കൊല്ലം: മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനിയായിരുന്ന കൊല്ലം സ്വദേശിനി ഫാത്വിമ ലത്വീഫിന്റെ മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്നു സി.ബി.ഐ റിപോര്‍ട്ട്. ഫാത്വിമ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഎ വ്യക്തമാക്കുന്നത്.
പഠനത്തിനായി വീട്ടില്‍ നിന്ന് അകന്നുനിന്നതിന്റെ വിഷമത്തിലാണ് ഫാത്വിമ ആത്മഹത്യ ചെയ്തതെന്നാണ് സി.ബി.ഐയുടെ നിഗമനം. അധ്യാപകന്റെ മാനസിക പീഡനവും മതപരമായ വിവേചനവും ഫാത്വിമയെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. ഈ ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു സി.ബി.ഐ. വ്യക്തമാക്കുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി ഫാത്വിമ ലത്വീഫിന്റെ കുടുംബം മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
സി.ബി.ഐയുടെ അന്വേഷണത്തില്‍ സത്യം പുറത്തുവന്നില്ലെന്നും പല പ്രധാന തെളിവുകളും മൊഴികളും സി.ബി.ഐ. പരിഗണിച്ചില്ലെന്നും ഫാത്വിമയുടെ പിതാവ് അബ്ദുല്‍ ലത്വീഫ് പറഞ്ഞു. ഫാത്വിമയുടെ മൊബൈലിലെ ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് ഉത്തരവാദികളായ അധ്യാപകരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. ഇത് സി.ബി.ഐ. മുഖവിലയ്ക്കെടുത്തില്ല.
2019 നവംബര്‍ ഒന്‍പതിനാണ് കൊല്ലം കിളികൊല്ലൂര്‍ കിലോന്‍തറയില്‍ അബ്ദുല്‍ ലത്വീഫ്-സാജിദ ദമ്പതികളുടെ മകള്‍ ഫാത്വിമയെ ചെന്നൈയില്‍ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ക്ക് നീതി കിട്ടുന്നതുവരെ നിയമ പോരാട്ടം തുടരുമെന്ന് പിതാവ് പറഞ്ഞു.