കാസര്‍കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും സന്ദേശമുയര്‍ത്തി നാളെ നാടെങ്ങും തിരുവോണം ആഘോഷിക്കും. തിരുവോണത്തെ വരവേല്‍ക്കാന്‍ എങ്ങും തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇന്ന് ഉത്രാടം. ഒരാഴ്ചമുമ്പ് തന്നെ ഓണച്ചന്തകള്‍ സജീവമായിരുന്നുവെങ്കിലും ഓണത്തിന് വേണ്ട വിഭവങ്ങളും വസ്ത്രങ്ങളുമടക്കം വാങ്ങുന്നവരുടെ തിരക്ക് ഇന്ന് കൂടുതലാണ്. ജില്ലയിലെ പ്രധാന നഗരങ്ങളിലൊക്കെ ഇന്ന് ഓണത്തിരക്ക് അനുഭവപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ച ഓണച്ചന്തകളിലടക്കം തിരക്കനുഭവപ്പെടുകയാണ്. തിരുവോണത്തിന് പൂക്കളം ഒരുക്കുന്നതിന് വിപണിയില്‍ പലതരത്തിലും നിറത്തിലുമുള്ള പൂക്കള്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് കൂടുതലും പൂക്കള്‍ വില്‍പ്പനക്ക് എത്തിച്ചിരിക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളും സംഘടനകളും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചില ക്ലബ്ബുകള്‍ തിരുവോണ ദിവസത്തില്‍ പൂക്കള മത്സരങ്ങളും കമ്പവലി മത്സരങ്ങളുമടക്കം സംഘടിപ്പിക്കുന്നുണ്ട്.