തിങ്കളാഴ്ച മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാമെന്ന് ഡി.ജി.പി; സ്‌നേഹവണ്ടിയുമായി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാന്‍ അനുമതി. ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്ര ചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്നും വാര്‍ത്താകുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഡി.ജി.പി നിര്‍ദേശം നല്‍കിയത്. […]

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാന്‍ അനുമതി. ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്ര ചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്നും വാര്‍ത്താകുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഡി.ജി.പി നിര്‍ദേശം നല്‍കിയത്. കേരള സര്‍വകലാശാലയുടെ ബിരുദ പരീക്ഷകള്‍ തിങ്കളാഴ്ചയും ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ചൊവ്വാഴ്ചയുമാണ് ആരംഭിക്കുന്നത്. ബി.എസ്.സി, ബി.കോം പരീക്ഷ രാവിലെ 9.30 മുതല്‍ 12.30 വരെയും ബി.എ പരീക്ഷ ഉച്ചക്ക് രണ്ട് മണി മുതല്‍ അഞ്ച് മണി വരെയുമാണ് നടക്കുക. സര്‍വകലാശാലാ പരിധിയിലുള്ള കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വീടിനടുത്തുള്ള കോളജില്‍ പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു സര്‍വകലാശാലകളിലും പരീക്ഷ ആരംഭിക്കാനിരിക്കുകയാണ്. കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ മാറ്റിവെച്ച പരീക്ഷകളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്.

അതേസമയം സര്‍വകലാശാല ബിരുദ പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്നേഹവണ്ടികള്‍ ഒരുക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പൊതുഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍വ്വകലാശാലകള്‍ ഒരുക്കി കഴിഞ്ഞെങ്കിലും യാത്രയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി സ്‌നേഹ വണ്ടികള്‍ ഡി.വൈ.എഫ്.ഐ ക്രമീകരിക്കും.

കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം പൊതുഗതാഗതം ലഭ്യമല്ലാത്ത മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സേവനം ലഭ്യമാക്കും. പ്രാദേശികമായി ബന്ധപ്പെടാനുള്ള നമ്പരുകള്‍ പ്രസിദ്ധീകരിക്കും. ഈ മഹാമാരിയെ നമുക്ക് ഒന്നിച്ച് മറികടക്കേണ്ടത്തുണ്ട്. തെല്ലും ആശങ്കയില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ സ്ഥലത്തേക്ക് എത്താന്‍ ഡി.വൈ.എഫ്.ഐ സാഹചര്യം ഒരുക്കും. ഇതിനായി ഡി.വൈ.എഫ്.ഐ വോളണ്ടിയര്‍മാര്‍ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

Related Articles
Next Story
Share it