പെരിയ ഇരട്ടക്കൊലക്കേസില്‍ കെ.വി കുഞ്ഞിരാമന്‍ അടക്കം 24 പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു; ഇനിയും പ്രതികളുണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കം 24 പേര്‍ക്കെതിരെ സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി.ജെ സജി എന്ന സജിജോര്‍ജ് (40), തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുങ്കാല്‍ സ്വദേശിയും തെങ്ങുകയറ്റതൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിതട്ടിലെ കെ.എം സുരേഷ് (27), ഓട്ടോഡ്രൈവര്‍ ഏച്ചിലടുക്കത്തെ കെ അനില്‍കുമാര്‍ (35), കല്ല്യോട്ടെ ജി ഗിജിന്‍ (26), ജീപ്പ് ഡ്രൈവര്‍ […]

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കം 24 പേര്‍ക്കെതിരെ സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി.ജെ സജി എന്ന സജിജോര്‍ജ് (40), തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുങ്കാല്‍ സ്വദേശിയും തെങ്ങുകയറ്റതൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിതട്ടിലെ കെ.എം സുരേഷ് (27), ഓട്ടോഡ്രൈവര്‍ ഏച്ചിലടുക്കത്തെ കെ അനില്‍കുമാര്‍ (35), കല്ല്യോട്ടെ ജി ഗിജിന്‍ (26), ജീപ്പ് ഡ്രൈവര്‍ കല്ല്യോട്ടെ പ്ലാക്കാതൊട്ടിയില്‍ ആര്‍ ശ്രീരാഗ് എന്ന കുട്ടു (22), കുണ്ടംകുഴി മലാങ്കോട്ടെ എ അശ്വിന്‍ എന്ന അപ്പു (18), പാക്കം വെളുത്തോളിയിലെ എ സുബീഷ് (29), തന്നിത്തോട്ടെ എം മുരളി (36), ടി രഞ്ജിത് (46), പ്രദീപ് എന്ന കുട്ടന്‍ (42), ആലക്കോട്ടെ ബി മണികണ്ഠന്‍, സി.പി.എം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിയംഗം എന്‍ ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍, സുരേന്ദ്രന്‍ എന്ന വിഷ്ണുസുര (47), ശാസ്ത മധു (40), റെജിവര്‍ഗീസ് (43), എ ഹരിപ്രസാദ് (31), ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി രാജേഷ് (38), ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍(59), സി.പി.എം ഉദുമ ഏകരിയാകമ്മിറ്റിയംഗം രാഘവന്‍ വെളുത്തോളി (51), സി.പി.എം ഉദുമ ഏരിയാകമ്മിറ്റിയംഗം കെ.വി ഭാസ്‌കരന്‍ (55), ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവര്‍ക്കെതിരെയാണ് വെള്ളിയാഴ്ച സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞതും സി.ബി.ഐ കൂടുതലായി കണ്ടെത്തിയ കാര്യങ്ങളും ഉള്‍പ്പെടുത്തി ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സിബിഐ പെരിയ ഇരട്ടക്കൊലക്കേസ് ഏറ്റെടുത്തത്. കേസ് ഏറ്റെടുത്ത് ഒരു വര്‍ഷമാകുമ്പോഴാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍ സി.ബി.ഐയും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. 4 പ്രതികള്‍ക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ഈ കേസില്‍ 325 സാക്ഷികളാണുള്ളത്. 200ലധികം രേഖകളും കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. കേസിലെ ഒന്നാംപ്രതിയായ എ പീതാംബരന്റെ നേതൃത്വത്തില്‍ പത്തുപേര്‍ ചേര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്ല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയതെന്നും കൊലയ്ക്ക് മുമ്പ് രണ്ട് കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഡാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കി. കല്യോട്ടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും പെരിയയിലെ സി.ഐ.ടി.യു പ്രവര്‍ത്തകരുടെ വിശ്രമകേന്ദ്രത്തിലും ഗൂഡാലോചന നടന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കൊലപാതകത്തിന് ശേഷം പ്രതികളെ ഒളിപ്പിക്കാനും മറ്റു സഹായങ്ങള്‍ നല്‍കാനും പാര്‍ട്ടി ജില്ലാ നേതാക്കള്‍ എത്തിയെന്നും കുറ്റപത്രത്തിലുണ്ട്. പീതാംബരനും ശരത്ലാലും തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ രാഷ്ട്രീയവൈരാഗ്യമാണ് പെരിയ ഇരട്ടക്കൊലപാതകത്തിന് കാരണമെന്ന് സി.ബി.ഐയുടെ കുറ്റപത്രത്തില്‍ എടുത്തുപറയുന്നു. ശരത്ലാലിന്റെ ജനസ്വാധീനവും കൊലയ്ക്ക് കാരണമായതായും കുറ്റപത്രത്തിലുണ്ട്.
ക്രൈം ബാഞ്ച് ആദ്യം അന്വേഷിച്ച കേസില്‍ 14 പേരായിരുന്നു പ്രതികള്‍. ഇവര്‍ക്കു പുറമേയാണ് 10 പ്രതികളെ കൂടി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ പ്രതികളുടെ എണ്ണം 24 ആവുകയായിരുന്നു. കേസില്‍ ആദ്യം ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോര്‍ജിനെ ബലമായി മോചിപ്പിച്ചു കൊണ്ടു പോയതിനാണ് കുഞ്ഞിരാമനെ സി.ബി.ഐ പ്രതി ചേര്‍ത്തത്. ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നേരത്തെ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. സി.പി.എം നേതാക്കളെ രക്ഷപ്പെടുത്തുന്ന വിധത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടന്നതെന്ന ആരോപണം ഉയര്‍ന്നതിന്റെ കാരണങ്ങളിലൊന്ന് ഇതായിരുന്നു. അന്വേഷണത്തിനായി ഹൈക്കോടതി അനുവദിച്ച സമയ പരിധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2019 ഫെബ്രുവരി 17ന് രാത്രിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വധിച്ചത്.
സി.ബി.ഐ അന്വേഷണവും പ്രതികളെ കൂട്ടിച്ചേര്‍ത്തതുമെല്ലാം സ്വാഗതാര്‍ഹമാണെങ്കിലും പൂര്‍ണസംതൃപ്തരല്ലെന്നും നിയമപോരാട്ടം തുടരുമെന്നും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബം പ്രതികരിച്ചു. കൊലപാതകത്തില്‍ പങ്കുള്ള ചിലര്‍ കൂടി പുറത്ത് വിലസുന്നുണ്ടെന്നും സി.ബി.ഐ അന്വേഷണം ശരിയായ രീതിയില്‍ നടന്നെങ്കിലും ചില ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയില്ലെന്നും ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ പുനരന്വേഷണ ഹരജി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. സി.ബി.ഐ പ്രതിചേര്‍ത്ത നേതാക്കളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

Related Articles
Next Story
Share it