മൊഗ്രാല്‍: കുറഞ്ഞ സമയം കൊണ്ട് കാസര്‍കോട്ടെ വസ്ത്ര വ്യാപാര മേഖലയില്‍ ശ്രദ്ധ നേടിയ യുവ വ്യാപാരിയായിരുന്നു ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച മൊഗ്രാലിലെ മഹമൂദ്(41). നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കടയില്‍ നിന്ന് തൊട്ടടുത്ത സ്വകാര്യാസ്പത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. കാസര്‍കോട് നഗരത്തിലെ ബ്രാന്‍ഡ് മെന്‍സ് വസ്ത്രാലയം നടത്തിവരികയായിരുന്നു. കടയുടെ പേരിലാണ് മഹമൂദ് അറിയപ്പെട്ടിരുന്നത്. നാട്ടിലും ജില്ലയുടെ പല ഭാഗങ്ങളിലുമായി മഹമൂദിന് വലിയ സുഹൃദ് വലയങ്ങളുണ്ട്. ബിസിനസ് തിരക്കുകള്‍ക്കിടയിലും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ മഹമൂദ് സമയം കണ്ടെത്തിയിരുന്നു. ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു. മഹമൂദിന്റെ ആകസ്മിക മരണവാര്‍ത്തയറിഞ്ഞ് ഇന്നലെ രാത്രി നൂറുകണക്കിന് ആളുകളാണ് മൊഗ്രാല്‍ യൂനാനി ആസ്പത്രിക്ക് എതിര്‍വശത്തെ കെ.എം ഹൗസിലേക്ക് ഒഴുകിയെത്തിയത്. ജനങ്ങളുടെ ഒഴുക്ക് മഹമൂദിനോടുള്ള സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴം എടുത്തുകാട്ടുന്നതായി.
മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പരേതരായ സൈനുദ്ദീന്‍-ആസ്യമ്മ ദമ്പതികളുടെ മകനാണ്. മഞ്ചേശ്വരം സ്വദേശിനി റംലയാണ് ഭാര്യ. മക്കള്‍: ജിഷാന്‍, വാസി (ഇരുവരും വിദ്യാര്‍ത്ഥികള്‍), ഫാത്തിമ. സഹോദരങ്ങള്‍: ഉമ്മാലിമ്മ, അബ്ബാസ്, റഷീദ, അബ്ദുല്ല, സിദ്ദീഖ്, ഖാലിദ്, ഔഫ്, സംഷീന.
നിര്യാണത്തില്‍ ദീനാര്‍ യുവജന സംഘം, മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്, മൊഗ്രാല്‍ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാല്‍ അനുശോചിച്ചു.