ബട്ടണ്‍ അമര്‍ത്തുന്നതിലെ ആശയക്കുഴപ്പം വോട്ടെടുപ്പിന് കാലതാമസം വരുത്തുന്നു; വിശദീകരിച്ചുമടുത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

കാസര്‍കോട്: പോളിംഗ് ബൂത്തുകളിലെത്തുന്ന പല വോട്ടര്‍മാരെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്തുന്ന കാര്യത്തിലുണ്ടായ ആശയക്കുഴപ്പം വല്ലാതെ വലച്ചു. മുന്‍ തിരഞ്ഞെടുപ്പുകളിലുണ്ടായിരുന്നതുപോലെ വോട്ടിംഗ് യന്ത്രം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ഇത്തവണ വോട്ടര്‍മാര്‍ക്ക് ആരും പറഞ്ഞുകൊടുത്തിരുന്നില്ല. ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥി, തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി, അതിന് ശേഷം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി എന്നീ ക്രമത്തിലാണ് വോട്ടിംഗ് യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്തേണ്ടത്. അതിനനുസരിച്ചാണ് വോട്ടിംഗ് യന്ത്രം ക്രമീകരിച്ചതെങ്കിലും ഏതുവിധത്തില്‍ ബട്ടണ്‍ അമര്‍ത്തണമെന്നതിനെക്കുറിച്ച് ധാരണയില്ലാതെ വിഷമിച്ച വോട്ടര്‍മാര്‍ ഏറെയാണ്. ചിലര്‍ […]

കാസര്‍കോട്: പോളിംഗ് ബൂത്തുകളിലെത്തുന്ന പല വോട്ടര്‍മാരെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്തുന്ന കാര്യത്തിലുണ്ടായ ആശയക്കുഴപ്പം വല്ലാതെ വലച്ചു. മുന്‍ തിരഞ്ഞെടുപ്പുകളിലുണ്ടായിരുന്നതുപോലെ വോട്ടിംഗ് യന്ത്രം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ഇത്തവണ വോട്ടര്‍മാര്‍ക്ക് ആരും പറഞ്ഞുകൊടുത്തിരുന്നില്ല. ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥി, തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി, അതിന് ശേഷം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി എന്നീ ക്രമത്തിലാണ് വോട്ടിംഗ് യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്തേണ്ടത്. അതിനനുസരിച്ചാണ് വോട്ടിംഗ് യന്ത്രം ക്രമീകരിച്ചതെങ്കിലും ഏതുവിധത്തില്‍ ബട്ടണ്‍ അമര്‍ത്തണമെന്നതിനെക്കുറിച്ച് ധാരണയില്ലാതെ വിഷമിച്ച വോട്ടര്‍മാര്‍ ഏറെയാണ്. ചിലര്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിക്കുള്ള ബട്ടണാണ് ആദ്യം അമര്‍ത്തിയത്. മറ്റുചിലര്‍ ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥിക്കുള്ള ബട്ടണ്‍ ആദ്യം അമര്‍ത്തിയ ശേഷം വോട്ട് ചെയ്തതായി സൂചന നല്‍കുന്ന ശബ്ദത്തിനായി കാത്തുനിന്നു. മൂന്ന് ബട്ടണും അമര്‍ത്തിയ ശേഷം മാത്രമേ ശബ്ദം വരികയുള്ളൂവെന്നതിനെക്കുറിച്ചുള്ള വിവരം ലഭിക്കാതിരുന്നതാണ് ഇതിന് കാരണമായത്. ബട്ടണ്‍ അമര്‍ത്തുന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്ലാതിരുന്ന വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യേണ്ട രീതിയെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും ഏറെ പണിപ്പെടേണ്ടിവന്നു. സമീപത്തുചെന്ന് പറഞ്ഞുകൊടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വോട്ട് ചെയ്യേണ്ട രീതിയെക്കുറിച്ചുള്ള വിശദീകരണം മനസിലാകാത്ത വോട്ടര്‍മാരെ അത് ബോധ്യപ്പെടുത്താന്‍ സമയം ഏറെയെടുത്ത അനുഭവമാണ് പല ബൂത്തുകളിലുമുള്ളത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി വോട്ടിംഗ് യന്ത്രത്തിലെ ബട്ടണില്‍ കൈകൊണ്ടല്ല പേന കൊണ്ട് അമര്‍ത്തണമെന്ന പ്രചാരണം വോട്ടെടുപ്പിന് കുറച്ചുദിവസം മുമ്പ് നവമാധ്യമങ്ങളിലും മറ്റും സജീവമായിരുന്നു. പേന കൊണ്ട് അമര്‍ത്തിയാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കേടുവരുമെന്നും അങ്ങനെ ചെയ്യരുതെന്നുമുള്ള പോസറ്റുകള്‍ തൊട്ടുപിന്നാലെ പത്രമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. ബട്ടണ്‍ അമര്‍ത്തുന്നതുമായി ബന്ധപ്പെട്ട് രണ്ടുതരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായതും വോട്ടര്‍മാരെ വട്ടംകറക്കി. പേന ഉപയോഗിച്ച് ബട്ടണില്‍ അമര്‍ത്തിയവരുടെ എണ്ണം ഏറെയാണ്.

Related Articles
Next Story
Share it