പടുപ്പ്: ആനക്കല്ലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡ് നിര്‍മ്മാണത്തില്‍ അപാകമെന്ന പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.
ഒറ്റമാവുങ്കാല്‍ ഭാഗത്ത് നിന്ന് ബന്തടുക്കയിലേക്ക് പോകുകയായിരുന്ന കാറാണ് ആനക്കല്ലില്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത കവുങ്ങിന് തോട്ടത്തിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ കൈവരി വെക്കാത്തത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. ആനക്കല്ലിലും ഇത്തരത്തില്‍ കൈവരി സ്ഥാപിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.