കാസര്‍കോട്: യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വിട്ടയച്ചു.
നീലേശ്വരം പൂവാലംകൈയിലെ എം. പ്രകാശന്(43), പൂവാലംകൈ കാനക്കരയിലെ കെ. സുധീഷ്(34) എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി സംശയത്തിന്റെ ആനുകൂല്യം നല്കി വിട്ടയച്ചത്. ഇന്നലെ ഉച്ചയോടെയാണ് കേസില്‍ വിധിയുണ്ടായത്.
സ്വത്ത് കച്ചവടത്തെ തുടര്‍ന്നുണ്ടായ പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന വാദം തെളിയിക്കാനായില്ലെന്ന് വിധിയില്‍ വ്യക്തമാക്കി. 2013 ജൂണ്‍ 16ന് രാത്രി 11 മണിക്ക് ജയന്റെ ചേടീറോഡിലെ വീടിനടുത്തുള്ള പറമ്പിലെ ഷെഡില്‍ അതിക്രമിച്ചുകയറിയ പ്രകാശനും സുധീഷും കട്ടിലില്‍ ഉറങ്ങുകയായിരുന്ന ജയനെ പിടിച്ചെഴുന്നേല്‍പ്പിച്ച് മര്‍ദിക്കുകയും ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയും അടിയേറ്റ് വീണ ജയനെ പ്രതികള്‍ താങ്ങിയെടുത്ത് മൂന്നാംകുറ്റിയിലുള്ള തോട്ടിലേക്ക് കൊണ്ടുപോയി വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പ്രോസിക്യൂഷന് 29 സാക്ഷികളെയാണ് ഈ കേസില്‍ വിസ്തരിച്ചത്.
45 രേഖകളും 14 മുതലുകളും ഹാജരാക്കിയിരുന്നു. പ്രകാശന്റെ വളഞ്ഞ കാലുള്ള കുട സംഭവസ്ഥലത്ത് നിന്ന് ലഭിച്ചതാണ് പ്രധാന തെളിവായി കാണിച്ചിരുന്നത്. ജയന്റെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച രക്തക്കറ പ്രതിയുടേതല്ലെന്നും സാക്ഷിയായ മറ്റൊരാളുടേതാണെന്നും പുനരന്വേഷണത്തില്‍ തെളിഞ്ഞു. പ്രതികള്‍ക്കായി അഡ്വ. സി.കെ ശ്രീധരനും കെ.പി പ്രദീപ്കുമാറുമാണ് ഹാജരായത്.