കിട്ടുന്നത് അയലക്കുഞ്ഞുങ്ങള്‍ മാത്രം; വിശേഷനാളുകളില്‍ വറുതിയിലാവുമോ എന്ന ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍

മൊഗ്രാല്‍: കടലില്‍ മത്സ്യസമ്പത്ത് കുറയുന്നുവെന്ന ആശങ്കയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. കാലവര്‍ഷത്തിനുശേഷം കടലില്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ പലപ്പോഴും വെറും കയ്യോടെയാണ് മടങ്ങിയത്. റമദാനും വിഷുവുമൊക്കെ അടുത്തെത്തിയ സാഹചര്യത്തില്‍ വറുതിയിലാകുമോ എന്ന ആശങ്കയിലാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. മത്സ്യലഭ്യതയുടെ കുറവുമൂലം മാസങ്ങളോളം തോണികള്‍ കടലില്‍ ഇറക്കിയിരുന്നില്ല. ഇറക്കിയാല്‍ തന്നെ അയല കുഞ്ഞുങ്ങള്‍ മാത്രമാണത്രെ ലഭിക്കുന്നത്. അതിനാകട്ടെ വലിയ വിലയുമില്ല. ചാകര കാലത്ത് പോലും മത്സ്യലഭ്യതയുടെ കുറവാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നത്. ആഴക്കടലിലെ ബോട്ടുകളിലെ അനധികൃത മത്സ്യബന്ധനം കടലിലെ മത്സ്യസമ്പത്ത് കുറയാന്‍ […]

മൊഗ്രാല്‍: കടലില്‍ മത്സ്യസമ്പത്ത് കുറയുന്നുവെന്ന ആശങ്കയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. കാലവര്‍ഷത്തിനുശേഷം കടലില്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ പലപ്പോഴും വെറും കയ്യോടെയാണ് മടങ്ങിയത്. റമദാനും വിഷുവുമൊക്കെ അടുത്തെത്തിയ സാഹചര്യത്തില്‍ വറുതിയിലാകുമോ എന്ന ആശങ്കയിലാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. മത്സ്യലഭ്യതയുടെ കുറവുമൂലം മാസങ്ങളോളം തോണികള്‍ കടലില്‍ ഇറക്കിയിരുന്നില്ല. ഇറക്കിയാല്‍ തന്നെ അയല കുഞ്ഞുങ്ങള്‍ മാത്രമാണത്രെ ലഭിക്കുന്നത്. അതിനാകട്ടെ വലിയ വിലയുമില്ല. ചാകര കാലത്ത് പോലും മത്സ്യലഭ്യതയുടെ കുറവാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നത്. ആഴക്കടലിലെ ബോട്ടുകളിലെ അനധികൃത മത്സ്യബന്ധനം കടലിലെ മത്സ്യസമ്പത്ത് കുറയാന്‍ കാരണമായെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അന്യസംസ്ഥാന-വിദേശ ബോട്ടുകളൊക്കെ ആഴക്കടലില്‍ അരിച്ചുപെറുക്കി മീന്‍ പിടിക്കുന്നത് മൂലം മത്സ്യസമ്പത്ത് നശിക്കുകയാണെന്ന പരാതിയും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. ഈ കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ നിരവധി അനധികൃത മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടികൂടിയത് മത്സ്യത്തൊഴിലാളികള്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്. മത്സ്യത്തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടിയാല്‍ സര്‍ക്കാര്‍ ചെയ്യുന്നത് റേഷന്‍ സൗജന്യമാക്കല്‍ മാത്രമാണ്. ബി.പി.എല്‍ കുടുംബങ്ങളായ മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുകൊണ്ട് കുടുംബം പോറ്റാന്‍ കഴിയുമോ എന്ന് മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നു. അനധികൃത മത്സ്യബന്ധനത്തിലൂടെ കടലിലെ മത്സ്യസമ്പത്ത് നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനിര്‍മാണം കൊണ്ടുവരണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

Related Articles
Next Story
Share it