സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി വനത്തില്‍ ഉപേക്ഷിച്ചെന്ന പരാതി നാട്ടില്‍ പരിഭ്രാന്തി പരത്തി; പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്ന വിവരമറിഞ്ഞ് കുടുംബം അമ്പരന്നു

കാര്‍വാര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി വനത്തില്‍ ഉപേക്ഷിച്ചെന്ന പരാതി നാട്ടിലാകെ പരിഭ്രാന്തി പരത്തി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്ന വിവരമറിഞ്ഞ് കുടുംബം അമ്പരന്നു. കര്‍ണാടക കാര്‍വാര്‍ യല്ലാപൂര്‍ താലൂക്കിലെ നന്ദോളി സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വനത്തില്‍ തള്ളിയെന്നാണ് പൊലീസില്‍ പരാതി ലഭിച്ചത്. പഠനത്തില്‍ പിന്നോക്കം പോകുന്നതായുള്ള അധ്യാപകരുടെ പരാതിയില്‍ വീട്ടുകാര്‍ വഴക്കുപറയുമെന്ന് പേടിച്ച് പെണ്‍കുട്ടി ഒരുക്കിയ നാടകമാണ് തട്ടിക്കൊണ്ടുപോകല്‍ കഥയെന്ന് പൊലീസ് അന്വേഷിച്ചതോടെ വ്യക്തമായി. ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിനെക്കുറിച്ച് അമ്മ പലപ്പോഴും പെണ്‍കുട്ടിയെ ചോദ്യം ചെയ്തിരുന്നു. മകള്‍ ഗൃഹപാഠം […]

കാര്‍വാര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി വനത്തില്‍ ഉപേക്ഷിച്ചെന്ന പരാതി നാട്ടിലാകെ പരിഭ്രാന്തി പരത്തി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്ന വിവരമറിഞ്ഞ് കുടുംബം അമ്പരന്നു. കര്‍ണാടക കാര്‍വാര്‍ യല്ലാപൂര്‍ താലൂക്കിലെ നന്ദോളി സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വനത്തില്‍ തള്ളിയെന്നാണ് പൊലീസില്‍ പരാതി ലഭിച്ചത്. പഠനത്തില്‍ പിന്നോക്കം പോകുന്നതായുള്ള അധ്യാപകരുടെ പരാതിയില്‍ വീട്ടുകാര്‍ വഴക്കുപറയുമെന്ന് പേടിച്ച് പെണ്‍കുട്ടി ഒരുക്കിയ നാടകമാണ് തട്ടിക്കൊണ്ടുപോകല്‍ കഥയെന്ന് പൊലീസ് അന്വേഷിച്ചതോടെ വ്യക്തമായി.
ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിനെക്കുറിച്ച് അമ്മ പലപ്പോഴും പെണ്‍കുട്ടിയെ ചോദ്യം ചെയ്തിരുന്നു. മകള്‍ ഗൃഹപാഠം ശരിയായി ചെയ്യുന്നുണ്ടോ എന്നറിയാന്‍ അമ്മ കഴിഞ്ഞ ദിവസം സ്‌കൂള്‍ അധ്യാപകരെ വിളിച്ചിരുന്നു. ഗൃഹപാഠം മകള്‍ പൂര്‍ത്തിയാക്കിയില്ലെന്നാണ് അധ്യാപകര്‍ അറിയിച്ചത്. സ്‌കൂളില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി വീട്ടില്‍ പോയാല്‍ കുടുംബാംഗങ്ങള്‍ വഴക്കുപറയുകയും അടിക്കുകയും ചെയ്യുമെന്ന് ഭയന്ന് തന്നെ തട്ടിക്കൊണ്ടുപോയതായി വരുത്തി തീര്‍ക്കാന്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ബസ്സില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി വീടിനടുത്തുള്ള വനത്തിനുള്ളിലേക്ക് പോയി. തുടര്‍ന്ന് മൂടുപടം വായില്‍ തിരുകുകയും ചൂരിദാറിന്റെ പാന്റ് അഴിച്ച് കാലില്‍ കെട്ടുകയും ചെയ്തു. വനത്തിലെ റോഡിലൂടെ ബൈക്ക് പോകുന്നത് കണ്ടപ്പോള്‍ അലറിവിളിച്ചു. ബൈക്ക് യാത്രക്കാരനെത്തി കെട്ടുകള്‍ അഴിച്ചുമാറ്റുകയും വിവരം ആരായുകയും ചെയ്തു. തന്നെ രണ്ടുപേര്‍ ബൈക്കില്‍ തട്ടിക്കൊണ്ടുവന്ന് വനത്തില്‍ തള്ളിയതാണെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. വീട്ടിലെത്തിയ കുട്ടി അമ്മയോടും ഇതുതന്നെ ആവര്‍ത്തിച്ചു. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രവി നായിക്, പൊലീസ് ഇന്‍സ്പെക്ടര്‍ സുരേഷ് യല്ലൂര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്ന് തെളിഞ്ഞു. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ വീട്ടുകാര്‍ വഴക്കുപറയുമെന്ന് ഭയന്ന് സ്വയം ചെയ്തതാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു.

Related Articles
Next Story
Share it