കാഞ്ഞങ്ങാട്: അജാനൂരില്‍ മത്സ്യബന്ധന തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം അജാനൂര്‍ കടപ്പുറത്ത് സന്ദര്‍ശനം നടത്തി. പുനെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനിലെ (സി.ഡബ്ല്യു.പി.ആര്‍.എസ്) ഉദ്യോഗസ്ഥര്‍ രണ്ടാം തവണയാണ് അജാനൂര്‍ കടപ്പുറത്ത് പഠനം നടത്തിയത്. നിര്‍ദ്ദിഷ്ട ഹാര്‍ബറിന് സമീപമുള്ള ജലത്തിന്റെ ആഴവും പ്രവേഗവും സംബന്ധിച്ചും തുറമുഖം നിലവില്‍ വന്നാലുള്ള സ്ഥലത്തെ സാഹചര്യവും സാധ്യതകളും സംഘം പഠനത്തിന് വിധേയമാക്കി. രണ്ട് മാസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് തയ്യാറാവുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് പഠന റിപ്പോര്‍ട്ടും പ്രൊജക്ട് റിപ്പോര്‍ട്ടും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അന്തിമ അനുമതിക്ക് ശേഷം പദ്ധതി നടപ്പില്‍വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
സി.ഡബ്ല്യൂ.പി.ആര്‍.എസ് ഉദ്യോഗസ്ഥരായ ബൂറ കൃഷ്ണ, ഡോ. എ.കെ സിംഗ്, തുറമുഖം അസി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ലത, സുനീഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ നിധിന്‍, രാജേഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, പഞ്ചായത്ത് അംഗം കെ മീന തുടങ്ങിയവര്‍ പങ്കെടുത്തു.