയില്‍ ഇളവ് നല്‍കണമെന്ന പ്രതികളുടെ അപേക്ഷ പരിഗണിച്ചു തടവ് ശിക്ഷ കോടതി പിരിയും വരെയാക്കി ചുരുക്കി. പിഴ സംഖ്യയില്‍ ഇളവു നല്‍കിയിട്ടില്ല. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബാലകൃഷ്ണന്‍ ഹാജരായി.

Related Articles
Next Story
Share it