കാഞ്ഞങ്ങാട്: വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള അകലം ഇല്ലാതാകുന്ന സുന്ദരമായ ലോകമാണ് തന്റെ സ്വപ്നമെന്നും നമ്മള് ഓരോരുത്തരും എഴുത്തുകാരും വായനക്കാരുമായി മാറണമെന്നും എഴുത്തുകാരന് എം. മുകുന്ദന് പറഞ്ഞു. കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഇടയിലുള്ള വിടവ് അപ്രത്യക്ഷമാകണം. അമ്മയുടെ മുഖം കണ്ട് വളരുന്ന പോലെ കുട്ടികള്‍ പുസ്തകങ്ങളും കണ്ട് വളരണം. അധുനിക മലയാള സമൂഹം പുസ്തകങ്ങളെ സ്നേഹിക്കുന്നവരാണ്. നമ്മുടെ സമൂഹത്തിന്റെ രൂപീകരണത്തിലും നീതിനിര്‍വ്വഹണത്തിലും പുസ്തകങ്ങളും സാഹിത്യങ്ങളും വഹിക്കുന്ന പങ്ക് വലുതാണ്. മറ്റു നാടുകളെ അപേക്ഷിച്ച് നമ്മള് മലയാളികള്‍ പുസ്തകങ്ങളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അതിനുള്ള അവസരങ്ങള്‍ ഒരുക്കുകയാണ് ഓരോ പുസ്തകോത്സവങ്ങളും. മറ്റു രാജ്യങ്ങളില്‍ പുസ്തകശാലകള്‍ അടച്ചുപൂട്ടുമ്പോള്‍ ഇവിടെ പുതിയ പുസ്തകശാലകള്‍ തുറക്കുകയാണ്. അക്ഷരമെന്നത് വലിയൊരു ലോകമാണ്. നഷ്ടപ്പെട്ടു പോകുന്ന കാരുണ്യവും സ്നേഹവും തിരിച്ചുപിടിക്കാന്‍ കഴിയണം. ഇന്ന് ആളുകള്‍ മുഖത്തു നോക്കാത്ത അവസ്ഥയിലായി. നമ്മള് സാങ്കേതിക വിദ്യയുടെ അടിമകളാകരുത്. പ്രബുദ്ധരായ ഓരോ മലയാളിയും ഓരോ മൊബൈല്‍ ഫോണായി മാറുകയാണ്.
കഴിഞ്ഞ പത്തു വര്‍ഷമായി പാഠപുസ്തകത്തില്‍ നിന്നും അകന്നു നിന്ന അക്ഷരമാല വീണ്ടും തിരിച്ചു വരുന്നത് വളരെയധികം സന്തോഷം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത അധ്യക്ഷതവഹിച്ചു. എഴുത്തുകാരന് സി.വി. ബാലകൃഷ്ണന് മുഖ്യാതിഥിയായി. ഓരോ പുസ്തകങ്ങള്‍ വായിക്കുമ്പോഴും നമ്മുടെ മനസിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയാണ്. ഓരോ പുസ്തകങ്ങള്‍ വായിക്കുമ്പോഴും ഒരു ഇന്ദ്രജാലം തന്നെയാണ് സംഭവിക്കുന്നതെന്ന് സി.വി. ബാലകൃഷ്ണന് പറഞ്ഞു. എണ്‍പതിന്റെ നിറവിലെത്തിയ എം. മുകുന്ദനെ എഴുത്തുകാരന് സി.വി ബാലകൃഷ്ണന് ആദരിച്ചു. നിരൂപകന് ഇ.പി രാജഗോപാലന്‍ ആദരഭാഷണം നടത്തി. സി.വി ബാലകൃഷ്ണന്, ഇ.പി രാജഗോപാലന്‍, ദിവാകരന് വിഷ്ണുമംഗലം എന്നിവരെ മുന്‍ എം.പി പി. കരുണാകരനും ജില്ലയിലെ മുതിര്‍ന്ന ഗ്രന്ഥശാലാ പ്രവര്ത്തകന് എസ്.നാരായണ ഭട്ടിനെ ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ പി.വി.കെ. പനയാലും ആദരിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി കുഞ്ഞിരാമന് ആമുഖഭാഷണം നടത്തി. ജില്ലാതല വായനാ മത്സര വിജയികള്‍, പുസ്തകോത്സവ ലോഗോ തയ്യാറാക്കിയ ടി.വി. മധു കാരിയില്‍ എന്നിവര്‍ക്ക് അനുമോദനം നല്കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.പി. പ്രഭാകരന് സ്വാഗതവും വൈസ് പ്രസിഡന്റ് എ.കെ. ശശിധരന് നന്ദിയും പറഞ്ഞു. കവി ദിവാകരന് വിഷ്ണുമംഗലത്തിന്റെ ഗുളികന് കാവ്യാലാപനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.
ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചരിത്രഗാഥ സെമിനാര്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്യും. പി.എന്‍. പണിക്കര്‍ അവാര്‍ഡ് നേടിയ അഡ്വ. പി അപ്പുക്കുട്ടനെ അനുമോദിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന ലൈബ്രറി പ്രവര്‍ത്തക സംഗമം അഡ്വ. പി. അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൃഷ്ണകുമാര്‍ പള്ളിയത്തിന്റെ കഥാപ്രസംഗം. ആറ് മണിക്ക് നാടക രാത്രി രാജ് മോഹന്‍ നീലേശ്വരം ഉദ്ഘാടനം ചെയ്യും. മരണ മൊഴി (മധു ബേഡകം), ജോസഫിന്റെ റേഡിയോ (തെസ്ബിയന്‍ തിയറ്റേഴ്സ് ആലപ്പുഴ) എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുക.
19ന് രാവിലെ 10.30ന് ചലച്ചിത്ര ഗാനാലാപന മത്സരം കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 80 ഓളം പ്രസാധകര് അണിനിരക്കുന്ന പുസ്തകോത്സവത്തില്‍ ഏറ്റവും അവസാനമായി പുറത്തിറങ്ങിയവ ഉള്‍പ്പെടെ പുസ്തകങ്ങളുടെ വന്‍ശേഖരമുണ്ട്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മേള സമാപിക്കും.