കോട്ടയത്തെ കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തും; വ്‌ളോഗര്‍മാരുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയത്തെ കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായവരുമായി തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. സിനിമ രംഗത്തെ പ്രഗത്ഭ വ്യക്തിത്വമായ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇപ്പോള്‍ കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല. ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികച്ച രീതിയില്‍ വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ശക്തമായി നേരിടും. സ്ത്രീകള്‍ക്ക് നേരേയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. […]

തിരുവനന്തപുരം: കോട്ടയത്തെ കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായവരുമായി തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. സിനിമ രംഗത്തെ പ്രഗത്ഭ വ്യക്തിത്വമായ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇപ്പോള്‍ കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല. ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികച്ച രീതിയില്‍ വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ശക്തമായി നേരിടും. സ്ത്രീകള്‍ക്ക് നേരേയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. പോലീസും സാമൂഹ്യ നീതി വകുപ്പും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ നിര്‍മാണത്തില്‍ പരിശീലനം നല്‍കണമെന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയും വ്ളോഗറുമായ ശങ്കരന്റെ ആവശ്യം പരിശോധിക്കാമെന്നും ഏത് ക്ളാസ് മുതല്‍ ആരംഭിക്കണമെന്നുള്ളത് വിദ്യാഭ്യാസ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കെ ഫോണുമായി ബന്ധപ്പെട്ട് വലിയ മാറ്റമാണ് കേരളത്തില്‍ വരാന്‍ പോകുന്നത്. സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കുന്ന സ്ഥിതി വരും. അത്തരം സാഹചര്യത്തില്‍ എല്ലായിടത്തും മൊബൈല്‍ കവറേജും ലഭ്യമാകും. മേക്ക് ഇന്‍ കേരള പ്രോത്സാഹിപ്പിക്കും. കാരുണ്യ പദ്ധതി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. അത് ഉപേക്ഷിച്ചു എന്നത് തെറ്റായ പ്രചാരണം മാത്രമാണ്. കാരുണ്യയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്ന് നല്‍കുന്നതിന് കെ. എസ്. ഡി. പി മുഖേന മരുന്നുത്പാദനം നടത്തുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. ഇത്തരം മരുന്ന് പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി വീടുകളിലെത്തിക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

കുട്ടികളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നുണ്ട്. പൊതുവിദ്യാലയങ്ങളിലും കൃഷി നടക്കുന്നുണ്ട്. കോവിഡ് മാറി സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഇത് പുനരാരംഭിക്കും. കുട്ടികളും കുടുംബവുമൊത്ത് പോയിരിക്കാന്‍ കഴിയുന്ന പൊതുഇടങ്ങള്‍ വലിയ തോതില്‍ സൃഷ്ടിക്കും. തൊഴിലില്ലാതെ വീടുകളില്‍ കഴിയുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി കെ ഡിസ്‌ക്ക് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നു ലക്ഷം പേര്‍ ഒരു വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് വന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യാത്ര ചെയ്യുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രധാനപാതകളുടെ വശങ്ങളില്‍ വിദേശത്തെ പോലെ വേ സൈഡ് അമിനിറ്റി സെന്ററുകള്‍ തുറക്കും. ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ശരത്ത് പരിപാടിയുടെ മോഡറേറ്ററായി.

സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായ ഷാക്കിര്‍ സുഭാന്‍, ജയരാജ് ജി. നാഥ്, സമീറ, രതീഷ് ആര്‍. മേനോന്‍, ജിന്‍ഷ ബഷീര്‍, ഫിറോസ് ചുട്ടിപ്പാറ, ജിയോ ജോസഫ്, ശങ്കരന്‍, കിരണ്‍ തോമസ്, അര്‍ജുന്‍, കാര്‍ത്തിക് സൂര്യ, ദീപക് ശങ്കരനാരായണന്‍, ഹാരിസ് അമീര്‍ അലി, അരുണ്‍, ഉണ്ണി ജോര്‍ജ്, നിസാര്‍ ബാബു, അനൂപ്, സെബിന്‍ സിറിയക്ക്, ദീപു പൊന്നപ്പന്‍, അഫ്ലാല്‍, എബിന്‍ ജോസ്, സണ്ണി, വിനീഷ് രോഹിണി, റോഷന്‍, ഷഹീബ എന്നിവര്‍ സംസാരിച്ചു. സുജിത്ത് ഭക്തന്‍, സുധീഷ് പയ്യന്നൂര്‍ എന്നിവര്‍ ഓണ്‍ലൈനിലെത്തി.

Related Articles
Next Story
Share it