കാസര്‍കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശമുയര്‍ത്തി ആഗതമാകുന്ന വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. നാളെയാണ് വിഷു ആഘോഷം. വീടുകളിലും ക്ഷേത്രങ്ങളിലും കാവുകളിലും കണിയൊരുക്കല് പ്രധാന ചടങ്ങാണ്. വിഷുക്കൈനീട്ടവും നല്‍കും. വിഷുവിന് കണിവെക്കാനുളള സാധനങ്ങളും പടക്കങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങുന്നതിനായി കച്ചവടസ്ഥാപനങ്ങളിലേക്ക് ആളുകള്‍ ഒഴുകുകയാണ്. വസ്ത്രശാലകളിലടക്കം ഇന്ന് വലിയ തിരക്കാണുള്ളത്. വിഷു ആഘോഷത്തിന് കരിമരുന്ന് പ്രയോഗം പ്രധാനമായതിനാല്‍ പടക്കവിപണി സജീവമാണ്. ചൈനീസ് പടക്കങ്ങളും കമ്പിത്തിരി, പൂക്കുറ്റി, നിലച്ചക്രം, ഗുണ്ട് തുടങ്ങി വിവിധയിനം വെടിക്കോപ്പുകള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് നഗരങ്ങളിലെ പടക്കക്കടകളില്‍ പ്രകടമാണ്.
എരിക്കുളത്തുനിന്നാണ് കലങ്ങള്‍ വില്‍പ്പനക്കെത്തുന്നത്. എല്ലായിടത്തും കുടുംബശ്രീയുടെ വിഷുച്ചന്തയുമുണ്ട്. ശനിയാഴ്ച അവധി ദിനം കൂടിയായതുകൊണ്ട് കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും നഗരഭാഗങ്ങളില്‍ വന്‍തിരക്കുണ്ട്. നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കണിക്കലങ്ങളുടെ വില്‍പ്പനയും തകൃതിയാണ്. നിത്യോപയോഗ സാധനങ്ങളുടെ പൊള്ളുന്ന വിലക്കയറ്റം വിഷുസദ്യയെ തന്നെ ബാധിക്കുന്ന പ്രശ്നമാണ്.
തീവില നല്കി ഭക്ഷ്യസാധനങ്ങളടക്കം വാങ്ങാനുള്ള പണം തികയാത്തതിലെ നിരാശയാണ് പലര്‍ക്കും. സപ്ലൈകോയില്‍ പോലും വിലക്കുറവില്‍ ലഭിക്കുന്ന സാധനങ്ങളില്ലെന്നാണ് പരാതി.